EXPLAINER: എന്തുകൊണ്ടാണ് കശ്മീരി ജമാഅത്ത്-ഇ-ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്?

Last Updated:

1941 ലെ ബ്രിട്ടീഷ് ഇന്ത്യ കാലത്താണ് ജമാഅത്ത്-ഇ-ഇസ്ലാമി രൂപികരിക്കപ്പെടുന്നത്

#ആകാശ് ഹസൻ
നാല്‍പത് സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിഘടനവാദികള്‍ക്കും ജമാഅത്ത്-ഇ-ഇസ്ലാമി കശ്മീര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ കടുത്ത നടപടികളാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ഇതുവരെ 150 പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതലും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന ജമാഅത്ത്-ഇ-ഇസ്ലാമി പ്രവര്‍ത്തകര്‍. വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കമായാണ് പൊലീസ് ഈ അറസ്റ്റുകളെ വിശേഷിപ്പിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജമാഅത്ത്-ഇ-ഇസ്ലാമിയുടെ ഉത്ഭവത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും ഇപ്പോള്‍ നടന്ന അറസ്റ്റുകള്‍ മൂലമുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചും ന്യൂസ് 18 വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.
advertisement
എന്താണ് ജമാഅത്ത്-ഇ-ഇസ്ലാമി? ഇത് കാശ്മീരില്‍ എങ്ങനെയാണ് വേരുറപ്പിച്ചത് ?
1941 ലെ ബ്രിട്ടീഷ് ഇന്ത്യ കാലത്താണ് ജമാഅത്ത്-ഇ-ഇസ്ലാമി രൂപികരിക്കപ്പെടുന്നത്. ഇസ്ലാം പണ്ഡിതനും സാമൂഹ്യ-രാഷ്ട്രീയ ചിന്തകനുമായ അബുല്‍ അല മൗദൂദിയാണ് ഇസ്ലാമിക് രാഷ്ട്രീയ സംഘടനയായി ജമാഅത്ത്-ഇ-ഇസ്ലാമിക്ക് രൂപം നല്‍കിയത്. ഈജിപ്റ്റിലെ മുസ്ലീം ബ്രദര്‍ഹുഡിനെപ്പൊലെ (ഇഖ്വാന്‍-അല്‍-മുസ്ലിമീന്‍, 1928 ല്‍ രൂപീകൃതമായത്), ഇസ്ലാമിന്റെ ആധുനിക വിപ്ലവ സങ്കല്‍പ്പമെന്ന ആശയത്തിലൂന്നി പ്രവര്‍ത്തിച്ച സംഘടനയായിരുന്നു ജമാഅത്ത്-ഇ-ഇസ്ലാമി എന്ന ജെഇഎല്‍.
രാഷ്ട്രീയത്തില്‍ ഇസ്ലാം അത്യന്താപേക്ഷിതമാണെന്ന ചിന്താഗതിക്കാരനായിരുന്നു മൗദുദി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പാശ്ചാത്യ സാമ്രജ്യത്വത്തിന്റെ പ്രചോദനങ്ങളാണ് മതേതരത്വവും ദേശീയതയും സോഷ്യലിസവും. ഇസ്ലാമിക സംസ്‌കാരം സംരക്ഷിക്കലും ശരീഅത്ത് (ഇസ്ലാമിക നിയമം) സ്ഥാപിച്ചെടുക്കലും അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
advertisement
1947 ലെ ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലും പാകിസ്ഥാനിലുമായി ജമാഅത്ത്-ഇ-ഇസ്ലാമി പാകിസ്ഥാന്‍, ജമാഅത്ത്-ഇ-ഇസ്ലാമി ഹിന്ദ് എന്നിങ്ങനെ ജെ.ഇ.എല്‍. രണ്ട് സ്വതന്ത്ര സംഘടനകളായി മാറി.
കശ്മീര്‍ പാകിസ്ഥാനുമായി ലയിക്കുന്നതിനെ പിന്തുണക്കുന്ന ജെഇഎല്ലില്‍, 1947 മുതല്‍ 1952 വരെയുള്ള കാലയളവില്‍ വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും മധ്യവര്‍ഗ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആകൃഷ്ടരായി. എന്നാല്‍ 1952 ല്‍ കശ്മീര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ജമാഅത്ത്-ഇ-ഇസ്ലാമി ഹിന്ദില്‍ നിന്ന് കശ്മീരിലെ ഒരു വിഭാഗം വിട്ടുപോയി.തുടര്‍ന്ന് ജമാഅത്തെയുടെ രണ്ട് സുപ്രധാന നേതാക്കളായ മൗലാന അഹ്റാര്‍, ഗുലാം റസൂല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സംഘടനയുടെ ഭരണഘടനയ്ക്ക് രൂപം നല്‍കി.
advertisement
1953 നവംബറോടെ ആ ഭരണഘടന അംഗീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം 1954 ഒക്ടോബറില്‍ ശ്രീനഗര്‍ സ്വദേശിയായ സൗദുദ്ദീന്‍ തര്‍ബാലി ജമാഅത്ത്-ഇ-ഇസ്ലാമിയുടെ അമീര്‍ (പ്രസിഡന്റ്) ആയി തെരഞ്ഞെടുക്കപ്പെട്ടു. 1985 വരെ ആ സ്ഥാനത്തിരുന്ന തര്‍ബലി, പ്രഭാഷണങ്ങളിലൂടെ ജമാഅത്തെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സൗത്ത് കശ്മീരിലെ ഷോപ്പിയാനില്‍ സംഘടനയ്ക്ക് ഒരു അടിത്തറ സൃഷ്ടിക്കുകയും ചെയ്തു. വൈകാതെ സമീപ പ്രദേശങ്ങളിലേക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.
ആര്‍എസ്എസിനെ പോലെ തന്നെ കേഡര്‍ സംവിധാനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ജമാഅത്ത്-ഇ-ഇസ്ലാം കശ്മീരില്‍ ആഴത്തില്‍ വേരുകള്‍ ഉറപ്പിച്ചിട്ടുണ്ട്.
advertisement
ജമാഅതിന് രാഷ്ട്രീയ ചായ്‌വുണ്ടായിരുന്നോ??
തര്‍ബലിയുടെ കാലത്ത് ജമാ അത്തിന്റെ കീഴില്‍ സ്‌കൂളുകളും, സന്നദ്ധ ട്രസ്റ്റുകളും നിര്‍മ്മിച്ച് അവര്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ വികസിപ്പിച്ചു. അങ്ങനെയവര്‍ ഒരു രാഷ്ട്രീയ നിര്‍ണ്ണായക ശക്തിയായി മാറി.
1971ലെ പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നിയമനിര്‍മ്മാണത്തിലൂടെ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും ജമാഅത്ത് പ്രത്യാശിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും വിജയിച്ചില്ല.
മതവും രാഷ്ട്രീയവും വെവ്വേറെയെന്ന തത്വം പൊളിച്ചെഴുതുകയെന്ന ലക്ഷ്യത്തോടെ 1972ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് മത്സരിച്ചു. മത്സരിച്ച 22 സീറ്റുകളില്‍ അഞ്ചു സീറ്റില്‍ അവര്‍ വിജയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ചില അംഗങ്ങളെ അപമാനിച്ചെന്ന പരാതി ഉന്നയിച്ച് ജമാഅത്ത് മുന്നോട്ടു വന്നു.
advertisement
1975ലെ ഇന്ദിര-ഷെയ്ഖ് ഉടമ്പടി പ്രകാരം ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം നല്‍കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇതോടെ ഷെയ്ഖ് വിരുദ്ധ നിലപാടിലൂടെ ജമാഅത്ത് ശ്രദ്ധേയമായി.
'ജമാഅത്ത് ഒഴികെ മറ്റൊരു പ്രധാന സംഘടനയും സ്വയം നിര്‍ണ്ണയാവകാശത്തെപ്പറ്റി സംസാരിച്ചിരുന്നില്ല. ഷെയ്ഖ് അവരെ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു,' കശ്മീരി ഗവേഷണ വിദ്യാര്‍ത്ഥിയായ അയ്മന്‍ മജീദ് പറയുന്നു.
1975ലെ അടിയന്തരാവസ്ഥ കാലത്ത് സ്വന്തം ഭരണഘടനയിലൂന്നി, മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും ഇല്ലാത്ത വിധം, കശ്മീര്‍ കലുഷിതമാകാതെ നിലനിന്നു. ജമാഅത്ത്-ഇ-ഇസ്ലാമി നിരോധിക്കപ്പെട്ടു.
advertisement
ഇന്ദിര-അബ്ദുല്ല ഉടമ്പടിയെ ജമാഅത് ശക്തമായി എതിര്‍ത്തു. കശ്മീര്‍ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ പ്രമേയത്തിനെതിരാണിതെന്ന അഭിപ്രായമായിരുന്നു ജമാഅത്തിന്. ഇതേപ്പറ്റി യോഗീന്ദര്‍ സിഖന്ദിന്റെ 'ദി എമെര്‍ജന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് ദി ജമാഅത്ത്-ഇ-ഇസ്ലാമി ആന്‍ഡ് കശ്മീര്‍ (1940s-1990)' എന്ന പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
ഒട്ടനവധി സംഘടനാ അംഗങ്ങള്‍ ജയിലിലായി, അഞ്ച് എം.എല്‍.എ.മാരും പിടിക്കപ്പെട്ടു. പക്ഷെ ആമിര്‍ സ്വതന്ത്രനായി തുടര്‍ന്നു. 1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ആകെ ഒരു സീറ്റില്‍ മാത്രം വിജയിച്ചു.
1979 ഏപ്രിലില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ സ്ഥാനഭൃഷ്ടനായി, സൈനിക മേധാവി സിയ-ഉള്‍-ഹക്കിന്റെ പിടിയിലകപ്പെട്ട് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു. ഈ സമയം കാശ്മീരില്‍ ജമാഅത്ത്നെതിരെ രോഷം ഉയര്‍ന്നു. സിയ-ഉള്‍-ഹഖ് എന്ന സ്വേച്ഛാധിപതിക്ക് ജമാഅത്ത്-ഇ-ഇസ്ലാമിയുമായി അടുത്ത ബന്ധമുണ്ടെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരന്നു.
കാശ്മീരില്‍ മൂന്നു ദിവസത്തേക്ക് ലഹള പൊട്ടിപ്പുറപ്പെട്ടു. ജമാഅത്തുമായി ബന്ധപ്പെട്ട വ്യക്തികളുടെ 40 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്ത് നശിപ്പിക്കപ്പെട്ടു. 1000ത്തിനുപുറത്ത് വീടുകള്‍ ചാമ്പലായി. ഷെയ്ഖിന്റെ പാര്‍ട്ടിയെ ജമാഅത്ത് പഴിചാരി. 1983ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഒരു സീറ്റ് പോലും വിജയിച്ചില്ല. 1987ല്‍ ജമാഅത്ത്-ഇ-ഇസ്ലാമിയും മറ്റു ചില മത സംഘടനകളും ഒന്നിച്ചുനിന്ന് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുണ്ടായി. ശേഷം മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് (MUF) നിലവില്‍ വന്നു. ഇതില്‍ പ്രമുഖ പാര്‍ട്ടി ജമാഅത്ത് ആയിരുന്നു. സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും അവരുടേതായിരുന്നു.
80% ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ 31.9% വോട്ട് MUF നേടിയെടുത്തു. പക്ഷെ മത്സരിച്ച 43 സീറ്റില്‍ നാല് സീറ്റുകള്‍ മാത്രം വിജയിക്കാനെ ഇവര്‍ക്ക് സാധിച്ചുള്ളൂ. ശേഷം ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് മത്സരിച്ചിരുന്നില്ല.
എന്താണ് ഭീകരപ്രവര്‍ത്തനങ്ങളുമായി ജമാഅത്ത്-ഇ-ഇസ്ലാമിന്റെ ബന്ധം ?
നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ നേതാവ് മഖ്ബുല്‍ ഭട്ട് 1980 ല്‍ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു. മഖ്ബൂലിന്റെ മരണത്തിന് ശേഷം കശ്മീരിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന വിശ്വാസമാണ് ജമാഅത്തിന് ഉണ്ടായിരുന്നത്. ആ സമയവും മഖ്ബൂലിന്റെ പ്രവര്‍ത്തനങ്ങളെ ജമാഅത്ത് അംഗീകരിച്ചിരുന്നില്ല, അദ്ദേഹത്തിന് രക്തസാക്ഷി എന്ന പരിവേഷവും ലഭിച്ചിരുന്നില്ലെന്ന് സിക്കന്ദ് കുറിക്കുന്നു.
ഭീകരവാദത്തിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു ജമാഅത്തിന്, എന്നാല്‍ അവര്‍ അവസാനം ഇവരുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അയ്മാന്‍ മജീദ് പറയുന്നു. ഇതിന് കാരണം അവിടുത്തെ പഴയ ഗാര്‍ഡുകളായിരുന്നു. ഭീകരവാദത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് വ്യക്തമായിരുന്നു.
1987ലെ തെരഞ്ഞെടുപ്പിന് ശേഷം എംയുഎഫ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മുഹമ്മദ് യൂസഫ് ഷാ. ശ്രീനഗറിലെ ജമാഅത്തിന്റെ തലവനും അമിരാ കഡല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഷാ. എന്നാല്‍ ഷാ പിന്നീട് ഹിസ്ബുല്‍ മുജാഹ്ദീന്‍ എന്ന തീവ്രവാദ സംഘടനയുടെ തലവനാകുകയും ഏലിയാസ് സയിദ് സലാഹുദീന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
1990ന്റെ തുടക്കത്തില്‍ നൂറു കണക്കിന് യുവാക്കള്‍ പാകിസ്ഥാനിലേക്ക് ആയുധ പരിശീലനത്തിനായി പുറപ്പെടുകയും ഇവര്‍ പിന്നീട് ഭീകരവാദ സംഘടനകളില്‍ ചേരുന്നതും പതിവായിരുന്നു. ഈ സമയങ്ങളില്‍ സായുധസേനക്ക് പിന്തുണയുമായി ജമാഅത്തും രംഗത്ത് എത്തിയിരുന്നു.
1990ല്‍ ഹിസുബുള്‍ മുജാഹ്ദീന്‍ തലവന്‍ അസന്‍ ദാര്‍ തീവ്രവാദ സംഘടനയെ ജമാഅത്തിന്റെ വാള്‍ എന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ജമാഅത്തിന് പിന്തുണ ലഭിച്ച് തുടങ്ങി. എന്നാല്‍ സായുധ പോരാട്ടത്തിലെ പങ്കാളിത്തത്തിന് വലിയ വിലയാണ് ജമാഅത്ത് നല്‍കേണ്ടി വന്നതെന്ന് യോഗീന്തര്‍ സിക്കന്ത് പറയുന്നു.
സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകള്‍ തീവ്രവാദ വിരുദ്ധ സേനയാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ 1997ല്‍ ജമാഅത്ത് നിലപാട് മാറി. ഹിസ്ബുള്‍ മുജാഹിദിനുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ജമാഅത്ത് വ്യക്തമാക്കി.
അറസ്റ്റ് കൊണ്ട് നേട്ടമുണ്ടാകുമോ ?
സായുധസേനയുമായി ജമാഅത്ത് വ്യക്തമായ അകലം പാലിക്കുമ്പോഴും ജമാഅത്തിന്റെ ഘടന ഉപയോഗിക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്നാണ് കശ്മീരിലെ സുരക്ഷ സേനകള്‍ വിശ്വസിക്കുന്നത്.
ഇവരുടെ ദേശവിരുദ്ധ വികാരങ്ങളാണ് കശ്മീരിലെ പ്രശ്നങ്ങളുടെ മൂലകാരണമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ കെ രാജേന്ദ്ര പറയുന്നു. ഇത്തരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ട് സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെങ്കിലും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ ഗൗരവമായി കണ്ടിരുന്നില്ലെന്നും രാജേന്ദ്ര ന്യൂസ് 18നോട് പറഞ്ഞു. ജമാഅത്ത് നേതാക്കളുടെയും പ്രത്യയശാസ്ത്രത്തിന്റെയും സ്വാധീനം മിക്ക തീവ്രവാദികളിലുമുണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുണ്ട്.
ജമാഅത്ത് നേതാക്കള്‍ തീവ്രവാദികളുടെ സംസ്‌കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യാറുണ്ടെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ന്യൂസ്18 നോട് പറഞ്ഞു. ജമാഅത്തെ നേതാക്കള്‍ പദ്ധതികള്‍ തയ്യാറാക്കുകയും അതിനനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ തീവ്രാദികളോട് അനുകമ്പ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ കശ്മീരി പണ്ഡിതനായ ഷെയ്ഖ് ഷൗക്കത്ത് പറയുന്നത് വലിയതോതിലുള്ള ജമാഅത്തെ പ്രവര്‍ത്തകരുടെ അറസ്റ്റ് വെറുതെയാകുമെന്നാണ്. ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞ കാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ഇത് അവര്‍ക്ക് വലിയതോതിലുള്ള സ്വാധീനത്തിന് വഴിതെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജമാഅത്തെ നേതാക്കളോട് ജനങ്ങള്‍ക്കിയില്‍ വലിയ തോതിലുള്ള അനുകമ്പയ്ക്ക് ഇത് വഴിതെളിയിക്കുമെന്നും ഷൗക്കത്ത് വിശ്വസിക്കുന്നു. 'ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാം. കശ്മീരികള്‍ക്കിടയില്‍ രാഷ്ട്രീയ നേതൃത്വത്തോട് അവിശ്വാസം വര്‍ധിക്കാനും ജമാഅത്തെ നേതാക്കളോട് അനുകമ്പ സൃഷ്ടിക്കാനും ഇത് കാരണവുമാകും.'
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
EXPLAINER: എന്തുകൊണ്ടാണ് കശ്മീരി ജമാഅത്ത്-ഇ-ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്?
Next Article
advertisement
'ഞങ്ങൾ അറിയുന്ന ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല' ബിനോയ് വിശ്വം
'ഞങ്ങൾ അറിയുന്ന ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല' ബിനോയ് വിശ്വം
  • ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശങ്കരദാസിനെ പിന്തുണച്ച് ബിനോയ് വിശ്വം പ്രതികരിച്ചു

  • അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും ശങ്കരദാസ് ഉത്തമ കമ്മ്യൂണിസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു

  • അന്വേഷണം പൂർത്തിയായ ശേഷം ഗൗരവത്തോടെ കാര്യങ്ങൾ വിലയിരുത്തുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി

View All
advertisement