ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവ് തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 12-ാം വകുപ്പ് അനുസരിച്ച് ഭര്‍ത്താവ് തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കര്‍കര്‍ദൂമ മാട്രിമോണിയല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അഭിഭാഷക ആഷിമ മണ്ഡല്‍ മുഖേനയാണ് യുവതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 2(എ) പ്രകാരം പീഡിപ്പിക്കപ്പെടുന്നവര്‍ സ്ത്രീകളായിരിക്കും എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. അത്തരം വ്യവസ്ഥകള്‍ പുരുഷന്‍മാര്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതാദ്യമായാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഒരു പുരുഷന്‍ കോടതിയെ സമീപിക്കുന്നതെന്നും അതിന്റെ ഭാഗമായി കോടതി നടപടികള്‍ ഉണ്ടാകുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുരുഷന്‍മാര്‍ക്കും ഗാര്‍ഹിക പീഡന പരാതികള്‍ നല്‍കാന്‍ അര്‍ഹതയുണ്ടെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ഈ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഹൈക്കോടതി ഈ ഉത്തരവ് നിരുപാധികം പിന്‍വലിച്ചിരുന്നു.
2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പദ്ധതിയും ലക്ഷ്യവും അനുസരിച്ച്, ഡിവി ആക്ട് പ്രകാരമുള്ള സംരക്ഷണം ആക്രമിക്കപ്പെട്ട വ്യക്തിയ്ക്ക് ലഭ്യമാക്കുക എന്നതാണ്. നിയമത്തിന്റെ യു/എസ്, 2(എ) വകുപ്പുകള്‍ അനുസരിച്ച ഈ അക്രമിക്കപ്പെട്ട വ്യക്തി എന്നതിന് അര്‍ത്ഥം നിയമപ്രകാരം സ്ത്രീ മാത്രമായിരിക്കും എന്ന് പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ കണക്കിലെടുത്ത്, 2005-ലെ ഗാര്‍ഹിക പീഡന സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 12 അനുസരിച്ച് തുടങ്ങിയ നടപടികള്‍ റദ്ദാക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന് യുവതി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം 2005ലെ ഗാര്‍ഹിക പീഡനത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമപ്രകാരം പരാതിക്കാരിയുടെ ജീവിതത്തിലെ ശാരീരികമോ മാനസികമോ ആയ സുരക്ഷയെ അപായപ്പെടുത്തുന്ന തരത്തിലുള്ള എതിര്‍ കക്ഷിയുടെ ഏതൊരു പ്രവൃത്തിയെയും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ കണക്കാക്കും.
ഇതില്‍ ശാരീരികമോ വൈകാരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങള്‍ ഉള്‍പ്പെടും. സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിര്‍കക്ഷി നിര്‍ബന്ധിക്കുകയോ, പീഡിപ്പിക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേല്‍പ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാര്‍ഹികാതിക്രമമായി കണക്കാക്കും.
അടുത്തുള്ള മഹിളാ കോടതിയിലോ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലോ ആണ് ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതി ആദ്യം നല്‍കേണ്ടത്. സിവില്‍, ക്രിമിനല്‍ സ്വഭാവമുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടിക്കൊണ്ടാവണം പരാതി. ഗാര്‍ഹിക പീഡനം അന്വേഷിക്കാനുള്ള പരാതി ലഭിച്ചതിനുശേഷം പ്രൊട്ടക്ഷന്‍ ഓഫീസര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ആണ് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്. പരാതിയില്‍ ആരോപിക്കുന്ന, ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന സംഭവങ്ങള്‍ അന്വേഷിച്ചതിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.