ഇന്റർഫേസ് /വാർത്ത /IPL / IPL 2021 | ഹൈദരാബാദിനെ തകര്‍ത്ത് സഞ്ജുവും സംഘവും; 55 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

IPL 2021 | ഹൈദരാബാദിനെ തകര്‍ത്ത് സഞ്ജുവും സംഘവും; 55 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്‍ ബൗളര്‍മാരായ ക്രിസ് മോറിസും, മുസ്തഫിസുര്‍ റഹ്‌മാനുമാണ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത്

  • Share this:

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവും കൂട്ടരും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രാജസ്ഥാന്‍ ബൗളര്‍മാരായ ക്രിസ് മോറിസും, മുസ്തഫിസുര്‍ റഹ്‌മാനുമാണ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത്.

വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് വേണ്ടി പുതിയ നായകന്‍ വില്യംസണ്‍, ബെയര്‍‌സ്റ്റോയോടൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ നിയോഗിച്ചത് മനീഷ് പാണ്ഡേയെയായിരുന്നു. പവര്‍പ്ലേ നല്ല രീതിയില്‍ തന്നെ ബെയര്‍‌സ്റ്റോയും പാണ്ഡേയും ഉപയോഗിച്ചു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സ് ഇവര്‍ നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ പാണ്ഡേയെ മടക്കി. അടുത്ത ഓവറില്‍ രാഹുല്‍ തെവാത്തിയ ബെയര്‍‌സ്റ്റോയെയും കൂടാരം കയറ്റി.

പിന്നീട് ക്രീസിലൊരുമിച്ച വില്യംസണും, വിജയ് ശങ്കറിനും ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. 21 പന്തില്‍ നിന്ന് 20 റണ്‍സുമായി വില്യംസണും എട്ട് പന്തില്‍ നിന്ന് എട്ട് റണ്‍സുമായി വിജയ് ശങ്കറും മടങ്ങി. പകരമെത്തിയ കേദാര്‍ ജാദവും, മുഹമ്മദ് നബിയും, അബ്ദുള്‍ സമദും പോരാടി നോക്കിയെങ്കിലും ശ്രമം ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്നില്ല.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പുതിയ നായകന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ഹൈദരാബാദ് ബൗളിങ് നിരക്ക് കഴിഞ്ഞില്ല. ഓപ്പണര്‍ ജോസ് ബട്ട്‌ലറിന്റെയും നായകന്‍ സഞ്ജു സാംസണിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന് 220 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 64 പന്തില്‍ നിന്നും 11 ബൗണ്ടറികളും, എട്ട് സിക്‌സറും സഹിതം 124 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചു കൂട്ടിയത്. അതേസമയം 33 പന്തില്‍ 48 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.

മൂന്നാം ഓവറില്‍ സ്‌കോര്‍ 17ല്‍ നില്‍ക്കുമ്പോള്‍ രാജസ്ഥാന് ഓപ്പണര്‍ യുവതാരം യശസ്വി ജെയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് ക്രീസിലൊരുമിച്ച ജോസ് ബട്ട്‌ലറും, നായകന്‍ സഞ്ജു സാംസണും വമ്പനടികളിലൂടെ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 17ആം ഓവറില്‍ സ്‌കോര്‍ 167ല്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിനെ പുറത്താക്കിക്കൊണ്ട് വിജയ് ശങ്കര്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുന്നത്. രണ്ടാം വിക്കറ്റില്‍ 150 റണ്‍സാണ് ഇവര്‍ ടീമിലേക്ക് സംഭാവന ചെയ്തത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തിലാണ് സന്ദീപ് ശര്‍മ ബട്ട്‌ലറെ വീഴ്ത്തിയത്.

First published:

Tags: IPL 2021, Rajasthan royals, Sunrisers Hyderabad