ഹെയ്സല്‍വുഡ് ഐപിഎല്ലില്‍നിന്ന് പിന്മാറാന്‍ കാരണം പൂജാരയോ? : കാരണം കണ്ടെത്തി ട്രോളന്മാര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ക്രിക്കറ്റില്‍ നിന്ന് ചെറിയ വിശ്രമം എടുക്കാന്‍ തീരുമാനിക്കുകയാണെന്നും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഡോട്ട് കോം ഓസ്‌ട്രേലിയയോട് സംസാരിക്കവെ താരം വ്യക്തമാക്കി
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഇത്തവണ ഐ.പി.എല്‍. കളിക്കില്ലെന്ന വാര്‍ത്തയാണ് വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ നിന്നും പുറത്തുവന്നത്.
കഴിഞ്ഞ 10 മാസക്കാലം തുടര്‍ച്ചയായി ബയോ ബബിളിനുള്ളിലായിരുന്നുവെന്നും അതിനാല്‍ ക്രിക്കറ്റില്‍ നിന്ന് ചെറിയ വിശ്രമം എടുക്കാന്‍ തീരുമാനിക്കുകയാണെന്നും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഡോട്ട് കോം ഓസ്‌ട്രേലിയയോട് സംസാരിക്കവെ താരം വ്യക്തമാക്കി. ഹേസല്‍വുഡ്, ഐ പി എല്ലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് വഴി ലഭിക്കുന്ന രണ്ട് മാസക്കാലം ഓസ്‌ട്രേലിയയില്‍ തന്റെ വീട്ടില്‍ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
ഓസ്‌ട്രേലിയയുടെ വരാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരകളെ മുന്‍നിര്‍ത്തി, തനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍ തന്നെ ഐപിഎലില്‍ നിന്ന് പിന്മാറുകയാണെന്നും ജോഷ് ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
advertisement
2020 സീസണില്‍ രണ്ടു കോടി രൂപയ്ക്കാണ് ഹെയ്സല്‍വുഡിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. യുഎഇയില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്.
എന്നാല്‍ ജോഷ് ഹെയ്സല്‍വുഡ് ഐപിഎല്ലില്‍ നിന്നു പിന്‍വാങ്ങിയത് മറ്റൊരു ചെന്നൈ താരമായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര കാരണമെന്നാണ് ട്വിറ്ററിലെയും സമൂഹമാധ്യമങ്ങളിലെയും കണ്ടെത്തല്‍. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും മീമുകളും സൈബര്‍ ലോകത്ത് നിറയുകയും ചെയ്തു.
ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്നു അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 275 റണ്‍സാണ് പൂജാര നേടിയത്.
advertisement
ടെസ്റ്റില്‍ പ്രതിരോധ ബാറ്റിങ്ങിന്റെ ആശാനായ പൂജാരയെ ചെന്നൈയുടെ പരിശീലനത്തിനിടെ വീണ്ടും നേരിടാനുള്ള 'ക്ഷമ' ഹെയ്‌സല്‍വുഡിന് ഇല്ലാത്തത് കൊണ്ടാണ് താരം ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍.
50 ലക്ഷം രൂപയ്ക്കു ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ പൂജാര 'ടെസ്റ്റ് മോഡില്‍' നിന്ന് 'T20 മോഡിലേക്ക് ' മാറിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഐപിഎല്ലിനുള്ള പരിശീലനത്തിനിടെ നെറ്റ്‌സില്‍ താരം സിക്‌സറുകള്‍ പറത്തുന്നതിന്റെ വീഡിയോയാണ് വൈറലായത്. വീഡിയോ കണ്ട് ഭയപ്പെട്ടാകും ഹെയ്സല്‍വുഡ് പിന്മാറിയത് എന്നായിരുന്നു ഒരു ട്രോള്‍. ചെന്നൈ നിരയിലെ പ്രമുഖ പേസ് ബോളറായ ദീപക് ചഹറിനും സ്പിന്നര്‍ കരണ്‍ ശര്‍മ്മക്കും പൂജാരയുടെ കയ്യില്‍ നിന്ന് നല്ല 'അടി' കിട്ടിയിരുന്നു.
advertisement
കരിയറില്‍ ഇതുവരെ 64 ഫസ്റ്റ് ക്ലാസ് ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര പക്ഷേ, രാജ്യാന്തര T20യില്‍ ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞിട്ടില്ല. 64 T20 മത്സരങ്ങളിലെ 56 ഇന്നിങ്‌സുകളില്‍നിന്നായി 109.35 സ്‌ട്രൈക്ക് റേറ്റില്‍ 1356 റണ്‍സാണു സമ്പാദ്യം. 2019ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനെതിരെ സെഞ്ചുറിയും നേടിയിട്ടുണ്ട്.
English Summary: The latest from the Chennai Super Kings camp be like Josh Hazelwood won't be participating in the upcoming IPL season
Location :
First Published :
April 01, 2021 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
ഹെയ്സല്‍വുഡ് ഐപിഎല്ലില്‍നിന്ന് പിന്മാറാന്‍ കാരണം പൂജാരയോ? : കാരണം കണ്ടെത്തി ട്രോളന്മാര്‍


