IPL 2021 | ഐ പി എല്ലിലെ എല്‍ ക്ലാസിക്കോയില്‍ ടോസ് മുംബൈക്ക്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു; മുംബൈ നിരയില്‍ രണ്ട് മാറ്റങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റുവാങ്ങിയപ്പോള്‍ ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ
ചെന്നൈക്കെതിരെ ടോസ് നേടിയ മുംബൈ ടീം ബൗളിങ്ങ് തിരഞ്ഞെടുത്തു. മുംബൈ ടീം രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നതാന്‍ കോട്ടര്‍നെലും, ജയന്ത് യാദവും ഇന്ന് കളിക്കുന്നില്ല. പകരം ധവാല്‍ കുല്‍ക്കര്‍ണിയും, ജെയിംസ് നീഷാമും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ചെന്നൈ ടീം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മത്സരം ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ 7.30ന് ആരംഭിക്കും.
ഐ പി എല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിലയിരുത്തുന്ന പോരാട്ടത്തില്‍ ജയം ഇരു ടീമുകള്‍ക്കും അവരുടെ ആരാധകര്‍ക്കും അഭിമാന പ്രശ്‌നമാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റുവാങ്ങിയപ്പോള്‍ ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചെന്നൈ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ടീമിലെ 11ാമത്തെ താരത്തിന് വരെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ള നീണ്ട ബാറ്റിങ് നിരയുള്ളതാണ് ഇത്തവണ ചെന്നൈയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.
advertisement
നിലവില്‍ അപാര ഫോമില്‍ കളിക്കുന്ന ചെന്നൈക്കെതിരെ ജയം നേടുക എന്നത് മുംബൈക്ക് ബുദ്ധിമുട്ടുള്ള കാര്യമായേക്കും. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള മുംബൈയുടെ കഴിവും നമുക്ക് മുന്നില്‍ മുമ്പും വെളിപ്പെട്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ ഇരു ടീമുകളും പോരാടാന്‍ ഇറങ്ങുമ്പോള്‍ ആവേശം അതിരുകടക്കുമെന്ന് ഉറപ്പാണ്. ഡല്‍ഹിയിലെ പിച്ച് ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നു.
രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ, ക്വിന്റന്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങി ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു എന്നുള്ളത് മുംബൈക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ സിഎസ്‌കെയെ പോലൊരു മികച്ച ബൗളിങ് നിരയുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ വലിയ പ്രകടനം തന്നെയാവും മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. പൊതുവേ സിഎസ്‌കെയ്ക്കെതിരെയുള്ള മത്സരങ്ങളിലും മുംബൈ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. ബാറ്റിംഗ് നിര സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍ എന്നിവരടങ്ങിയ ബൗളിങ് നിര മികവ് കാട്ടുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ടൂര്‍ണമെന്റിലെ പല മത്സരങ്ങളിലും അവര്‍ വിജയം നേടിയതും ഈ ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിലാണ്.
advertisement
മറുവശത്ത്, എണ്ണയിട്ട എന്‍ജിന്‍ പോലെ സുഖമായി പ്രവര്‍ത്തിക്കുന്ന ടീമാണ് ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓപ്പണിങ്ങില്‍ ഫാഫ് ഡുപ്ലെസിസും ഋതുരാജ് ഗെയ്ക്വാദും മിന്നും ഫോമിലാണുള്ളത്. സുരേഷ് റെയ്ന,അമ്പാട്ടി റായിഡു,മോയിന്‍ അലി എന്നിവര്‍ ചേര്‍ന്ന് ടോപ് ഓഡറില്‍ അടിത്തറ നല്‍കുന്നു. ഇതില്‍ റായ്ഡുവിന് മാത്രമാണ് ഇനിയും താളം കണ്ടെത്താന്‍ ആവാത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ രവീന്ദ്ര ജഡേജ,സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവരുമുണ്ട്. തന്റെ പഴയ ഫിനിഷിങ് പാടവം കൈമോശം വന്നിട്ടില്ല എന്ന് ധോണി തെളിയിച്ചതുമാണ്. ബാറ്റിങ്ങില്‍ പഴയ വീര്യം കുറവാണെങ്കിലും വിക്കറ്റിന് പുറകിലും ക്യാപ്റ്റന്‍സിയിലും ധോണിയുടെ മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
Location :
First Published :
May 01, 2021 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐ പി എല്ലിലെ എല്‍ ക്ലാസിക്കോയില്‍ ടോസ് മുംബൈക്ക്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു; മുംബൈ നിരയില്‍ രണ്ട് മാറ്റങ്ങള്‍



