ലോക ക്രിക്കറ്റില്‍ എല്ലാവരും ഉറ്റു നോക്കുന്ന ഒരു ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഐ സി സിയുടെ ചില ടൂര്ണമെന്റുകളെക്കാളും ആരാധക പിന്തുണയും ഈ ലീഗിനുണ്ട്. ഐ പി എല്‍ ചരിത്രം പരിശോധിച്ചാല്‍ തുടക്കം മുതലേ ഒരേ ടീമില്‍ തന്നെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ള കളിക്കാരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ടീമിലെത്തിയ കാലം മുതല്‍ മുംബൈ ഇന്ത്യന്‍സ് വിടാതെ നിലനിര്‍ത്തുന്ന ചുരുക്കും ചില താരങ്ങളിലൊരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്. 2010ല്‍ ആദ്യമായി മുംബൈയിലെത്തിയശേഷം പൊള്ളാര്‍ഡ് ഇതുവരെ മറ്റൊരു ടീമിനായും കളിച്ചിട്ടില്ല. വമ്പന്‍ ആരാധക പിന്തുണയാണ് ഈ കരീബിയന്‍ താരത്തിനുള്ളത്. ഇപ്പോള്‍ പൊള്ളാര്‍ഡ് എങ്ങിനെയാണ് മുംബൈ ടീമില്‍ എത്തിയത് എന്നത് ക്രിക്ക് ബസ്സിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് വിന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോ.
പൊള്ളാര്‍ഡ് മുംബൈ ടീമിലെത്തിയ വര്‍ഷം ഐ പി എല്‍ ലേലത്തില്‍ അദ്ദേഹം മുംബൈയുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിലെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരമായ ഡ്വയ്ന്‍ ബ്രാവോ. ഐ പി എല്ലിലെ ആദ്യ രണ്ട് സീസണില്‍ മുംബൈക്കായി കളിച്ചശേഷം ബ്രാവോ മുംബൈ വിടാന്‍ തീരുമാനിച്ചപ്പോള്‍
അവര്‍ താരത്തിന് പകരക്കാരനെ തേടിയിരുന്നു. അപ്പോള്‍ ബ്രാവോയാണ് വിന്‍ഡീസ് ആഭ്യന്തരക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന പൊള്ളാര്‍ഡ് എന്ന് 19 വയസുകാരനെ അയാള്‍ക്ക് പകരക്കാരനായി മുംബൈക്ക് നിര്‍ദേശിച്ചത്. എന്നാല്‍ മുംബൈ ടീം മാനേജ്മെന്റ് പൊള്ളാര്‍ഡുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മറ്റൊരു ടൂര്‍ണമെന്റില്‍ ഒരു ക്ലബ്ബിന് വേണ്ടി കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പൊള്ളാര്‍ഡിന് ആ സീസണില്‍ ഐ പി എല്ലില്‍ എത്താന്‍ കഴിഞ്ഞില്ല. ആ വര്‍ഷം ഡ്വെയിന്‍ സ്മിത്തിനെയാണ് മുംബൈ ബ്രാവോക്ക് പകരക്കാരനായി എടുത്തത്.
അടുത്തവര്‍ഷം ചാമ്പ്യന്‍സ് ലീഗ് നടക്കുന്നതിനിടയില്‍ പൊള്ളാര്‍ഡ് ഇന്ത്യയിലുള്ളതായി ബ്രാവോ മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ സംഘ്വിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ രാഹുലും റോബിന് സിങ്ങും ഹൈദരാബാദിലെത്തി. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ ലോബിയില്‍ വച്ച് ബ്രാവോ പൊള്ളാര്‍ഡിനെ അവര്‍ക്ക് പരിചയപ്പെടുത്തി. പൊള്ളാര്‍ഡിന് രണ്ട് ലക്ഷം ഡോളറിന്റെ കരാറുമായാണ് സംഘ്വിയും റോബിനും വന്നത്. ട്രിനാഡുകാരായ താരങ്ങളെ സംബന്ധിച്ച് അത് വലിയ തുകയായിരുന്നു. ആ കരാര്‍ 19കാരനായ പൊള്ളാര്‍ഡ് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ആ ടൂര്‍ണമെന്റിലാണ് പൊള്ളാര്‍ഡ് തന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. എല്ലാവരും ഈ പയ്യന് ആരാണെന്ന് അന്വേഷിച്ചു തുടങ്ങി.
അതോടെ ഐ പി എല്ലില്‍ എല്ലാവരും ആ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമങ്ങളും തുടങ്ങി. പക്ഷെ അപ്പോഴേക്കും മുംബൈ അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് ഐ പി എല്ലിന്റെ ചട്ടലംഘനമാണെന്ന് പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മിനി താരലേലത്തില്‍ ഏഴര ലക്ഷം ഡോളര്‍ നല്കിയാല് പൊള്ളാര്‍ഡിനെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അവസരം നല്കി. അങ്ങനെ ലേലത്തില്‍ മുംബൈ വിജയിച്ചു. ഇന്ന് പൊള്ളാര്‍ഡില്ലാത്തൊരു മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ചിന്തിക്കാനാവുമോയെന്ന് ബ്രാവോ ചോദിക്കുന്നു. ഇപ്പോള്‍ പൊള്ളാര്‍ഡിന്റെ ഏജന്റിന് നന്ദി അറിയിച്ചുകൊണ്ട് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ipl, Kieron Pollard