തുടക്കത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും സംഘവും. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയം.
മോര്‍ഗന്റെയും മധ്യ നിര താരം രാഹുല്‍ ത്രിപാഠിയുടെയും മികച്ച പ്രകടനങ്ങളാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ ജയത്തോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരു ടീമുകള്‍ക്കും നാല് പോയിന്റാണ് ഉള്ളതെങ്കിലും മികച്ച റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പഞ്ചാബിനെ മറികടക്കുകയായിരുന്നു.
ഇതോടെ ലീഗില്‍ നാല് പോയിന്റുള്ള ടീമുകളുടെ എണ്ണവും നാലായി. നാലാം സ്ഥാനത്ത് നില്ക്കുന്ന മുംബൈ ഇന്ത്യന്‍സ്, അഞ്ചാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ആറാമതുള്ള പഞ്ചാബ് കിംഗ്സ്, ഏഴാമതുള്ള രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്ക് നാല് പോയിന്റാണുള്ളത്. റണ്‍ റേറ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ സ്ഥാനങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.
പഞ്ചാബിന്റെ സ്കോര്‍ പിന്തുടര്ന്ന് ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കവും തകര്‍ച്ചയോടെ ആയിരുന്നു. 17 റണ്‍സ് എടുക്കുന്നതിനിടെ അവരുടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് പഞ്ചാബ് ബൗളര്‍മാര്‍ വീഴ്ത്തിയത്. നിതീഷ് റാണ(0) ശുഭ്മാന്‍ ഗില്‍(9) സുനില്‍ നരെയ്ന് (0) എന്നിവരാണ് പുറത്തായത്. ഇതില്‍ നിതീഷ് റാണ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ ത്രിപാഠിയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ശ്രദ്ധയോടെ കൊല്‍ക്കത്ത ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിലേക്ക് വരാന്‍ മടിച്ചു നിന്ന പന്ത് മഞ്ഞ് വീഴ്ച തുടങ്ങിയതോടെ എളുപ്പത്തില്‍ ബാറ്റിലേക്ക് വരാന്‍ തുടങ്ങി. ഇത് കൊല്‍ക്കത്ത ടീമിന് കാര്യങ്ങള്‍ കുറച്ച് എളുപ്പമാക്കി. താളം കണ്ടെത്തിയതോടെ ഇരുവരും റണ്‍സ് നേടുന്നതിന്റെ വേഗം കൂട്ടി. പെട്ടെന്ന് റണ്‍സ് കണ്ടെത്തിയ ഇരുവരും മൂന്നാം വിക്കറ്റില്‍ 48 പന്തില്‍ നിന്ന് 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
11ആം ഓവറില്‍ ലോങ് ഓണിലേക്ക് രാഹുല്‍ ത്രിപാഠി ഉയര്‍ത്തിയടിച്ച പന്ത് ഷാരൂഖ് ഖാന്റെ കൈകളിലേക്ക് ആണ് എത്തിയത്. ദീപക് ഹൂഡക്കായിരുന്നു വിക്കറ്റ്. 32 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. പിന്നീട് ക്രീസില്‍ വന്ന ആന്ദ്രേ റസല്‍ 10 റണ്‍സ് നേടി പുറത്തായി. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന്‍ മോര്ഗന് കൂട്ടായി നിന്ന് കൂടുതല്‍ വിക്കറ്റ് പോകാതെ കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിച്ചു. മോര്ഗന് പിന്തുണയുമായി നിന്ന താരം തന്നെയാണ് കൊല്‍ക്കത്തയുടെ വിജയ റണ്‍ നേടിയതും. അര്‍ഷദീപ് എറിഞ്ഞ 17ആം ഓവറിലെ നാലാം പന്തില്‍ ഫോര്‍ പായിച്ചാണ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. കാര്‍ത്തിക് ആറ് പന്തില്‍ നിന്ന് 12 റണ്‍സും ക്യാപ്റ്റന്‍ മോര്ഗന് 40 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച മോര്ഗന് ഈ ഇന്നിംഗ്സ് ആശ്വാസം പകരുന്നതായി. ടീമിന്റെ അവശ്യത്തിനൊത്ത് ഉയര്‍ന്ന പ്രകടനമാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ കാഴ്ചവച്ചത്.
പഞ്ചാബിനായി ബൗളിംഗില്‍ ഹെന്റിക്വെസ്, ഷമി, അര്‍ഷദീപ് സിംഗ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൊല്‍ക്കത്തയുടെ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. പിച്ചില്‍ നിന്നും ബാറ്റ്സ്മാന്മാര്ക്ക് വലിയ പിന്തുണ ലഭിച്ചതുമില്ല. ക്രിസ് ജോര്‍ദാന്‍ അവസാന ഓവറുകളില്‍ നടത്തിയ പ്രകടനത്തില്‍ ആണ് പഞ്ചാബ് സ്കോര്‍ 100 കടന്നത്. താരം 18 പന്തില്‍ 30 റണ്‍സ് നേടി അവസാന ഓവറിലാണ് താരം പുറത്തായത്. 31 റണ്‍സ് നേടിയ മയാങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. കൊല്‍ക്കത്ത നിരയില്‍ ബൗളിംഗില്‍ പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നരെയ്ന്, കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.