ഡേവിഡ് വാര്‍ണറില്‍ നിന്നും ഹൈദരബാദിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത വില്യംസണിന്റെ കൂടെ ടോസ്. രാജസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു. ജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിലധികം മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങുന്നത്.
ഹൈദരാബാദ് നിരയിലാണ് ശ്രദ്ധേയമായ മാറ്റങ്ങള്‍. മൂന്ന് മാറ്റങ്ങളാണ് ടീം വരുത്തിയിട്ടുള്ളത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ണര്‍ മത്സരത്തില്‍ കളിക്കുന്നില്ല. മുഹമ്മദ് നബിയാണ് താരത്തിന് പകരം ടീമിലിടം നേടിയത്. പരുക്ക് മാറി എത്തിയ ഭുവനേശ്വര്‍ കുമാര്‍ ടീമിലിടം നേടി. മോശം പ്രകടനം കാരണം പുറത്തായിരുന്ന സമദും ടീമില്‍ തിരിച്ചെത്തി. വാര്‍ണര്‍ക്ക് പുറമെ സുചിത്ത്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരും കളിക്കുന്നില്ല. മറുവശത്ത്, രാജസ്ഥാന് നിരയില്‍ കാര്‍തിക് ത്യാഗിയും അനുജ് റാവത്തും ടീമിലിടം നേടി. ഉനദ്കട്ടിനും ശിവം ദുബേക്കും പകരമാണ് ഇരുവരും ടീമിലിടം നേടിയത്. അനുജ് റാവത്തിന് ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരമാണ്.
ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് ഹൈദരാബാദിന് ബൗളിംഗില്‍ ശക്തി പകരുമെന്ന് പ്രതീക്ഷിക്കാം. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മത്സരത്തില്‍ തന്റെ ടീമിന് വിജയം നേടി കൊടുക്കാന്‍ വില്യംസണിന് കഴിയുമോ എന്ന് കൂടി എല്ലാവരും ഉറ്റുനോക്കുന്നു. സീസണില്‍ പല അബദ്ധ തീരുമാനങ്ങളും എടുത്ത ടീം ഈ കാര്യത്തില്‍ എടുത്ത തീരുമാനം തെറ്റായില്ല എന്നത് തെളിയണമെങ്കില്‍ ഈ മത്സരത്തില്‍ അവര്‍ ജയിച്ചേ തീരൂ. പ്രത്യേകിച്ചും വാര്‍ണറെ പുറത്തിരുത്തിയ സാഹചര്യത്തില്‍. മത്സരം ജയിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെയുള്ള ആരാധകരുടെയും വിമര്‍ശകരുടേയും പ്രതിഷേധം ഉയര്‍ന്നു പൊങ്ങുമെന്ന് ഉറപ്പാണ്.
സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളായതിനാല്‍ ഒരു തിരിച്ചുവരവ് ഇരു ടീമിനും അനിവാര്യമാണ്. ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി രാജസ്ഥാന് ഏഴാം സ്ഥാനത്ത് നില്ക്കുമ്പോള് കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ പാതി മത്സരങ്ങള്‍ പിന്നിടവെ ഇരു ടീമിനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണ്.
ഹൈദരാബാദും രാജസ്ഥാനും തമ്മില്‍ 13 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരത്തില്‍ ജയം ഹൈദരാബാദിനൊപ്പം നിന്നപ്പോള്‍ ആറ് മത്സരത്തില്‍ രാജസ്ഥാനും ജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.