• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | ബൗളിങ്ങിൽ 'ആവേശമായി' ലക്‌നൗ; കൊൽക്കത്തയ്‌ക്കെതിരെ വമ്പൻ ജയം; ഒന്നാമത്

IPL 2022 | ബൗളിങ്ങിൽ 'ആവേശമായി' ലക്‌നൗ; കൊൽക്കത്തയ്‌ക്കെതിരെ വമ്പൻ ജയം; ഒന്നാമത്

പവര്‍പ്ലേ ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ കൊൽക്കത്തയ്ക്ക് പിന്നീട് മത്സരത്തിൽ തിരിച്ചുവരാൻ കഴിഞ്ഞില്ല.

Image: IPL, Twitter

Image: IPL, Twitter

  • Share this:
ഐപിഎല്ലിൽ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (Kolkata Knight Riders)  തകർപ്പൻ ജയവുമായി ലക്‌നൗ സൂപ്പർ ജയൻറ്സ് (Lucknow Super Giants). ബൗളർമാരുടെ മികവിലാണ് ലക്‌നൗ വമ്പൻ ജയം നേടിയത്. ലക്‌നൗ ഉയർത്തിയ 177 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയുടെ മറുപടി 14.3 ഓവറിൽ 101 റൺസിൽ അവസാനിക്കുകയായിരുന്നു.

സ്കോർ: ലക്‌നൗ സൂപ്പർ ജയൻറ്സ് 20 ഓവറിൽ 176-7; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 14.3 ഓവറിൽ 101

ഇതോടെ 75 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയ ലക്‌നൗ പോയിന്റ് ടേബിളിൽ ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുണ്ടായിരുന്ന ഗുജറാത്തിനെ മികച്ച റൺറേറ്റിന്റെ ബലത്തിൽ പിന്തള്ളിയാണ് ലക്‌നൗ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അതേസമയം, സീസണിൽ ഏഴാമത്തെ തോൽവി വഴങ്ങിയ കൊൽക്കത്തയുടെ പ്ലേഓഫ് യോഗ്യതകൾ തുലാസിലായിരിക്കുകയാണ്. 11 മത്സരങ്ങളിൽ നാല് ജയങ്ങളിൽ നിന്നും എട്ട് പോയിന്റുമായി ടേബിളിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത.

മൂന്ന് വിക്കറ്റ് വീതം നേടിയ ആവേശ് ഖാനും ജേസൺ ഹോൾഡറും ചേർന്നാണ് കൊൽക്കത്തയെ തകർത്തത്. തുടരെ വിക്കറ്റുകൾ വീണ് തകർച്ച നേരിട്ട കൊൽക്കത്തയെ രക്ഷിച്ചെടുക്കാൻ ആന്ദ്രേ റസൽ ശ്രമിച്ചെങ്കിലും മികച്ച ഒരു വെടിക്കെട്ടിന് ശേഷം താരം പുറത്തായതോടെ കൊൽക്കത്തയുടെ പോരാട്ടവും അവസാനിച്ചു. 19 പന്തില്‍ 45 റണ്‍സ് നേടിയാണ് റസൽ മടങ്ങിയത്. റസലിന് പുറമെ സുനിൽ നരെയ്ൻ (22), ആരോൺ ഫിഞ്ച് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ കേവലം ആറ് റൺസ് എടുത്താണ് പുറത്തായത്.

ലക്‌നൗ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മൊഹ്‌സിൻ ഖാന്റെ ആദ്യ ഓവറിൽ റൺ ഒന്നുമെടുക്കാതെ ബാബ ഇന്ദ്രജിത്ത് പുറത്ത്. ആദ്യ ഓവർ വിക്കറ്റ് മെയ്ഡനാക്കി മൊഹ്‌സിൻ നൽകിയ തുടക്കം മറ്റ് ബൗളർമാർ ഏറ്റെടുത്തതോടെ കൊൽക്കത്ത തകർച്ചയിലേക്ക് വീഴുകയായിരുന്നു. പവര്‍പ്ലേ ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ അവർക്ക് പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞില്ല. റസൽ നടത്തിയ വെടിക്കെട്ട് പ്രകടനം അല്പനേരത്തേക്ക് കൊൽക്കത്ത ആരാധകരിൽ പ്രതീക്ഷ നിലനിർത്തിയെങ്കിലും ആവേശ് ഖാന്റെ പന്തിൽ താരം ഹോൾഡർക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ ആ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ റസലും റിങ്കു സിങ്ങും ചേർന്ന് കൂട്ടിച്ചേർത്ത 44 റൺസാണ് കൊൽക്കത്തയുടെ ഉയർന്ന കൂട്ടുകെട്ട്. ഈ നേരത്താണ് കൊൽക്കത്ത അൽപമെങ്കിലും പിടിച്ചുനിന്നത്. വാലറ്റത്ത് അനുകുല്‍ റോയ് (0), ടിം സൗത്തി (0), ഹര്‍ഷിത് റാണ (2) എന്നിവർ പെട്ടന്ന് മടങ്ങിയതോടെ കൊൽക്കത്ത കനത്ത തോൽവി വഴങ്ങുകയായിരുന്നു. ശിവം മാവി (1) പുറത്താവാതെ നിന്നു.

മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ 2.3 ഓവറിൽ 31 റൺസ് വഴങ്ങിയാണ് ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ലക്‌നൗവിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. മൊഹ്‌സിൻ ഖാൻ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് എടുത്തത്. ക്വിന്റൺ ഡീ കോക്കിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും (29 പന്തിൽ 50), ദീപക് ഹൂഡ (27 പന്തിൽ 41), മാർക്കസ് സ്റ്റോയ്‌നിസ് (14 പന്തിൽ 28) എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തിലാണ് ലക്‌നൗ 177 റൺസ് എടുത്തത്. കൊൽകത്തയ്ക്ക് വേണ്ടി ബൗളിങ്ങിൽ റസൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Published by:Naveen
First published: