HOME /NEWS /IPL / IPL 2021 | ചെന്നൈ ഈ താരത്തെ കേന്ദ്രീകരിച്ച് ടീം പടുത്തുയര്‍ത്തണം; രവീന്ദ്ര ജഡേജയെ ധോണിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

IPL 2021 | ചെന്നൈ ഈ താരത്തെ കേന്ദ്രീകരിച്ച് ടീം പടുത്തുയര്‍ത്തണം; രവീന്ദ്ര ജഡേജയെ ധോണിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

Ravindra Jadeja,  Michael Vaughan

Ravindra Jadeja, Michael Vaughan

ഓള്‍റൗണ്ടര്‍ എന്ന നിലയിലെ താരത്തിന്റെ മികവ് ധോണിയുടെ പിന്‍ഗാമിയാകാന്‍ ജഡേജയെ അനുകൂലിക്കുമെന്നാണ് വോണിന്റെ വിലയിരുത്തല്‍

  • Share this:

    ധോണിയുടെ യുഗം അവസാനിച്ചാല്‍ താരത്തിന് പകരം ചെന്നൈയുടെ നായകസ്ഥാനം ആരാവും ഏറ്റെടുക്കുക? ധോണിയെ പോലെ ഒരു ഇതിഹാസ തുല്യനായ താരം വിടവാങ്ങുമ്പോള്‍ ആ വിടവ് നികത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഈ സീസണോട് കൂടി ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കില്ലെന്നും അടുത്ത സീസണ്‍ കളിച്ചേക്കുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാസി വിശ്വനാഥന്‍ സൂചിപ്പിച്ചിരിന്നു. പക്ഷേ ഈ ചോദ്യം എപ്പോഴും എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസ്സില്‍ നിറയുന്ന ഒന്നാണ്. പ്രത്യേകിച്ചും വിരമിക്കലുകളില്‍ എല്ലായ്‌പ്പോഴും അനിശ്ചിതാവസ്ഥ കൊണ്ട് നടക്കുന്ന ധോണിയുടെ കാര്യത്തില്‍.

    അങ്ങനെയിരിക്കെ, ധോണി ഐപിഇല്ലിനോട് വിടപടറഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ താരം രവീന്ദ്ര ജഡേജ ആയിരിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ അഭിപ്രായം.

    രാജസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം നാല് ക്യാച്ചുകളും രണ്ട് നിര്‍ണായക വികറ്റുകളും സ്വന്തമാക്കിയിരുന്നു. 2012ലെ ഐപിഎല്‍ മുതല്‍ ചെന്നൈ ടീമിന്റെ കൂടെയുള്ള ജഡേജ അവരുടെ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്.

    ഓള്‍റൗണ്ടര്‍ എന്ന നിലയിലെ താരത്തിന്റെ മികവ് ധോണിയുടെ പിന്‍ഗാമിയാകാന്‍ ജഡേജയെ അനുകൂലിക്കുമെന്നാണ് വോണിന്റെ വിലയിരുത്തല്‍. 'ധോണി 2-3 വര്‍ഷങ്ങള്‍ കൂടി കളിക്കുമെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ അതില്‍ കൂടുതല്‍ അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആരെ കേന്ദ്രീകരിച്ചാണ് ടീമിനെ ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചടുത്തോളം ഞാന്‍ ടീം സജ്ജീകരിക്കുന്നത് ജഡേജയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടായിരിക്കും. അദ്ദേഹം ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും അത്ര മികച്ചതാണെന്ന് ഞാന്‍ കരുതുന്നു' - വോണ്‍ പറഞ്ഞു.

    ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ മുന്‍ നിരയില്‍ ബാറ്റ് ചെയ്യാനും എതിരാളികള്‍ക്ക് അനുസരിച്ച് ടീമിന്റെ ഓപ്പണിംഗ് ബൗളര്‍ ആവാനും താരത്തിന് കഴിയും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ചെന്നൈ ടീമിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ജഡേജക്ക് കഴിയുമെന്നും വോണ്‍ പറഞ്ഞു.

    ''ജഡേജ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും എന്തും നേരിടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു കളിക്കാരനാണ്. കളിക്കിടയില്‍ അയാളോട് നിങ്ങള്‍ നാലാം സ്ഥാനത്ത് അല്ലെങ്കില്‍ അഞ്ചാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പറഞ്ഞാലും, ബാറ്റ്‌സ്മാന് അനുസരിച്ച് ഇനി ജഡേജയെയാണ് ബൗളിംഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കിലും, അദ്ദേഹത്തോട് പ്രധാനപ്പെട്ട ഫീല്‍ഡിംഗ് പൊസിഷനുകളില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടാലും എല്ലാറ്റിനും അദ്ദേഹം തയ്യാറാകും.' - വോണ്‍ കൂട്ടിച്ചേര്‍ത്തു

    First published:

    Tags: Chennai super kings, IPL 2021, M S Dhoni, Michael Vaughan, Ravindra Jadeja