മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവ് ശിക്ഷയിൽ ബോംബെ ഹൈക്കോടതി ഇളവ് നൽകി. ഇറച്ചിക്കറി നന്നായിപാകം ചെയ്യാത്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഭാര്യയെ കൊന്ന കേസിലാണ് ഭര്‍ത്താവിന്റെ ജീവപര്യന്തം തടവ് ശിക്ഷയിൽ കോടതി ഇളവ് വരുത്തിയത്.
ജസ്റ്റിസുമാരായ രോഹിത് ദിയോ, ഊര്‍മിള ജോഷി ഫാല്‍ക്കെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രതിയുടെ ശിക്ഷ ഇളവു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) എന്നതിനുപകരം സെക്ഷന്‍ 304 ഭാഗം-1 (കുറ്റകരമായ നരഹത്യ) പ്രകാരം കേസ് മാറ്റുകയും അതനുസരിച്ച് പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയുമായിരുന്നു.
കേസ് 302-ാം വകുപ്പിന് കീഴിലോ മറ്റ് ഏതെങ്കിലും വകുപ്പിലോ വരുമോ എന്ന് നിരീക്ഷിച്ച ബെഞ്ച്, കൊലപാതകത്തിന്റെ സ്വഭാവം അറിയുന്നതിന് ഉപയോഗിച്ച ആയുധം പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഭാര്യയെ മനപ്പൂര്‍വ്വം മര്‍ദിക്കുകയായിരുന്നില്ലെന്നും വഴക്കിനിടെ വടി പോലുള്ള മാരകായുധം ഉപയോഗിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.
പരിക്ക് മരണത്തിന് കാരണമായേക്കാമെന്ന് പ്രതിക്ക് അറിയാമായിരുന്നു. പരിക്കേല്‍പ്പിക്കാന്‍ പ്രതിക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാന്‍ പ്രതി അനാവശ്യ മുതലെടുപ്പ് നടത്തുകയോ ക്രൂരമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, കേസ് ഐപിസി 300-ാം വകുപ്പിന്റെ 4 ഒഴികെയുള്ള പരിധിയില്‍ ഉള്‍പ്പെടും. അതുകൊണ്ട് കേസ് ഐപിസി സെക്ഷന്‍ 304 ഭാഗം-1-ന്റെ കീഴിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കൊലപാതക കുറ്റത്തിന് ശിക്ഷിച്ചതിനെതിരെ ഇയാള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
Also Read- രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍മുറുക്കി കൊന്നു
2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപാനിയായ ഇയാള്‍ ഇറച്ച ശരിയായി പാകം ചെയ്യാത്തതിന്റെ പേരില്‍ ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു.
കേസില്‍ ദമ്പതികളുടെ മകള്‍ ഉള്‍പ്പെടെ നാല് സാക്ഷികള്‍ കൂറുമാറിയിട്ടും സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ മരിച്ച ഭാര്യക്ക് അപസ്മാരം ഉണ്ടായിരുന്നുവെന്നും സംഭവ ദിവസം പക്ഷാഘാതം ഉണ്ടായെന്നും നിലത്തുവീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് അപ്പീലില്‍ പ്രതി ആരോപിച്ചത്.
എന്നാല്‍, ഭാര്യയെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചതിലൂടെ അവരുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. യുവതി അപസ്മാരത്തിന് ചികിത്സ തേടുന്നതിന്റെ രേഖകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മെഡിക്കല്‍ ഓഫീസറുടെ തെളിവുകളും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ യുവതിക്ക് വടികൊണ്ട് മര്‍ദ്ദനമേറ്റാണ് പരിക്കേറ്റതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.അതേസമയം, വഴക്കിനെ തുടര്‍ന്നാണ് യുവതി കൊല്ലപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാസം ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയിരുന്നു. ചെന്നൈയിലെ അയനാവരം ടാഗോര്‍ നഗറിലെ തേര്‍ഡ് സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് കരുണാകരന്‍ നവംബര്‍ 7ന് വൈകീട്ടാണ് വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടു വന്നിരുന്നു. അത് ഒറ്റയ്ക്ക് കഴിക്കുകയും ചെയ്തു. ഭാര്യ പത്മാവതി ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കായി. വഴക്കനിടെ കരുണാകരന്‍, മണ്ണെണ്ണ ഭാര്യയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.