പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുകയും മൊത്തത്തിലുള്ള വിതരണ സാഹചര്യം സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് വിഹിത വർദ്ധനവ്
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വ്യവസായ കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയ പ്രധാന മേഖലകൾക്കായി 20 ശതമാനത്തിന്റെ പുതിയ വർദ്ധനവ് ഉൾപ്പെടെയാണിത്. നേരത്തെ മുപ്പത് ശതമാനം വർധനവ് അനുവദിച്ചിരുന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും.
ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുകയും മൊത്തത്തിലുള്ള വിതരണ സാഹചര്യം സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് വിഹിത വർദ്ധനവ്.പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ ബാധിച്ചിരുന്നു. ഈ ഘട്ടത്തിൽ ഗാർഹിക പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനായി വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിഹിതം കുറച്ചിരുന്നു.
വാണിജ്യ എൽപിജി വിഹിതത്തിലെ പുതിയ വർദ്ധനവ് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അധിക വിതരണം ലഭിക്കുന്നതിന് വാണിജ്യ സ്ഥാപനങ്ങൾ എണ്ണക്കമ്പനികളിൽ രജിസ്റ്റർ ചെയ്യുകയും പിഎൻജി കണക്ഷനുകൾക്കായി അപേക്ഷിക്കുകയും വേണം. ദീർഘകാലാടിസ്ഥാനത്തിൽ എൽപിജിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾക്കുള്ള അനുമതികൾ വേഗത്തിലാക്കാൻ സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
രാജ്യത്തുടനീളം എൽപിജി വിതരണം സ്ഥിരതയുള്ളതാണെന്നും ഒരിടത്തും ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിഭ്രാന്തി മൂലമുള്ള ബുക്കിംഗുകൾ കുറഞ്ഞിട്ടുണ്ട്. ആളുകൾ അനാവശ്യമായി തിരക്ക് കൂട്ടരുതെന്നും ഹോം ഡെലിവറി സേവനങ്ങളെ ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്. പെട്രോൾ, ഡീസൽ വിതരണവും മതിയായ അളവിലുണ്ട്. റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്ക് ലഭ്യമാണ്.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി അധികൃതർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി 3,500-ലധികം റെയിഡുകൾ നടത്തുകയും ഏകദേശം 1,400 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. വിതരണം നിരീക്ഷിക്കുന്നതിനായി സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകളും മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 21, 2026 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ








