തുടർതോൽവികൾക്ക് ബ്രെക്കിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings). ഐപിഎൽ 2022ലെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യമാർ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (Royal Challengers Banglore) മത്സരത്തിൽ 23 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തം.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തുടക്കത്തിലേ ബാറ്റിംഗ് വെടിക്കെട്ടിന് ശേഷം ഗംഭീരമായി പന്തെറിഞ്ഞാണ് ചെന്നൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമാണ് ചെന്നൈക്ക് വിജയം നേടിക്കൊടുത്തത്.
മത്സരത്തിൽ ജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ നിൽക്കുന്നത്. അഞ്ച് കളികളിൽ നിന്നും നേടിയ ഒരു ജയത്തോടെ കേവലം രണ്ട് പോയിന്റ് മാത്രമാണ് നിലവിലെ ചാമ്പ്യന്മാർക്കുള്ളത്. അതേസമയം, മത്സരത്തിൽ തോറ്റ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.
ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ ബാംഗ്ലൂർ ക്യാപ്റ്റന്‍ ഡൂപ്ലെസിയെ (ഒമ്പത് പന്തില്‍ എട്ട് റണ്‍സ്) ക്രിസ് ജോര്‍ദാന്റെ കൈകളിൽ എത്തിച്ച് മഹീഷ് തീക്ഷണയാണ് ബാംഗ്ലൂരിനെ ഞെട്ടിച്ചത്. ഡുപ്ലെസി മടങ്ങിയതിന് പിന്നാലെ തന്നെ വിരാട് കോഹ്‌ലിയും (1) പുറത്തായതോടെ ബാംഗ്ലൂർ പ്രതിരോധത്തിലായി. മുകേഷ് ചൗധരിയുടെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച കോഹ്‌ലിയെ ദൂബെ ഫൈൻ ലെഗ്ഗിൽ പിടികൂടുകയായിരുന്നു. പവർപ്ലേ ഓവറുകൾ മുതലാക്കി ചെന്നൈ ഉയർത്തിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ബാംഗ്ലൂർ സമ്മർദ്ദത്തിലാവുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെൽ അനുജ് റാവത്തിനെ കൂട്ടുപിടിച്ച് ബാംഗ്ലൂർ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചെങ്കിലും പവർപ്ലെയുടെ അവസാന ഓവറിൽ അനുജ് റാവത്തിനെ മടക്കി മഹീഷ് തീക്ഷണ ചെന്നൈക്ക് ബ്രെക്ത്രൂ നൽകി. മികച്ച തുടക്കം നേടിയ മാക്‌സ്‌വെൽ തുടരെ സിക്സുകൾ നേടി ബാംഗ്ലൂരിന്റെ മേൽ നിന്നും സമ്മർദ്ദം നീക്കാൻ ശ്രമിച്ചെങ്കിലും ബാംഗ്ലൂർ സ്കോർ 50 ൽ നിൽക്കെ താരം രവീന്ദ്ര ജഡേജയുടെ പന്തിൽ ബൗൾഡായി പുറത്തായി. 11 പന്തിൽ രണ്ട് വീതം ഫോറും സിക്‌സും സഹിതം 26 റൺസ് നേടിയാണ് താരം മടങ്ങിയത്.
പിന്നീട് അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഷഹബാസ് അഹമ്മദും സുയാഷ് പ്രഭുദേശായിയും ചേർന്ന് ബാംഗ്ലൂർ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. മികച്ച രീതിയിൽ മുന്നേറിയ സഖ്യം അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 18 പന്തിൽ 34 റൺസ് എടുത്ത പ്രഭുദേശായിയെ തീക്ഷണ ബൗൾഡ് ആക്കുകയായിരുന്നു. കളി ചെന്നൈ അനായാസം ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സർഫ്രാസ് അഹമ്മദും ദിനേഷ് കാർത്തിക്കും ചേർന്ന് പൊരുതാൻ തുടങ്ങിയത്.
സമ്മർദ്ദത്തിനടിപ്പെടാതെ തകർത്തടിച്ച ഇരുവരും ബാംഗ്ലൂർ ആരാധകരിൽ വീണ്ടുംചെറിയ പ്രതീക്ഷ നിറച്ചു. എന്നാൽ ബാംഗ്ലൂർ സ്കോർ 133 ൽ നിൽക്കെ ഷഹബാസ് അഹമ്മദിനെ പുറത്താക്കി മഹീഷ് തീക്ഷണ വീണ്ടും ചെന്നൈക്ക് ബ്രേക്ക്ത്രൂ നൽകി. 27 പന്തിൽ നിന്നും നാല് ഫോറുകൾ സഹിതം 41 റൺസ് നേടിയ ഷഹബാസ് തീക്ഷണയുടെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.
മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നെങ്കിലും കാർത്തിക് അടി തുടരുകയായിരുന്നു. എന്നാൽ കാർത്തിക് നടത്തിയ മിന്നലടികളാണ് ബാംഗ്ലൂരിന്റെ തോൽവിഭാരം കുറച്ചത്. വിജയം നേടാനായി താരം പൊരുതി നോക്കിയെങ്കിലും 171-ൽ നിൽക്കെ ബ്രാവോയുടെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച താരം ബൗണ്ടറിക്കരികിൽ ജഡേജയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു.
14 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 34 റൺസ് നേടിയാണ് താരം പുറത്തായത്. കാർത്തിക് പുറത്തായതോടെ ബാംഗ്ലൂരിന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ് സിറാജ് (14), ഹെയ്സൽവുഡ് (7) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. ബാംഗ്ലൂർ ബൗളർമാരെ അടിച്ചുപറത്തി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച ശിവം ദൂബെയുടെയും (46 പന്തിൽ 95*), റോബിൻ ഉത്തപ്പയുടെയും (50 പന്തിൽ 88) ഇന്നിങ്‌സുകളാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
ബാംഗ്ലൂരിനായി ബൗളിങ്ങിൽ വാനിന്ദു ഹസരംഗ രണ്ടും ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.