HOME » NEWS » India » WHY POLICE ARRESTED 22 YEAR OLD CLIMATE ACTIVIST DISHA RAVI GH

ആരാണ് ദിശാ രവി? രാജ്യദ്രോഹ കുറ്റത്തിന് ഈ 22കാരിയെ അറസ്റ്റ് ചെയ്തത് എന്തിന്?

ഞായറാഴ്ച ബെംഗളൂരുവിൽ വച്ചാണ് ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: February 17, 2021, 1:19 PM IST
ആരാണ് ദിശാ രവി? രാജ്യദ്രോഹ കുറ്റത്തിന് ഈ 22കാരിയെ അറസ്റ്റ് ചെയ്തത് എന്തിന്?
ദിശ രവി
  • Share this:
ന്യൂഡൽഹി: സ്വീഡിഷ് കാലാവസ്ഥാ വ്യതിയാന പ്രചാരകയായ ഗ്രേറ്റ തൻബെർഗുമായി ബന്ധമുള്ള 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിശയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു മാസമായി തുടരുന്ന കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ടൂൾ കിറ്റ് സൃഷ്ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്തതിനാണ് ദിശയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ന്യൂഡൽഹിയിലേക്ക് മാറ്റുകയും ചെയ്ത ദിശാ രവി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ദിശയുടെ അറസ്റ്റോടെ വിമതരെ നിശബ്ദരാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും വിമർശനം രൂക്ഷമായിട്ടുണ്ട്.

Also Read- 'ടൂൾ കിറ്റ്' അബദ്ധത്തിൽ ട്വീറ്റ് ചെയ്തത് വഴിത്തിരിവായി; വാട്സാപ്പ് ചാറ്റ് പുറത്ത്

ദിശ രവി ചെയ്തത് എന്ത്?

ഒരു ഓൺലൈൻ രേഖ തയ്യാറാക്കി അത് ഷെയർ ചെയ്തതാണ് ദിശയ്ക്കെതിരെ ഉയരുന്ന ആരോപണം. കഴിഞ്ഞ മാസം തലസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടാൻ രൂപീകരിച്ച കർമപദ്ധതികൾ ഈ രേഖകളിൽ അടങ്ങിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം അവസാനം മുതൽ പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നത്. ജനുവരി 26 ന് പ്രതിഷേധക്കാരിൽ ഒരു കൂട്ടം കർഷകർ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചു. പൊലീസുമായി ഏറ്റുമുട്ടുകയും ചെങ്കോട്ട ആക്രമിക്കുകയും ചെയ്തു. തൻ‌ബെർഗുമായി ദിശ രവി ഷെയർ ചെയ്ത "ടൂൾകിറ്റ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓൺലൈൻ പ്രമാണത്തിൽ ഇത്തരം നടപടികൾക്കായുള്ള പദ്ധതികൾ ഉള്ളതായി പോലീസ് ആരോപിക്കുന്നു. എന്നാൽ ദിശ രവിയുടെ അഭിഭാഷകൻ ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ആ രേഖകളുടെ ലിങ്ക് ട്വീറ്റ് ചെയ്യുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്ത തൻ‌ബെർഗ് തിങ്കളാഴ്ച രവിയുടെ അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി.

എന്താണ് ടൂൾകിറ്റ്?

തലസ്ഥാനനഗരിയിൽ പ്രവേശിക്കുന്ന പ്രതിഷേധക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ ജനുവരിയിൽ നടത്താനിരുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെയും മറ്റ് നടപടിയുടെയും വിശദാംശങ്ങൾ "ടൂൾകിറ്റ്" എന്ന രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി പൊലീസ് തിങ്കളാഴ്ച നൽകിയ വിശദീകരണത്തിൽ പറഞ്ഞു. സർക്കാരിനെതിരെ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ടൂൾകിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പ്രേം നാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവിധ ട്വീറ്റുകളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 4ന് ആ രേഖ തയ്യാറാക്കിയവർക്കെതിരെ കേസ് ഫയൽ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. രാജ്യദ്രോഹം, അക്രമം ഉണ്ടാക്കാനായി പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുക, ആളുകൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കർഷകരുടെ പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിലേയ്ക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിഷേധത്തിൽ എങ്ങനെ പങ്കെടുക്കാമെന്നും സംഘടിപ്പിക്കാമെന്നും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ് ഈ രേഖയിലുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മറ്റ് പങ്കാളികൾ

രേഖയുടെ ഒന്നിലധികം സ്ക്രീൻഷോട്ടുകൾ അന്വേഷിച്ച് മുംബൈയിലെ അഭിഭാഷക നികിത ജേക്കബിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയതായും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ദിശ രവിയും നികിത ജേക്കബും മറ്റൊരു കൂട്ടാളിയായ ശന്തനുവും ചേർന്നാണ് രേഖ തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര സിഖ് മാതൃരാജ്യത്തിനായുള്ള പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുമായി മൂവരും ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇവർ തയ്യാറാക്കിയ രേഖയിൽ വിഘടനവാദി ബന്ധങ്ങളും ഖാലിസ്ഥാൻ അനുകൂല ഉള്ളടക്കവും അടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മുംബൈ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ നികിത ജേക്കബിന്റെ അഭിഭാഷകൻ തന്റെ കക്ഷി പ്രതിഷേധക്കാരായ കർഷകരുടെ സമാധാനപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവേഷണം നടത്തുകയും പ്രചരിപ്പിക്കുകയും മാത്രമാണ് ചെയ്തതെന്നും ആക്രമണത്തിന് പ്രേരണ നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Published by: Rajesh V
First published: February 17, 2021, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories