'രണ്ട് കുട്ടി' നിയമം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?

Last Updated:

ദമ്പതികള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വ്യക്തമാക്കി

News18
News18
ജനസംഖ്യാ നിയന്ത്രണം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ 'രണ്ട് കുട്ടി നയം' റദ്ദാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രി സഭ വ്യാഴാഴ്ച തീരുമാനിച്ചു. രണ്ട് കുട്ടി നിയമം അനുസരിച്ച് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ലായിരുന്നു.
ഒക്ടോബര്‍ 31, നവംബര്‍ നാല്, നവംബര്‍ എട്ട് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
'രണ്ട് കുട്ടി' നയം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?
1981നും 1991നും ഇടയില്‍ നടന്ന സെന്‍സസുകളില്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് കുട്ടി നയം നടപ്പിലാക്കിയത്.
''ഈ സമയത്ത് ഇന്ത്യ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. നമ്മള്‍ ശരിയായ പാതയിലല്ലെന്ന് ഇന്‍ട്രാ സെന്‍സസ് ഡാറ്റ വെളിപ്പെടുത്തിയിരുന്നു,'' മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിലെ ജനസംഖ്യാശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ശ്രീനിവാസ് ഗോളി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഈ അപ്രതീക്ഷിത ഫലങ്ങള്‍ ദേശീയ വികസന കൗണ്‍സിലിനെ(എന്‍ഡിസി) ഒരു സമിതി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു സമിതിയുടെ അധ്യക്ഷന്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പഞ്ചായത്ത് തലം മുതല്‍ മുകളിലേക്കുള്ള സര്‍ക്കാര്‍ പദവികള്‍ വഹിക്കാന്‍ അനുവദിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തു. എന്‍ഡിസിക്ക് സമര്‍പ്പിച്ച ശുപാര്‍ശ പിന്നീട് വിവിധ സംസ്ഥാനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
ഈ നയം സ്വീകരിച്ച സംസ്ഥാനങ്ങള്‍
1992ല്‍ പഞ്ചായത്ത് തലത്തില്‍ രണ്ട് കുട്ടി നയം സ്വീകരിച്ച ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍ മാറി. 1994ല്‍ അവിഭക്ത ആന്ധ്രാപ്രദേശും ഹരിയാനയും ഈ നയം സ്വീകരിച്ചു.
advertisement
1993ല്‍ ഒഡീഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നയം സ്വീകരിക്കുകയും 1994ല്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലേക്ക് ഇത് വ്യാപിപ്പിക്കുകയും ചെയ്തു. ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവ 2000-ല്‍ ഈ നയം സ്വീകരിച്ചപ്പോള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, അസം എന്നിവ യഥാക്രമം 2003, 2005, 2007, 2017 വര്‍ഷങ്ങളില്‍ ഇത് നടപ്പിലാക്കി. 2019-ല്‍ ഉത്തരാഖണ്ഡില്‍ ഈ നയം പ്രാബല്യത്തില്‍ വന്നപ്പോള്‍, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ (യുടി) 2020 മുതൽ ഈ നയം പിന്തുടർന്നു.
advertisement
ചില സംസ്ഥാനങ്ങള്‍ ഈ നയം റദ്ദാക്കിയത് എന്തുകൊണ്ട്?
ഈ നയം സ്വീകരിച്ച 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചണ്ഡീഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ 2005ല്‍ ഈ നയം പിന്‍വലിച്ചു. 2024 നവംബറില്‍ പഞ്ചായത്ത് രാജ് ഭേദഗതി ബില്‍, 2024 എപി മുനിസിപ്പല്‍ നിയമ ഭേദഗതി ബില്‍ എന്നിവയിലൂടെ ആന്ധ്രാപ്രദേശ് രണ്ട് കുട്ടി നയം പിന്‍വലിച്ചു.
''ജനനസമയത്തെ ലിംഗാനുപാതം മോശമായതാണ് ഈ നയത്തില്‍ നിന്ന് പിന്മാറാനുള്ള പ്രധാനകാരണം. 2003നും 2005നും ഇടയില്‍ ഓരോ 1000 പുരുഷന്മാര്‍ക്കും 880 സ്ത്രീകള്‍ എന്ന നിലയിലേക്ക് ലിംഗാനുപാതം കുറഞ്ഞു,'' ശ്രീനിവാസ് ഗോളി പറഞ്ഞു.
advertisement
കര്‍ശനമായ രണ്ട് കുട്ടി നയവും പ്രസവത്തിന് മുമ്പ് ലിംഗനിര്‍ണയം നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോജനപ്പെടുത്തിയതുമാണ് ഇതിന് കാരണമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നയം പിന്‍വലിക്കാനുള്ള മറ്റൊരു കാരണം ദേശീയ ജനസംഖ്യാ നയത്തിലുള്ള മാറ്റമാണ്.
തെലങ്കാന രണ്ട് കുട്ടി നയം പിന്‍വലിക്കാന്‍ കാരണമെന്ത്?
സംസ്ഥാനത്തെ പ്രായമായവരുടെ ജനസംഖ്യ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതാണ് രണ്ട് കുട്ടി നയത്തിൽ നിന്ന് തെലങ്കാന പിൻവലിയാനുള്ള പ്രധാന കാരണം. ദമ്പതികള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വ്യക്തമാക്കി. ഈ നയം കാലഹരണപ്പെട്ടതും പ്രായോഗികമല്ലാത്തതുമാണെന്ന് മന്ത്രിസഭയ്ക്ക് ബോധ്യപ്പെട്ടതായി തെലങ്കാന റവന്യൂമന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി പറഞ്ഞു. ''ഇനി ഈ മാനദണ്ഡത്തിന്റെ ആവശ്യമില്ല. അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശ് പോലും ഈ നയം പിന്‍വലിച്ചു,'' അദ്ദേഹം പറഞ്ഞു.
advertisement
നയം പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 2018ലെ തെലങ്കാന പഞ്ചായത്ത് രാജ് നിയമം, ജില്ലാ പഞ്ചായത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങള്‍, മണ്ഡല്‍ പരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങള്‍, തെലങ്കാന മുനിസിപ്പാലിറ്റീസ് ആന്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് എന്നിവ ഭേദഗതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന സര്‍ക്കാര്‍. ബില്ലുകള്‍ കൊണ്ടുവരുന്നതിന് മുമ്പ് ഇത് ഉറപ്പാക്കുന്നതിന് ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'രണ്ട് കുട്ടി' നിയമം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കിയത് എന്തുകൊണ്ട്?
Next Article
advertisement
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
  • സാറാ ജോസഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

  • സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ പങ്കാളിയാകുന്നത്.

  • സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഉച്ചയ്ക്ക് പിഎം ശ്രീ വിഷയത്തിൽ ചർച്ച നടത്തും.

View All
advertisement