699 ദിവസങ്ങള്‍ക്കു ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേള്ള ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ ഹര്ഭജന് സിങിന്റെ മടങ്ങിവരവിനാണ് ഐപിഎല്ലില്‍ ഇന്നലത്തെ മത്സരം സാക്ഷ്യം വഹിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലൂടെയായിരുന്നു ഭജ്ജിയുടെ തിരിച്ചുവരവ്. കൊല്‍ക്കത്തയുടെ ജഴ്സിയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
ഇന്നലത്തെ മത്സരത്തില്‍ കൊല്‍ക്കത്തക്ക് വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ഭജ്ജിയായിരുന്നു. തന്നെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ പ്രതീക്ഷ തെറ്റിക്കാതെ തന്നെ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായി. ആദ്യ ഓവറില്‍ എട്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. ആ ഓവറിലെ ഒരു പന്തില്‍ ഡേവിഡ് വാര്‍ണര്‍ നല്കിയ ക്യാച്ച് പാറ്റ് കമ്മിന്‍സ് പാഴാക്കിയിരുന്നില്ലയെങ്കില്‍ ഒരു വിക്കറ്റ് കൂടി അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. ഈ ഓവറിനു ശേഷം രണ്ടാമത് മോര്ഗന് ഭജ്ജിയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്തുകൊണ്ടാണ് ഹര്‍ഭജനെക്കൊണ്ട് വീണ്ടും ബൗള്‍ ചെയ്യിക്കാതിരുന്നതെന്നുള്ളതിനുള്ള ഉത്തരം മോര്ഗന് കളിക്ക് ശേഷം വ്യക്തമാക്കി.
ഭജ്ജി വളരെ മികച്ച രീതിയിലാണ് ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്തത്. തന്റെ അനുഭവസമ്പത്ത് കൊണ്ട് ടീമിലെ യുവതാരങ്ങള്‍ക്ക് വഴികാണിക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം മത്സരത്തില്‍ പിന്നീട് ബൗള്‍ ചെയ്യാതിരുന്നതെന്നു മോര്ഗന് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായിരുന്ന ഹര്ഭജന് വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. സീസണിനു ശേഷം 41കാരനായ താരത്തെ സിഎസ്കെ നിലനിര്‍ത്തിയതുമില്ല. ഈ പ്രായത്തില്‍ അദ്ദേഹത്തിന് വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഭജ്ജിയെ താരത്തിന്റെ അടിസ്ഥാന വിലക്ക് തന്നെ സ്വന്തമാക്കി ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു.
'ടൂര്‍ണമെന്റില്‍ ടീമിന് ഇതിനേക്കാള്‍ മികച്ച തുടക്കം ലഭിക്കാനില്ലെന്നും മോര്ഗന് വ്യക്തമാക്കി. ഞങ്ങള്‍ സന്തോഷത്തിലാണ്. സണ്‍റൈസേഴ്സിനെതിരെ നേടിയ വിജയം അവിസ്മരണീയമായിരുന്നു. തന്റെ ടീമിലെ എല്ലാവരും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചു. പ്രത്യേകിച്ചും മുന്‍നിരയില്‍ നിതീഷും ത്രിപാഠിയും മികച്ചുനിന്നു. ബൗളിങ് നിരയുടെയും പ്രകടനം ഉജ്ജ്വലമായിരുന്നു.' ടൂര്‍ണമെന്റില്‍ ഇതിനേക്കാള്‍ നല്ലൊരു തുടക്കം ലഭിക്കാനില്ലെന്നും മോര്ഗന് വിശദമാക്കി.
സണ്‍റൈസഴ്സ് ഹൈദരാബാദിനെ തോല്‍പ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഈ വിജയം ഏറെ സന്തോഷം നല്കുന്നു. വലിയ സ്കോര്‍. നേടാനായതില്‍ സന്തോഷം തോന്നുന്നു. മോശമല്ലാതെ ബൗള്‍ ചെയ്താല്‍ ഉറപ്പായും വിജയിക്കാന സാധിക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റിന് 187 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് ഇന്നിംഗ്സ് അഞ്ചിന് 177ല്‍ അവസാനിക്കുകയായിരുന്നു.
ടൂര്‍ണമെന്റിനു മുമ്പുള്ള കൊല്‍ക്കത്തയുടെ തയ്യാറെടുപ്പ് മികച്ചതായിരുന്നുവെന്നു മോര്ഗന് പറഞ്ഞു. കളത്തിനു പുറത്തുള്ള ഒരുപാട് ചിന്തകളും ചര്‍ച്ചകളുമെല്ലാമാണ് കളിക്കളത്തിലെ തീരമാനങ്ങളായി നിങ്ങള്‍ കാണുന്നത്. വളരെ മികച്ചൊരു ഹെഡ് കോച്ചിനെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയുമാണ് ടീമിന് ലഭിച്ചിരിക്കുന്നത്.
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ മത്സരഫലങ്ങളാണ് പ്രധാനമെന്നും അതിനു തന്നെയാണ് ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കുന്നതെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.