ടോട്ടനം പുറത്താക്കിയ പരിശീലകന്‍ മൗറീഞ്ഞോയെ ലക്ഷ്യം വച്ച് മൂന്ന് ക്ലബ്ബുകൾ
Last Updated:
യുണൈറ്റഡിനൊപ്പം മൂന്ന് കിരീടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ടോട്ടനത്തിനായി ഒരു കിരീടം പോലും നേടാൻ പരിശീലകന് സാധിച്ചില്ല എന്നതും കാരണമായി.
ടോട്ടനം ഹോട്സ്പറിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ഹോസെ മൗറീഞ്ഞോ പുതിയ ക്ലബ്ബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബ്ബുകളാണ് രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് വിവരങ്ങൾ.
ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ, യുവന്റസ് പോർച്ചുഗീസ് ക്ലബ്ബായ എഫ് സി പോർട്ടോ എന്നീ ടീമുകളാണ് മൗറീഞ്ഞോയെ റാഞ്ചാൻ ശ്രമിക്കുന്നത്.
നേരത്തേ പോർട്ടോയുടെ പരിശീലകനായിരുന്നു മൗറീഞ്ഞോ. മൗറീഞ്ഞോ ഒരുക്കിയ തന്ത്രങ്ങളുടെ കരുത്തിലാണ് 2004-ൽ കിരീടം നേടാൻ സാധ്യതയില്ലെന്ന് എല്ലാവരും കരുതിയത് പോർട്ടോ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്.
advertisement
കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫ്രഞ്ച് ക്ലബ് ലിയോൺ തുടങ്ങിയ ടീമുകളെ അട്ടിമറിച്ച് ഫൈനലിലെത്തിയ മറ്റൊരു ഫ്രഞ്ച് ക്ലബായ മൊണാക്കോയെ കീഴടക്കിയാണ് യൂറോപ്പിലെ ക്ലബ്ബ് രാജാക്കന്മാരായത്. അതുകൊണ്ട് തന്നെ പോർട്ടോ തന്നെയാവും മൗറീഞ്ഞോ തിരഞ്ഞെടുക്കുക എന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 17 മാസങ്ങളായി ടോട്ടനത്തിന്റെ പരിശീലകനായിരുന്ന മൗറീഞ്ഞോ ഇന്നലെയാണ് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടത്. ഞായറാഴ്ച ലീഗ് കപ്പ് ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിയെ ടോട്ടനം നേരിടാനിരിക്കെയാണ് മൗറീഞ്ഞോയെയും അദ്ദേഹത്തിനൊപ്പമുള്ള മുഴുവൻ കോച്ചിംഗ് സ്റ്റാഫിനെയും ഒറ്റയടിക്ക് പുറത്താക്കിയതായി ക്ലബ് പ്രഖ്യാപിച്ചത്.
advertisement
2002ൽ പോർട്ടോയുടെ പരിശീലകനായത് മുതൽ ഇതുവരെ പരിശീലിപ്പിച്ച എല്ലാ ക്ലബുകൾക്കും ട്രോഫികൾ നേടിക്കൊടുത്തിട്ടുള്ള കോച്ചിന് ലീഗ് കപ്പ് ഫൈനൽ വരെ സമയം അനുവദിക്കാതിരുന്നത് ആശ്ചര്യജനകമാണ്. ചെൽസി, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മൂന്ന് തവണ പ്രീമിയർ ലീഗ് കിരീടം നേടിയ പരിശീലകനാണ് മൗറീഞ്ഞോ.
2019 നവംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പകരം മൗറീഞ്ഞോ ടോട്ടനത്തിലെത്തിയത്. 86 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ചു. ചുമതലയേറ്റ വർഷം തന്നെ ലീഗിൽ പതിനാലാം സ്ഥാനത്തായിരുന്ന ടോട്ടനത്തെ ആറാം സ്ഥാനത്തേക്ക് എത്തിച്ചു. ഈ സീസണിൽ മാഞ്ചസ്റ്റർ ടീമുകളായ സിറ്റിയെയും യുണൈറ്റഡിനെയും തോൽപിച്ച് ഡിസംബറിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും അതേ പ്രകടനം തുടരാൻ കഴിയാതെ നിറം മങ്ങി.
advertisement
യുണൈറ്റഡിനൊപ്പം മൂന്ന് കിരീടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ടോട്ടനത്തിനായി ഒരു കിരീടം പോലും നേടാൻ പരിശീലകന് സാധിച്ചില്ല എന്നതും കാരണമായി. അതുകൂടാതെ ടീമിലെ സൂപ്പർ താരങ്ങളായ ഗരെത് ബെയ്ൽ, ഡെലെ അലി എന്നിവർക്ക് മൗറീഞ്ഞോയുടെ ടീമിൽ അവസരം കുറഞ്ഞതിൽ ആരാധകരുടെ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതും പുറത്താക്കലിലേക്ക് നയിച്ചതായി വേണം കരുതാൻ.
Location :
First Published :
April 20, 2021 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
ടോട്ടനം പുറത്താക്കിയ പരിശീലകന്‍ മൗറീഞ്ഞോയെ ലക്ഷ്യം വച്ച് മൂന്ന് ക്ലബ്ബുകൾ


