ഐപിഎൽ പതിനാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റ് ആരാകും എന്നറിയാനുള്ള പോരാട്ടത്തിൽ ക്വാളിഫയർ ഒന്നിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ തന്നെ ചെന്നൈ നിലനിർത്തിയപ്പോൾ, ഡൽഹി നിരയിൽ റിപൽ പട്ടേലിന് പകരം ടോം കറൻ ടീമിലിടം നേടി.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. ഇന്നത്തെ മത്സരം തോൽക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ ഒരു അവസരം കൂടി ലഭിക്കും. പ്ലേഓഫിലെ എലിമിനേറ്റർ ജയിച്ചു വരുന്ന ടീമുമായി ക്വാളിഫയർ രണ്ടിൽ ഇന്നത്തെ മത്സരം തോൽക്കുന്ന ടീമിന് മത്സരിക്കേണ്ടി വരും. അതിൽ ജയിക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടും.
ഐപിഎല്ലിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ലീഗ് ഘട്ടം അവസാനിപ്പിച്ചത്. ഡൽഹിക്ക് പുറകിലായി രണ്ടാം സ്ഥാനത്തായാണ് ചെന്നൈ ലീഗ് ഘട്ടം പൂർത്തീകരിച്ചത്. ഋഷഭ് പന്തിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഡൽഹി നടത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. കഴിഞ്ഞ സീസണിൽ അവരുടെ കന്നിക്കിരീടത്തിന് അരികിൽ വരെയെത്തി മുംബൈ ഇന്ത്യൻസിനോട് ഫൈനലിൽ തോൽക്കേണ്ടി വന്നതിന്റെ നിരാശ ഈ സീസണിൽ മായ്ക്കാനാണ് അവർ ലക്ഷ്യമിടുന്നത്. സീസണിൽ കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്ന് കൂടിയായിരുന്നു ഡൽഹി.
അതേസമയം, കഴിഞ്ഞ സീസണിൽ പ്ലേഓഫ് യോഗ്യത നേടാനാകാതെ പുറത്തായതിൽ നിന്നും മികച്ച പ്രകടനമാണ് ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ (11) പ്ലേഓഫിന് യോഗ്യത നേടിയ ചെന്നൈ ആകെ കഴിഞ്ഞ സീസണിൽ മാത്രമാണ് യോഗ്യത നേടാതെ പുറത്തായത്. ഐപിഎല്ലിൽ മൂന്ന് കിരീടങ്ങൾ നേടിയിട്ടുള്ള അവർ നാലാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
നേർക്കുനേർ കണക്കിൽ മുൻതൂക്കം ചെന്നൈക്കാണെങ്കിലും സീസണിലെ രണ്ട് മത്സരങ്ങളിലും ജയം നേടിയത് ഡൽഹി ആയിരുന്നു. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനുമാണ് ഡല്‍ഹി വിജയിച്ചത്. എന്നാൽ ഐപിഎല്ലിൽ പ്ലേഓഫിൽ ചരിത്രം ചെന്നൈക്കൊപ്പമാണ് എന്നത് അവർക്ക് ആത്മവിശ്വാസം നൽകും.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, പൃഥ്വി ഷാ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഷിമ്രോൺ ഹെറ്റ്മയർ, ടോം കറൻ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അവേശ് ഖാൻ, അൻറിച്ച് നോർക്യ
ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, എം.എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ജോഷ് ഹേസൽവുഡ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.