നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021| എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടി ആർസിബി; ബാറ്റിംഗ് തിരഞ്ഞെടുത്തു

  IPL 2021| എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടി ആർസിബി; ബാറ്റിംഗ് തിരഞ്ഞെടുത്തു

  ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം കിരീട പോരാട്ടത്തിൽ നിന്നും പുറത്താകും. ജയിക്കുന്ന ടീമിന് ഫൈനലിൽ എത്തുന്നതിന് മുൻപ് രണ്ടാം ക്വാളിഫയർ എന്ന ഒരു പരീക്ഷണത്തിന് കൂടി ഇറങ്ങണം.

  Credit: Twitter

  Credit: Twitter

  • Share this:
   ഐ പി എല്‍ പതിനാലാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെകെആര്‍) ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആര്‍സിബി) ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ ടീമിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ നിർണായക മത്സരത്തിന് ഇറങ്ങുന്നത്. ഷാർജയിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ പോരാട്ടം ഇരു ടീമുകൾക്കും ജീവന്മരണ പോരാട്ടമാണ്. ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം കിരീട പോരാട്ടത്തിൽ നിന്നും പുറത്താകും. ജയിക്കുന്ന ടീമിന് ഫൈനലിൽ എത്തുന്നതിന് മുൻപ് രണ്ടാം ക്വാളിഫയർ എന്ന ഒരു പരീക്ഷണത്തിന് കൂടി ഇറങ്ങണം.

   അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കെകെആര്‍ ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റനായുള്ള അവസാന സീസണാണ് ഇതെന്നതിനാല്‍ എന്ത് വിലകൊടുത്തും കപ്പ് നേടാനുറച്ചാവും ആര്‍സിബി ഇറങ്ങുക.

   കോഹ്ലിയും ദേവ്ദത്ത് പടിക്കലും നല്‍കുന്ന തുടക്കത്തിനൊപ്പം ഗ്ലെന്‍ മാക്സ്വെല്ലിന്റെ മോഹിപ്പിക്കുന്ന റണ്‍വേട്ടയും ബാംഗ്ലൂരിന് പ്രതീക്ഷ. എ ബി ഡിവിലിയേഴ്സും റണ്‍സ് കണ്ടെത്തിയാല്‍ സ്‌കോര്‍ബോര്‍ഡിനെക്കുറിച്ച് ആശങ്കവേണ്ട. ബൗളിംഗ് യൂണിറ്റില്‍ ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും നിര്‍ണായകമാവും.

   യുഎഇയില്‍ എത്തിയശേഷം അടിമുടി മാറിയ കൊല്‍ക്കത്ത ഏഴ് കളിയില്‍ അഞ്ചിലും ജയിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം വെങ്കടേഷ് അയ്യരെ പരീക്ഷിച്ച നീക്കം വിജയിച്ചത് നിര്‍ണായകമായി. മധ്യനിരയില്‍ ആശങ്ക നായകന്‍ ഓയിന്‍ മോര്‍ഗന്റെ ബാറ്റില്‍ മാത്രം. ഏത് മികച്ച ബാറ്റിങ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയാണ് കെകെആറിന്റേത്. പേസ് നിരയില്‍ ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും മിടുക്ക് കാട്ടുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ സ്പിന്‍ കരുത്ത് പകരാനുണ്ട്. ആന്ദ്രേ റസലിന് പകരം ടീമിൽ സ്ഥാനം നേടിയ ഷക്കീബ് അൽ ഹസനും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നത് അവർക്ക് ആശ്വാസം നൽകുന്നു.

   ഇരു ടീമും തമ്മില്‍ 28 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 15 മത്സരങ്ങളില്‍ ജയം നേടി കെകെആര്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ 13 തവണ ആര്‍സിബിയും ജയിച്ചിട്ടുണ്ട്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം ഇരു ടീമും ജയിച്ചു.

   റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : വിരാട് കോഹ്ലി (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടന്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാല്‍.

   കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റൻ), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
   Published by:Naveen
   First published:
   )}