IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു; ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റെത്തുന്ന കെ കെ ആറിനെ സംബന്ധിച്ച് പഞ്ചാബിനെതിരായ മത്സരം ജയിച്ച് വിജയവഴിയിലേക്ക് എത്തിച്ചേരേണ്ടത് തികച്ചും അനിവാര്യമാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങള്‍ക്ക് ഇറങ്ങിയ അതേ ടീമുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റെത്തുന്ന കെ കെ ആറിനെ സംബന്ധിച്ച് പഞ്ചാബിനെതിരായ മത്സരം ജയിച്ച് വിജയവഴിയിലേക്ക് എത്തിച്ചേരേണ്ടത് തികച്ചും അനിവാര്യമാണ്. കൊല്‍ക്കത്ത ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പോയിന്റ് ടേബിളില്‍ നിലവില്‍ അവസാന സ്ഥാനത്താണ് ടീമിപ്പോള്‍. വമ്പനടിക്കാരുടെ വലിയ നിര തന്നെ ടീമിലുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ ആര്‍ക്കും കഴിയുന്നില്ല. റസല്‍, കാര്‍ത്തിക്ക്, കമ്മിന്‍സ് തുടങ്ങിയ മധ്യനിര ഒരു മത്സരത്തിലൊഴികെ എല്ലാത്തിലും പരാജയമായിരുന്നു.
കഴിഞ്ഞ സീസണില്‍ പാതി വഴിയില്‍ ദിനേഷ് കാര്‍ത്തിക് വിട്ടൊഴിഞ്ഞ നായക പദവി ഏറ്റെടുത്ത മോര്‍ഗന്‍ ടീമിനെ ഭേദപ്പെട്ട നിലയില്‍ നയിച്ചെങ്കിലും ഇത്തവണ അത് കാണാന്‍ കഴിയുന്നില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഈ സീസണില്‍ മോര്‍ഗന്‍ പരാജയമാണ്. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. അവസാന മത്സരത്തിലും മോര്‍ഗന്‍ ആരാധകരെ നിരാശപ്പെടുത്തി. ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ അനാവശ്യ റണ്ണിന് ശ്രമിക്കവെയാണ് താരം പുറത്തായത്.
advertisement
മറുവശത്ത് കരുത്തരായ മുംബൈ ടീമിനെ തകര്‍ത്തുകൊണ്ട് വിജയവഴിയിലേക്ക് എത്തിയതിന്റെ ഊര്‍ജവും പേറിയാണ് പഞ്ചാബ് എത്തുന്നത്. മികച്ച താരനിരയാണ് പഞ്ചാബിന്റേതെങ്കിലും സ്ഥിരയില്ലാത്തതാണ് പ്രധാന പ്രശ്നം. ഓപ്പണര്‍മാരാണ് മത്സരത്തിന്റെ കളി നിയന്ത്രിക്കുന്നത്. ആരെങ്കിലും ഒരാള്‍ ഫോമായില്ലെങ്കില്‍ ടീം ചെറിയ സ്‌കോറിലേക്ക് ഒതുങ്ങും. ഇനി ഓപ്പണര്‍മാര്‍ ഗംഭീരമായി തുടങ്ങിയാലും ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കില്ല. എന്നാല്‍ അവസാന മത്സരത്തില്‍ കണിശതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബോളര്‍മാര്‍ മുംബൈ ടീമിനെ ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു.
വമ്പനടിക്കാരനായ നിക്കോളാസ് പുരാന്‍ ഇനിയും ഫോമിലെത്തിയിട്ടില്ല. നാല് കളികളില്‍ നിന്നും ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്. ക്രിസ് ഗെയ്‌ലും അവസാന മത്സരത്തില്‍ താളം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയിലാണ് ടീം ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതും. ആദ്യ രണ്ട് മത്സരത്തില്‍ ടീമില്‍ ഇല്ലാതിരുന്ന സ്പിന്നര്‍ രവി ബിഷ്‌ണോയി അവസാന മത്സരത്തില്‍ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.
advertisement
നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ ആധിപത്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അവകാശപ്പെടാം. 27 മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 9 എണ്ണത്തിലാണ് പഞ്ചാബിന് ജയിക്കാനായത്. 18 മത്സരങ്ങളിലും ജയം കെ കെ ആറിനായിരുന്നു.
Location :
First Published :
April 26, 2021 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ കൊല്‍ക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു; ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകം



