ഐപിഎല് പതിനാലാം സീസണിലെ ക്വാളിഫയര് ഒന്നിലെ പോരാട്ടത്തില് ഡല്ഹി ക്യാപിറ്റല്സിനെ നാല് വിക്കറ്റിന് തകര്ത്ത് ചെന്നൈ സൂപ്പര് കിങ്സ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണില് പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര് ഈ സീസണിലെ ഫൈനലില് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തില് ഡല്ഹി ക്യാപിറ്റല്സ് ഉയര്ത്തിയ 173 റണ്സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില് രണ്ട് പന്തുകള് ബാക്കി നിര്ത്തിയാണ് ചെന്നൈ മറികടന്നത്.
മത്സരത്തില് തകര്പ്പന് ഫിനിഷിങ്ങുമായി ധോണി ആരാധക ഹൃദയം കീഴടക്കിയിരുന്നു. ഏറെ നാളുകള്ക്ക് ശേഷം 'ഫിനിഷര്' ധോണിയെ കണ്ട ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ധോണി ആരാധകര്. മത്സരത്തില് അവസാന ഓവറില് മൂന്ന് പന്തുകര് ബൗണ്ടറി കടത്തിയാണ് ധോണി ചെന്നൈയെ ഫൈനലില് എത്തിച്ചത്. ധോണിയുടെ 'സൂപ്പര് ഫിനിഷിങ്ങില്' ആവേശം കൊണ്ട ആരാധകര് ഇതിനുശേഷം സോഷ്യല് മീഡിയ കൈയടക്കുന്ന കാഴ്ചയാണ് ഇന്നലെ രാത്രി കണ്ടത്.
ധോണിയുടെ ഫിനിഷിങ് ഒരിക്കല് കൂടി ഇരിപ്പിടത്തില് നിന്നും ചാടി എണീക്കാന് പ്രേരിപ്പിച്ചു എന്നാണ് ഇന്ത്യന് നായകന് വിരാട് കോഹ്ലി മത്സരശേഷം ട്വീറ്റ് ചെയ്തത്. 'ആന്ഡ് ദി കിംഗ് ഈസ് ബാക്ക്, ഗെയിമിലെ എക്കാലത്തെയും മികച്ച ഫിനിഷര്. ഇന്ന് രാത്രി ഒരിക്കല് കൂടി എന്റെ ഇരിപ്പിടത്തില് നിന്നും ചാടി എണീക്കാന് എന്നെ പ്രേരിപ്പിച്ചു.'- കോഹ്ലി ട്വിറ്ററില് കുറിച്ചു.
ഈ സീസണില് മികച്ച ഫോമില് ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില് ഇരുത്തിയാണ് ധോണി ഡല്ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. അവസാന ഓവറില് തുടര്ച്ചയായി മൂന്ന് ബൗണ്ടറികള് പായിച്ചാണ് ധോണി മത്സരം ഫിനിഷ് ചെയ്തത്. ഒരു സിക്സറും മൂന്ന് ബൗണ്ടറികളും സഹിതം ആറ് പന്തില് 18 റണ്സാണ് ധോണി നേടിയത്.
ചെന്നൈ ഇന്നിങ്സില് രണ്ടാം വിക്കറ്റില് റുതുരാജ് ഗെയ്ക്വാദ്-റോബിന് ഉത്തപ്പ സഖ്യം നേടിയ 110റണ്സ് ചെന്നൈയുടെ വിജയത്തെ സ്വാധീനിച്ചു. ഗെയ്ക്വാദ് 50 പന്തുകളില് 70 റണ്സും ഉത്തപ്പ 44 പന്തുകളില് 63 റണ്സും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്ഹി പൃഥ്വി ഷായുടെയും (34 പന്തുകളില് 60) റിഷഭ് പന്തിന്റെയും (35 പന്തുകളില് 51) പൃഥ്വി ഷായുടെയും ഷിംറോണ് ഹെറ്റ്മെയറുടെയും (24 പന്തുകളില് 37) മികച്ച പ്രകടനങ്ങളുടെ ബലത്തില് നിശ്ചിത 20 ഓവറില് ഓവറില് അഞ്ചുവിക്കറ്റ് നഷ്ടത്തില് 172 റണ്സ് പടുത്തുയര്ത്തുകയായിരുന്നു.
ചെന്നൈയുടെ ഒന്പതാം ഐപിഎല് ഫൈനല് പ്രവേശനമാണിത്. ചെന്നൈക്കെതിരെ മത്സരം തോറ്റെങ്കിലും ഫൈനലില് കടക്കാന് ഡല്ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് മത്സരത്തിലെ വിജയികളെ ഡല്ഹി നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.