ദുബായ്: ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് 202 റൺസിന്‍റെ വിജയലക്ഷ്യം. മലയാളി താരം ദേവ്ദത്ത് പടിക്കൽ, എബി ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച് എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂർ മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ മൂന്നിന് 201 റൺസ് നേടുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ 39ൽ എത്തിയപ്പോഴേക്കും അവർക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. നായകൻ രോഹിത് ശർമ്മ(8), സൂര്യകുമാർ യാദവ്(പൂജ്യം), ക്വിന്‍റൻ ഡി കോക്ക്(14) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ബാംഗ്ലൂരിന് വേണ്ടി ഇസ്റു ഉഡാന, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദേവ്ദത്ത് പടിക്കലും ആരോൺ ഫിഞ്ചു ചേർന്നുള്ള ഓപ്പണിങ് സഖ്യം ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. പാഡിക്കൽ 40 പന്തിൽ 54 റൺസും ഫിഞ്ച് 35 പന്തിൽ 52 റൺസും നേടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിന് 81 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂർ സ്കോർ 200 കടത്തിയത്. വെറും 24 പന്തിൽനിന്ന് 55 റൺസാണ് അദ്ദേഹം നേടിയത്. നാലു വീതം സിക്സറുകളും ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു വില്ലിയുടെ ഇന്നിംഗ്സ്. ശിവം ദുബെ 10 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരങ്ങൾ തോറ്റ ബാംഗ്ലൂരിനും മുംബൈയ്ക്കും ഇന്ന് ഏറെ നിർണായകമാണ്. ജയത്തോടെ ലീഗിൽ തിരിച്ചുവരവ് നടത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ബാറ്റിങ്ങ് കരുത്താണ് മുംബൈയെയും ബാംഗ്ലൂരിനെയും ശ്രദ്ധേയമാക്കുന്നത്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നേർക്കുനേർ വരുന്നു എന്നതുകൊണ്ടുതന്നെ ഏറെ ആരാധകശ്രദ്ധയുള്ള മത്സരമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, IPL 2020 Date and Time, IPL 2020 Fixtures, IPL 2020 Full Schedule, IPL 2020 Match, IPL 2020 Timings, IPL 2020 Venue