IPL 2021 | ബാറ്റ്സ്മാനെന്ന നിലയില്‍ ജഡേജ വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു; താരത്തെ പ്രശംസിച്ച് സഞ്ജയ് ബംഗാര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തുടര്‍ച്ചയായി നാല് ജയങ്ങളുമായി ടൂര്‍ണമെന്റില്‍ അജയ്യരായി കുതിച്ചിരുന്ന വിരാട് കോഹ്ലിയുടെ ആര്‍സിബിയെ ജഡേജയുടെ ഓള്‍ റൗണ്ട് മികവിലാണ് സിഎസ്‌കെ പിടിച്ച് കെട്ടിയത്
വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നീ വമ്പന്‍ താരങ്ങളുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയെ ഒറ്റക്ക് ഒരു കളിക്കാരന് തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു ഇന്നലെ വരെ എല്ലാവരും ചിന്തിച്ചത്. എന്നാല്‍ ഇന്നലെ നടന്ന ചെന്നൈ ബാംഗ്ലൂര്‍ പോരാട്ടത്തിലൂടെ താരനിബിഡമായ ബാംഗ്ലൂര്‍ നിരയെ ഒറ്റക്ക് നിന്ന് തോല്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈയുടെ സൂപ്പര്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സര്‍ രവീന്ദ്ര ജഡേജ.
തുടര്‍ച്ചയായി നാല് ജയങ്ങളുമായി ടൂര്‍ണമെന്റില്‍ അജയ്യരായി കുതിച്ചിരുന്ന വിരാട് കോഹ്ലിയുടെ ആര്‍സിബിയെ ജഡേജയുടെ ഓള്‍ റൗണ്ട് മികവിലാണ് സിഎസ്‌കെ പിടിച്ച് കെട്ടിയത്. 69 റണ്‍സിനാണ് കോഹ്ലിപ്പടെയെ ധോണിയും സംഘവും തകര്‍ത്തത്. അവസാന ഓവര്‍ വരെ ആര്‍സിബിയുടെ വരുതിയിലായിരുന്ന മത്സരം അവസാന ഓവറിലെ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് അനുകൂലമാക്കി മാറ്റിയത്. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 37 റണ്‍സാണ് വഴങ്ങിയത്. ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് കയ്യിലുള്ള താരവും ഡെത്ത് ഓവറില്‍ മികച്ച പ്രകടനം നടത്തുന്ന താരവുമാണ് ഹര്‍ഷലെങ്കിലും ജഡേജയുടെ മാസ്മരിക ബാറ്റിങ്ങിന് മുന്നില്‍ അദ്ദേഹത്തിന് അടിയറവ് പറയേണ്ടിവന്നു. അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറിലെ ജഡേജയുടെ കടന്നാക്രമണത്തില്‍ തന്റെ നാല് ഓവര്‍ സ്പെല്‍ തീര്‍ന്നപ്പോള്‍ മൊത്തം 51 റണ്‍സാണ് വഴങ്ങിയത്.
advertisement
ജഡേജയുടെ പ്രകടനം ഇന്നലെ ക്രിക്കറ്റ് ലോകത്തെ മൊത്തം അമ്പരപ്പിച്ചു കളഞ്ഞു. താരത്തെ പുകഴ്ത്തി മുന്‍ താരങ്ങളടക്കം പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജഡേജയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ചും ആര്‍സിബി ബാറ്റിങ് ഉപദേശകനുമായ സഞ്ജയ് ബംഗാര്‍. മികവുറ്റ ബാറ്റ്സ്മാനെന്ന നിലയിലേക്ക് ജഡേജ വളര്‍ന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. 2016 മുതല്‍ തുടര്‍ച്ചയായി ടെസ്റ്റ് ടീമിന്റെ ഭാഗമായി അവനുണ്ടായിരുന്നു. വിദേശ പര്യടനങ്ങളിലും അവന്‍ ഭാഗമായിരുന്നു.
advertisement
ബാറ്റ്സ്മാനെന്ന നിലയില്‍ അവന്‍ വളരെയധികം വളര്‍ന്നുവെന്നാണ് കരുതുന്നത്. അവന്റെ പ്രതിഭ എന്തെന്ന് എല്ലാവര്‍ക്കുമറിയാം. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണവന്‍. സിഎസ്‌കെയിലും ഇന്ത്യന്‍ ടീമിലും അവന്‍ മികച്ച രീതിയില്‍ സംഭാവന ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇന്നത്തെ മത്സരത്തിലെ ഗെയിം ചെയിഞ്ചറാണവന്‍'-ബംഗാര്‍ പറഞ്ഞു.
19 ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന നിലയിലായിരുന്നു സിഎസ്‌കെ. അതിനാല്‍ത്തന്നെ 170ന് മുകളിലേക്ക് സ്‌കോര്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒരു പക്ഷെ സിഎസ്‌കെ ക്യാംപും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍ അവസാന ഓവറിലെ ആദ്യ നാല് പന്തും ജഡ്ഡു അതിര്‍ത്തി കടത്തി. ഇതില്‍ മൂന്നാം പന്ത് നോബോള്‍ ആയിരുന്നു. ഇതിലും പിന്നീട് കിട്ടിയ ഫ്രീ ഹിറ്റിലും താരം സിക്സര്‍ നേടി.നാലാം പന്തില്‍ ഡബിള്‍ നേടിയ താരം അഞ്ചാം പന്തും സിക്സര്‍ നേടിയപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറിയും സ്വന്തമാക്കിയപ്പോള്‍ പിറന്നത് ഐപിഎല്ലില്‍ ഒരോവാറില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ്. ഐപിഎല്ലില്‍ നേരത്തെ ക്രിസ് ഗെയ്‌ലാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. താരവും അന്ന് 37 റണ്‍സാണ് നേടിയത്.
advertisement
28 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 62 റണ്‍സുമായാണ് ജഡേജ പുറത്താവാതെ നിന്നത്. ബൗളിങ്ങിലും ജഡേജയ്ക്ക് തിളങ്ങാനായി. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയ ജഡേജ അപകടകാരികളായ ഗ്ലെന്‍ മാക്സ് വെല്ലിനെയും എബി ഡിവില്ലിയേഴ്സിനെയും ക്ലീന്‍ബൗള്‍ഡ് ചെയ്താണ് പുറത്താക്കിയത്. ഇരുവരും വീണതോടെ ബാംഗ്ലൂര്‍ ഇന്നിംഗ്‌സ് സഡന്‍ ബ്രേക്കിട്ട പോലെ നിന്നു. പിന്നീട് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു സിഎസ്‌കെക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇത് കൂടാതെ ഡാന്‍ ക്രിസ്റ്റ്യനെ റണ്‍ ഔട്ടാക്കിയതിലൂടെ. ഫീല്‍ഡിങ്ങിലും താരം തിളങ്ങി.
advertisement
ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ജഡേജയുടെ മേല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയരെയാണ്. മത്സരത്തിന് ശേഷം നടന്ന സംഭാഷണത്തില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലി ജഡേജയുടെ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണെന്നും താരത്തിന്റെ ഫോം ഐപിഎല്‍ സീസണ്‍ കഴിഞ്ഞും തുടരട്ടെയെന്ന് ആശിക്കുന്നതായും പറഞ്ഞു. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ജഡേജയുടെ ഫോം ആശ്വാസം പകരുന്നതാണ്.
Location :
First Published :
April 26, 2021 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ബാറ്റ്സ്മാനെന്ന നിലയില്‍ ജഡേജ വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു; താരത്തെ പ്രശംസിച്ച് സഞ്ജയ് ബംഗാര്‍



