IPL 2021 | മായങ്കിനും, രാഹുലിനും അര്‍ദ്ധ സെഞ്ച്വറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അവസാന ഓവറുകളിലെ ദീപക് ഹൂഡയുടെയും ഷാരുഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് ടീം വമ്പന്‍ സ്‌കോറിലെത്തിയത്
ഐ പി എല്ലില്‍ ഡല്‍ഹിയും പഞ്ചാബും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് പഞ്ചാബ് നേടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഉജ്ജ്വല തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റക്കാരന്‍ ലുക്മാന്‍ മെറിവാലയുടെ പതിമൂന്നാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 122ല്‍ നില്‍ക്കുമ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 36 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 69 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച മായെങ്കിനെയാണ് ലുക്മാന്‍ പുറത്താക്കിയത്. പിറന്നാളുകാരന്‍ രാഹുല്‍ 51 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ക്രിസ് ഗെയിലിനും നിക്കോളാസ് പുരാനും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കാന്‍ കഴിഞ്ഞില്ല. അവസാന ഓവറുകളിലെ ദീപക് ഹൂഡയുടെയും ഷാരുഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് ടീം വമ്പന്‍ സ്‌കോറിലെത്തിയത്. ഹൂഡ 13 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന്‍ അഞ്ചു ബോളില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
വിദേശ താരങ്ങളാണ് പഞ്ചാബ് ടീമിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. രബാട നാലോവറില്‍ 43 റണ്‍സും, ക്രിസ് വോക്‌സ് നാലോവറില്‍ 42 റണ്‍സുമാണ് മത്സരത്തില്‍ വഴങ്ങിയത്. ഇരുവരും ഓരോ വിക്കറ്റുകളും നേടിയിട്ടുണ്ട്.
advertisement
രണ്ടു മാറ്റങ്ങളുമായാണ് ഡല്‍ഹി ടീം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡി സിക്കു വേണ്ടി അരങ്ങേറി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കറനാണ് പുറത്തായത്. അജിങ്ക്യ രഹാനെയെ ഒഴിവാക്കിയ ഡി സി പകരം ബൗളര്‍ ലുക്മാന്‍ മെറിവാലയെയും ഇറക്കി. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. സ്പിന്നര്‍ മുരുഗന്‍ അശ്വിനു പകരം ഓള്‍റൗണ്ടര്‍ ജലജ് സക്സേനയെ പഞ്ചാബ് ടീമില്‍ ഉള്‍പ്പെടുത്തി.
ജയിച്ചുകൊണ്ട് സീസണിനു തുടക്കമിട്ട ടീമുകളാണ് ഡല്‍ഹിയും പഞ്ചാബും. എന്നാല്‍ രണ്ടാമത്തെ കളിയില്‍ രണ്ടു ടീമുകള്‍ക്കും അടിതെറ്റുകയായിരുന്നു. അതുകൊണ്ടു തന്നെ വിജയത്തിന്റെ ട്രാക്കില്‍ മടങ്ങിയെത്താനാണ് ഇരുവരുടെയും ശ്രമം. ചെന്നൈക്കെതിരായ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ പഞ്ചാബ് ആ തോല്‍വി ഉണ്ടാക്കിയ മുറിവുകള്‍ മായ്ക്കാനായാണ് ഇറങ്ങുന്നത്. മറുവശത്ത്, ജയം ഉറപ്പിച്ച മത്സരത്തില്‍ രാജസ്ഥാന് മുന്നില്‍ തോല്‍വി സമ്മതിച്ചാണ് പന്തിന്റെ ഡല്‍ഹി ഇറങ്ങുന്നത്. ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള കുതിപ്പിന് ജയം അനിവാര്യമാണ്.
Location :
First Published :
April 18, 2021 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മായങ്കിനും, രാഹുലിനും അര്‍ദ്ധ സെഞ്ച്വറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം