കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലയുന്ന ഇന്ത്യക്ക് സഹായവുമായി വീണ്ടുമൊരു ഐ.പി.എൽ. ടീം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി സംഭാവന നൽകാൻ തയ്യാറായി വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
ബംഗളൂരുവിലടക്കം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിയാവുന്നിടത്തോളം ഈ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്ന് വ്യക്തമാക്കിയ ആര്‍.സി.ബി. മാനേജ്‌മെന്റ് കോവിഡിനെതിരെ പൊരുതുന്ന മുന്നണി പോരാളികള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പുതിയ നീല ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്.
"ആര്‍സിബിയുടെ അടുത്ത മത്സരങ്ങളിലൊന്നില്‍ നീല ജഴ്‌സിയണിഞ്ഞാണ് ടീം ഇറങ്ങുക. കോവിഡിനെതിരെ പോരാടുന്നവര്‍ക്കുള്ള ആദരവും പിന്തുണയും അറിയിക്കുന്നതിനാണിത്," എന്നാണ് ആര്‍സിബി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ഈ ജഴ്‌സി പിന്നീട് ലേലത്തിന് വയ്ക്കുകയും ഇതില്‍ നിന്ന് ലഭിക്കുന്ന തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ആര്‍.സി.ബി. മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
ആര്‍സിബിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലിയാണ് ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ലോകത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോയിൽ എല്ലാവരോടുമായി താരം എത്രയും പെട്ടെന്ന് തന്നെ വാക്സിൻ സ്വീകരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ആഹ്വാനം ചെയ്തു.
നിലവില്‍ വലിയ കോവിഡ് പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡ്, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് കൈത്താങ്ങുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങിലെല്ലാം ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേര്‍ മരിച്ചിരുന്നു. ലോകത്തിന്റെ വിവിധ മേഘലകളില്‍ നിന്ന് നിരവധി പേര്‍ ഇന്ത്യക്ക് കൈത്താങ്ങുമായി എത്തിയിരുന്നു.
This season RCB is going to be sporting a special Blue jersey in 1 of the upcoming matches with key messaging on the match kit to pay our respect & show solidarity to all the front line heroes who have spent last year wearing PPE kits & leading the fight against the pandemic. pic.twitter.com/HUOAL12VVy
— Royal Challengers Bangalore (@RCBTweets) May 2, 2021
നേരത്തെ, ഐ.പി.എല്‍. ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ഡൽഹി ക്യാപിറ്റൽസും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരുന്നു. രാജസ്ഥാൻ ഏഴരക്കോടിയും ഡൽഹി ഒന്നരക്കോടിയുമാണ് സംഭാവനയായി നൽകിയത്. പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കെകെആറിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സ്, മുന്‍ ഓസ്‌ട്രേലിയന്‍ താരവും അവതാരകനുമായ ബ്രെറ്റ് ലീ എന്നിവരെല്ലാം കോവിഡില്‍ പ്രയാസപ്പെടുന്ന ഇന്ത്യക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഐ.പി.എല്‍. ടീമുകള്‍ സാമ്പത്തിക സഹായം നല്‍കി രംഗത്തെത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുകോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. മറ്റ് പല പ്രമുഖ കളിക്കാരും ഇതിനോടകം ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിട്ടുണ്ട്. നിലവില്‍ ലോകത്തില്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗത്തെ തടുത്തുനിര്‍ത്താനുള്ള ശക്തമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോള്‍ ഐ.പി.എല്‍. നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഐപിഎല്ലുമായി മുന്നോട്ട് പോകാന്‍ ബി.സി.സി.ഐ. തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിലൂടെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചും ചെറിയ വീഡിയോകളിലൂടെ താരങ്ങളും കമൻ്റേറ്റർമാരും ഇടക്കിടെ സന്ദേശങ്ങൾ നൽകാറുണ്ട്.
Summary: RCB to wear special blue jersey to honour frontline heroes fighting against Covid-19
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.