ഐ പി എല്ലിന്റെ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തന പോരാട്ടത്തില്‍ മുംബൈക്കെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഡല്‍ഹി നേടിയത്. ടീമില്‍ തിരിച്ചു കൊണ്ടുവന്ന അമിത് മിശ്രയുടെ ഗംഭീര ബൗളിങ് പ്രകടനമാണ് മുംബൈയെ വീഴ്ത്താന്‍ സഹായകമായത്. നാല് വമ്പനടിക്കാരുടെ വിക്കറ്റ് നേടിയ അമിത് മിശ്രയാണ് വലിയ സ്കോറിലേക്ക് പോവുകയായിരുന്ന മുംബൈയെ 137 എന്ന ചെറിയ സ്കോറില്‍ നിയന്ത്രിച്ച് കളി വരുതിയിലാക്കിയത്.
മുംബൈയെ 137 എന്ന ചെറിയ സ്കോറിലേക്ക് ഒതുക്കിയ ഡല്‍ഹി അഞ്ച് പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ ഡല്‍ഹിയുടെ റിഷഭ് പന്തിന് സാധിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ പന്തിന് കഴിഞ്ഞില്ല. ഇന്നലത്തെ മത്സരത്തിലും ബുമ്ര തന്നെയാണ് റിഷഭിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഐ പി എല്ലില്‍ ആറാം തവണയാണ് റിഷഭ് ബുമ്രക്ക് മുന്നില്‍ അടിയറവ് പറയുന്നത്. ഇപ്പോഴിതാ ബാറ്റ്സ്മാനെന്ന നിലയില്‍ ഇറങ്ങുമ്പോള്‍ എതിര് ടീം ബൗളറുടെ തനിക്കെതിരായ റെക്കോഡുകളൊന്നും നോക്കാറില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഡല്‍ഹി നായകന് റിഷഭ് പന്ത്.
'കളിക്കാരനെന്ന നിലയില്‍ മുന്‍ കണക്കുകളെ നോക്കാറില്ല. ഇതിന് മുമ്പ് എന്താണ് ചെയ്തതെന്നത് കാര്യമല്ല. എല്ലാ ദിവസവും ക്രിക്കറ്റില്‍ പുതിയ ദിവസമാണ്. ബുമ്രക്ക് ഓവറുകള്‍ ബാക്കിയുള്ളതിനാലാണ് ഞാന്‍ ക്രീസിലുള്ളപ്പോള്‍ പന്തെറിഞ്ഞത്. ഞങ്ങള്‍ റണ്‍സ് പിന്തുടരുകയായിരുന്നതിനാല്‍ ഞാന്‍ എന്റെ ഷോട്ടുകള്‍ കളിച്ചു. അപ്പോഴത്തെ സാഹചര്യങ്ങളെയാണ് മുന്‍ കണക്കുകളെക്കാള്‍ കൂടുതല്‍ നോക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്'- റിഷഭ് പറഞ്ഞു.
കളിയില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത ഇന്നലെ ടീമിലെത്തിയ ലളിത് യാദവിനെയും, അമിത് മിശ്രയെയും പന്ത് പ്രശംസിച്ചു. ലളിത് യാദവിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പന്ത് പറഞ്ഞു. ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് നേടിയ ലളിത് നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ബാറ്റിങ്ങിനിറങ്ങി 25 പന്തില്‍ 22 റണ്‍സും നേടി പുറത്താകാതെയും നിന്നു.
ഇന്നലത്തെ മത്സരത്തില്‍ മുംബൈ ടീമിനെ 140-150നുള്ളില്‍ പ്രതിരോധിച്ച് നിര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും, തുടക്കത്തില്‍ സമ്മര്‍ദത്തിലായെങ്കിലും മിശ്ര ഭായി മത്സരം തിരികെ നല്‍കുകയായിരുന്നെന്നും റിഷഭ് തുറന്ന് പറഞ്ഞു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് അമിത് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ 9ന് മുകളില്‍ റണ്‍റേറ്റ് മുംബൈക്കുണ്ടായിരുന്നു. അവിടെ നിന്ന് 137 എന്ന സ്കോറിലേക്ക് ഒതുങ്ങിയത് അമിതിന്റെ ബൗളിങ്ങിലാണ്. രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,ഇഷാന് കിഷന്,കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈയുടെ നാല് വന്മരങ്ങളെയാണ് രോഹിത് കടപുഴക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.