നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | സൂപ്പർ സൺഡേ: ഇന്ന് രാജസ്ഥാൻ - ഹൈദരാബാദ്, പഞ്ചാബ് - ഡൽഹി മൽസരങ്ങൾ

  IPL 2021 | സൂപ്പർ സൺഡേ: ഇന്ന് രാജസ്ഥാൻ - ഹൈദരാബാദ്, പഞ്ചാബ് - ഡൽഹി മൽസരങ്ങൾ

  ഐപിഎൽ സൂപ്പർ സൺഡേയിൽ ഇന്ന് രണ്ട് മത്സരങ്ങൾ

  IPL 2021

  IPL 2021

  • Share this:
   ഐപിഎൽ സൂപ്പർ സൺഡേയിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും.

   ജീവന്മരണ പോരാട്ടത്തിൽ ഹൈദരബാദും രാജസ്ഥാനും നേർക്കുനേർ

   സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളായതിനാല്‍ ഒരു തിരിച്ചുവരവ് ഇരു ടീമിനും അനിവാര്യമാണ്. ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ പാതി മത്സരങ്ങള്‍ പിന്നിടവെ ഇരു ടീമിനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. വൈകിട്ട് 3.30ന് ഡല്‍ഹിയിലാണ് മത്സരം.

   വലിയൊരു മാറ്റവുമായാണ് ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നത്. അവരുടെ ക്യാപ്റ്റനായ ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കി പകരം ന്യൂസിലൻഡ് താര കെയ്ൻ വില്യംസണെ ക്യാപ്റ്റൻസി എൽപ്പിച്ചിരിക്കുകയാണ്.

   ഹൈദരബാദിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴക്കുകയാണ്. ജയം ഉറപ്പിച്ച പല മത്സരങ്ങളിലും അവർ അപ്രതീക്ഷിതമായി തോറ്റു. ബാറ്റിങ്ങിൽ വൻമരങ്ങൾ ഒരുപാടുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം ആർക്കും പുറത്തെടുക്കാൻ കഴിയുന്നില്ല. വർണർക്ക് സ്കോർ കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും താരത്തിൻ്റെ മെല്ലെപ്പോക്ക് നയം ടീമിൻ്റെ സ്കോറിങ് റേറ്റിനെ പിന്നോട്ട് അടിക്കുന്നു. ജോണി ബെയര്‍‌സ്റ്റോയ്ക്ക് സ്ഥിരതയില്ല. കെയ്ന്‍ വില്യംസണിലാണ് ടീമിന്റെ എല്ലാ പ്രതീക്ഷയും.

   സിഎസ്‌കെക്കെതിരായ പ്രകടനത്തോടെ മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരും പ്രതീക്ഷ നല്‍കുന്നു. പ്രതിഭാശാലികളായ ബൗളര്‍മാര്‍ ഏറെയുണ്ടെങ്കിലും ഫോമിലുള്ളത് സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രം. ഭുവനേശ്വർ കുമാറും നടരാജനും പരുക്കേറ്റ് പുറത്തായതോടെ അവരുടെ പേസ് വിഭാഗത്തിൻ്റെ മൂർച്ചയും കുറഞ്ഞിരിക്കുകയാണ്.

   മറുവശത്ത് രാജസ്ഥാനും സമാന പ്രശ്നങ്ങൾ തന്നെയാണ് ഉള്ളത്. ബാറ്റിംഗ് വിഭാഗത്തിന് സ്ഥിരത പുലർത്താൻ കഴിയുന്നില്ല. ബൗളിംഗ് വിഭാഗം അൽപം ഭേദമാണെങ്കിലും അവസാന ഓവറുകളിൽ റൺ നിയന്ത്രിച്ച് നിർത്താൻ അവർക്ക് ആവുന്നില്ല. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാറ്റിംഗ് നിര കാഴ്ചവച്ചത്. നന്നായി തുടങ്ങിയ അവർക്ക് പക്ഷെ ഡെത്ത് ഓവറുകളിൽ റൺ ഉയർത്താൻ കഴിയാഞ്ഞത് അവരുടെ തോൽവിയിൽ കലാശിച്ചു. ബൗളിംഗിൽ ജയദേവ് ഉനദ്കട്, മുസ്തഫിസുര്‍ റഹ്മാന്‍,ചേതന്‍ സക്കറിയ എന്നിവര്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നതാണ് ആശ്വാസം. എന്നാല്‍ മികച്ച സ്പിന്നര്‍മാരില്ലാത്തതും ടീമിനെ ബാധിച്ചിട്ടുണ്ട്.

   ഹൈദരാബാദും രാജസ്ഥാനും തമ്മില്‍ 13 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരത്തില്‍ ജയം ഹൈദരാബാദിനൊപ്പം നിന്നപ്പോള്‍ ആറ് മത്സരത്തില്‍ രാജസ്ഥാനും ജയിച്ചു.   ജയം തുടരാൻ ഡൽഹിയും പഞ്ചാബും

   ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ കഴിഞ്ഞ മത്സരങ്ങളിൽ ജയം നേടി നിൽക്കുന്ന രണ്ട് ടീമുകൾ തമ്മിലാണ് പോരാട്ടം. വിജയം തുടരാൻ ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ പോരാടും. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും നേടിയ ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും വഴങ്ങിയ പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്താണ്. പഞ്ചാബിനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യത സജീവമായി നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്. വൈകിട്ട് 7.30ന് അഹമദാബാദിൽ വച്ചാണ് മത്സരം.

   മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീമാണ് ഡൽഹി. കഴിഞ്ഞ സീസണിൽ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാൻ ഇറങ്ങിയ അവർ ഈ സീസണിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്.

   ഓപ്പണര്‍മാരുടെ മിന്നും ഫോമാണ് ഡല്‍ഹിയുടെ കരുത്ത്. ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കുന്നത്. ക്യാപ്റ്റൻ ഋഷഭ് പന്ത്, ഹേറ്റ്മേയർ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ച് ടീമിന് മുതൽക്കൂട്ടാവുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് വേഗം ഉയര്‍ത്തേണ്ടതായുണ്ട്. ബൗളിംഗ് വിഭാഗത്തിൽ ഇന്ത്യൻ പേസ് ബൗളർ ആവേശ് ഖാൻ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോവിഡ് മുക്തനായി തിരിച്ചുവന്ന അക്സർ പട്ടേലും ടീമിലെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രധാനമായും രണ്ട് താരങ്ങളുടെ മോശം ഫോമാണ് ഡല്‍ഹിയുടെ പ്രശ്‌നം. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസും പേസര്‍ കഗിസോ റബാദയും. ഇരുവരും കൂടി ഫോമിലേക്കെത്തിയാല്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി ഡല്‍ഹി മാറും.

   ആര്‍സിബിക്കെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. ക്രിസ് ഗെയ്ല്‍, കെ. എല്‍. രാഹുല്‍ എന്നിവരെല്ലാം ഫോമിലേക്ക് എത്തിയത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മധ്യനിരയുടെ പ്രശ്‌നം ഇപ്പോഴും തുടരുന്നു. സീസണില്‍ നാല് തവണ ഡെക്കായ നിക്കോളാസ് പുരാനെ പുറത്തിരുത്തി ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയേക്കും. ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍ എന്നിവര്‍ സ്ഥിരത കണ്ടെത്തേണ്ടിയിരിക്കുന്നു. ഹര്‍പ്രീത് ബ്രാര്‍ എന്ന ഓള്‍റൗണ്ടറുടെ വരവ് ടീമിന് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു. രവി ബിഷ്‌നോയുടെ സ്പിന്‍ ബൗളിങ് ഡല്‍ഹിക്ക് തലവേദന ഉയര്‍ത്തുമെന്നുറപ്പ്.

   ഡല്‍ഹിക്കെതിരായ മുന്‍ കണക്കുകളില്‍ പഞ്ചാബിനാണ് മേല്‍ക്കൈ. 27 മത്സരത്തില്‍ 15 തവണ പഞ്ചാബ് ജയിച്ചപ്പോള്‍ 12 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. എന്നാല്‍ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഡൽഹിയെ മറികടക്കുക എന്നത് പഞ്ചാബിന് വലിയ വെല്ലുവിളിയാണ്.

   ജയം മാത്രം ലക്ഷ്യമിട്ട് ടീമുകൾ ഇറങ്ങുമ്പോൾ ആവേശവും അതിര് കടക്കുമെന്ന് ഉറപ്പാണ്.

   Summary: Super Sunday in IPL : Sunrisers Hyderabad faces Rajasthan Royals in a must win encounter while Delhi Capitals and Punjab Kings seek to continue their winning streak
   Published by:user_57
   First published:
   )}