ഇന്റർഫേസ് /വാർത്ത /IPL / IPL 2022 | അടിച്ചുകസറി ഡീകോക്കും(140*), രാഹുലും(68*); കൊൽക്കത്തയ്‌ക്കെതിരെ ലക്നൗവിന് കൂറ്റൻ സ്കോർ

IPL 2022 | അടിച്ചുകസറി ഡീകോക്കും(140*), രാഹുലും(68*); കൊൽക്കത്തയ്‌ക്കെതിരെ ലക്നൗവിന് കൂറ്റൻ സ്കോർ

Image: IPL, Twitter

Image: IPL, Twitter

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് ഡീകോക്കും രാഹുലും ചേർന്ന് പടുത്തുയർത്തിയത്.

  • Share this:

ഐപിഎല്ലില്‍ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (LSG vs KKR) മത്സരത്തിൽ കൂറ്റൻ സ്കോർ നേടി ലക്നൗ സൂപ്പർ ജയൻറ്സ്. നിർണായക മത്സരത്തിൽ ഓപ്പണർമാരായ ക്വിന്‍റണ്‍ ഡീകോക്കിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും (70 പന്തിൽ 140*) ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ അർധസെഞ്ചുറി (51 പന്തിൽ 68*) പ്രകടനങ്ങളുടെ ബലത്തിലാണ് ലക്നൗ കൂറ്റൻ സ്കോർ നേടിയത്. ടോസ് നേടി ബാറ്റിംഗിറങ്ങിയ ലക്നൗ ഇരുവരുടെയും മികവിൽ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് നേടിയത്.

20 ഓവറുകളും ബാറ്റ് ചെയ്ത സഖ്യം കൊൽക്കത്ത ബൗളർമാരെ അടിച്ചുവശംകെടുത്തി കൂറ്റൻ സ്കോർ നേടിയതിനോടൊപ്പം ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് ഗംഭീര തുടക്കമാണ് രാഹുലും ഡീകോക്കും ചേർന്ന് നല്‍കിയത്. മൂന്നാം ഓവറില്‍ 12 റണ്‍സില്‍ നില്‍ക്കേ അഭിജിത് തോമർ നൽകിയ ജീവൻ മുതലെടുത്താണ് ഡീകോക്ക് കൊൽക്കത്ത ബൗളർമാരെ ആക്രമിക്കാൻ തുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ താരം ഒരുവശത്ത് അടിച്ചുതകർത്തപ്പോൾ മികച്ച പിന്തുണയുമായി രാഹുലും ഒപ്പം കൂടുകായായിരുന്നു. ഇരുവരും കൊൽക്കത്ത ബൗളർമാരെ കടന്നാക്രമിച്ചതോടെ ലക്നൗ 13-ാ൦ ഓവറിൽ 100 കടന്നു. 15 ഓവറില്‍ 122 റൺസ് എന്ന നിലയിലായിരുന്നു ലക്‌നൗ. ഡെത്ത് ഓവറുകളിൽ ഡീകോക്ക് ആളിക്കത്തിയതോടെ ടീം സ്കോർ 200 കടന്ന് കുതിക്കുകയായിരുന്നു. അവസാന നാലോവറിൽ 88 റൺസാണ് ലക്നൗ അടിച്ചെടുത്തത്. 34 പന്തിൽ അർധസെഞ്ചുറി കുറിച്ച താരം അടുത്ത 50 പൂർത്തിയാക്കാൻ കേവലം 15 പന്തുകളാണെടുത്തത്. റസൽ എറിഞ്ഞ 18-ാ൦ ഓവറിൽ ഫോർ അടിച്ച് സെഞ്ചുറി പൂർത്തിയാക്കിയ താരം 19-ാ൦ ഓവറിൽ സൗത്തിയെ തുടരെ മൂന്ന് സിക്സിനും അവസാന ഓവറിൽ റസലിനെ തുടരെ നാല് ഫോറിനുമാണ് പറത്തിയത്. അവസാന രണ്ടോവറുകളിൽ നിന്നായി നേടിയ 46 റൺസാണ് ലക്നൗവിനെ 200 കടത്തിയത്.

പ്ലേഓഫ് യോഗ്യതയ്ക്ക് അരികിൽ നിൽക്കുന്ന ലക്നൗവിന് മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചാൽ രണ്ടാം സ്ഥാനം നേടാം. അതേസമയം, വമ്പൻ ജയം കൊണ്ട് നെറ്റ് റൺറേറ്റ് മികച്ചതാക്കിയാൽ മാത്രം കണക്കിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിൽക്കുന്ന കൊൽക്കത്തയ്ക്ക് ജയം അനിവാര്യമാണ്.

First published:

Tags: IPL 2022, Kolkata Knight Riders, Lucknow Super Giants