ഇന്റർഫേസ് /വാർത്ത /IPL / IPL 2021 | ഹൈദരാബാദിനെതിരെ പഞ്ചാബിന് ബാറ്റിങ്; ഇരു ടീമിലും മാറ്റങ്ങള്‍

IPL 2021 | ഹൈദരാബാദിനെതിരെ പഞ്ചാബിന് ബാറ്റിങ്; ഇരു ടീമിലും മാറ്റങ്ങള്‍

SRH vs PBKS

SRH vs PBKS

ടൂര്‍ണമെന്റില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഹൈദരാബാദ് ജീവന്‍മരണ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. മറുവശത്ത് തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റ ക്ഷീണത്തിലാണ് പഞ്ചാബ് എത്തുന്നത്

  • Share this:

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു. ജയം ലക്ഷ്യമിടുന്ന ഇരു ടീമുകളും മാറ്റങ്ങളുമായാണ് കളത്തില്‍ ഇറങ്ങുക. ടൂര്‍ണമെന്റില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഹൈദരാബാദ് ജീവന്‍മരണ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. മറുവശത്ത് തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റ ക്ഷീണത്തിലാണ് പഞ്ചാബ് എത്തുന്നത്. ഇരു ടീമിനും ജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മത്സരത്തില്‍ ജയം നേടാനായില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടിലാവും.

ഇരു ടീമുകളുടെയും തലവേദന ബാറ്റിങ്ങിനെച്ചൊല്ലിയാണ്. ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പോവുന്ന മധ്യനിരയാണ് ഇരു ടീമുകള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നത്.

ഇതില്‍ അല്‍പം ഭേദം ഹൈദരാബാദിന്റെ കാര്യമാണ്. അവരുടെ ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പരുക്ക് അലട്ടുന്ന നടരാജന് പകരം കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഖലീല്‍ അഹമദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

പഞ്ചാബിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ശക്തമാണ്. ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ മൂന്ന് മത്സരത്തില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും ടി20ക്ക് അനുയോജ്യമായ പ്രകടനമായിരുന്നില്ല അത്. പവര്‍പ്ലേയിലടക്കം മെല്ലപ്പോക്ക് നടത്തുന്ന രാഹുലിന് ഇന്ന് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. ചെന്നൈയില്‍ ബൗളര്‍മാര്‍ കൂടുതല്‍ ആധിപത്യം കാട്ടുമെന്നിരിക്കെ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ല

ആദ്യ ജയം തേടി ഇറങ്ങുന്ന ഹൈദരാബാദ് നിരയില്‍ പരുക്ക് ഭേദമായെത്തുന്ന ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണും, ഹൈദരാബാദ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാന്‍ കേദാര്‍ ജാദവും ബൗളിംഗ് നിരക്ക് കരുത്ത് പകരാന്‍ സിദ്ദാര്‍ത്ഥ് കൗളും ഇറങ്ങും. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മനീഷ് പാണ്ഡെ, അബ്ദുല്‍ സമദ്, അഫ്ഗാന്‍ താരം മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ പുറത്തിരിക്കും. വില്യംസണിന്റെ വരവ് ടീമിന് ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍. മധ്യനിരയില്‍ ഉറപ്പ് കിട്ടാതെ ഉഴറുന്ന ടീമിനെ പിടിച്ച് നിര്‍ത്താന്‍ താരത്തിന് കഴിയും എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.

മറുവശത്ത്, പഞ്ചാബ് നിരയിലും മൂന്ന് മാറ്റങ്ങളാണ് ഉള്ളത്. റീലി മെറിഡിത്തിനും ജൈ റിച്ചാര്‍ഡ്‌സണും ജലജ് സക്‌സേനക്കും പകരം ഫാബിയന്‍ അലനും മോയിസസ് ഹെന്റിക്വസും മുരുഗന്‍ അശ്വിനും കളിക്കും. തുടരെ രണ്ടു തോല്‍വികള്‍ നേരിട്ട ടീം വിജയം നേടി തിരിച്ചുവരാന്‍ ആണ് ഒരുങ്ങുന്നത്.

ഇരു ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 16 കളികളില്‍ 11 എണ്ണത്തിലും ഹൈദരബാദിനായിരുന്നു വിജയം. ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.

First published:

Tags: IPL 2021, Punjab Kings, Sunrisers Hyderabad