HOME » NEWS » IPL » VIRENDER SEHWAG SLAMS KKR BATSMEN DINESH KARTHIK AND ANDRE RUSSELL JK INT

IPL 2021 | കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം റസലും കാര്‍ത്തിക്കും; തുറന്നടിച്ച് വിരേന്ദര്‍ സെവാഗ്

ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു മുംബൈയ്ക്കു മുന്നില്‍ കൊല്‍ക്കത്ത മുട്ടുമടക്കിയത്

News18 Malayalam | news18-malayalam
Updated: April 14, 2021, 4:59 PM IST
IPL 2021 | കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം റസലും കാര്‍ത്തിക്കും; തുറന്നടിച്ച് വിരേന്ദര്‍ സെവാഗ്
വിരേന്ദര്‍ സെവാഗ്
  • Share this:
മുംബൈ ഇന്ത്യന്‍ സിനെതിരെ അനായാസം ജയിക്കാമായിരുന്ന കളി കളഞ്ഞുകുളിച്ച കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു മുംബൈയ്ക്കു മുന്നില്‍ കൊല്‍ക്കത്ത മുട്ടുമടക്കിയത്.

153 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കൊല്‍ക്കത്തക്ക് മുന്നില്‍ മുംബൈ വച്ച് നീട്ടിയത്. 72ന് ഒന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത അവിശ്വസനീയമാംവിധം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് 28 പന്തില്‍ നിന്ന് 31 റണ്‍സ് മാത്രമേ അവര്‍ക്ക് ആവശ്യമായിരുന്നുള്ളൂ. പക്ഷെ ഉജ്ജ്വലമായി പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ കൊല്‍ക്കത്തയെ 142 എന്ന സ്‌കോറില്‍ ഒതുക്കി. നിര്‍ണായക ഘട്ടത്തില്‍ റണ്‍സിന്റെ ഒഴുക്ക് നിയന്ത്രിച്ച് നിര്‍ത്താനും വിക്കറ്റുകള്‍ വീഴ്ത്താനും മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചത് കൊണ്ടാണ് കളിയില്‍ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മുംബൈ ബൗളര്‍മാരുടെ പന്തുകള്‍ക്ക് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ കയ്യില്‍ മറുപടിയും ഉണ്ടായിരുന്നില്ല.

കൊല്‍ക്കത്തയുടെ ഈ പ്രകടനത്തെയാണ് സെവാഗ് ചോദ്യം ചെയ്തത്. ഒന്ന് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്കാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലായിരുന്നു.

നിതീഷ് റാണ, ഷക്കീബ് അല്‍ ഹസന്‍ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ നഷ്ടമായത് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കിയത്. ഇവര്‍ രണ്ടു പേരും പുറത്തായതിന് ശേഷം വന്ന കാര്‍ത്തിക്കും റസലും ക്രീസില്‍ നില്‍ക്കെ അവര്‍ക്ക് ലക്ഷ്യം അപ്രാപ്യമായിരുന്നില്ല. എന്നാല്‍ മുംബൈയുടെ ഉജ്ജ്വല ബൗളിങും കാര്‍ത്തിക്, റസല്‍ എന്നിവരുടെ മോശം ബാറ്റിങും കൊല്‍ക്കത്തക്ക് തിരിച്ചടിയായി മാറി. 15 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് റസല്‍ പുറത്തായപ്പോള്‍ കാര്‍ത്തിക് 11 പന്തില്‍ എട്ടു റണ്‍സോടെ പുറത്താവാതെ നിന്നു. റസല്‍ പുറത്തായതിന് ശേഷം സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്താന്‍ കാര്‍ത്തിക്കിന് കഴിയായാഞ്ഞതും തിരിച്ചടിയായി.

കൊല്‍ക്കത്ത ഇനിയുള്ള മല്‍സരങ്ങളിലും ഇതുപോലെ പോസിറ്റീവ് മനോഭാവത്തോടെ തന്നെ കളിക്കുമെന്ന നായകന്‍ ഇയോന്‍ മോര്‍ഗന്റെ പരാമര്‍ശത്തോട് താന്‍ യോജിക്കുന്നില്ലെന്നു സെവാഗ് പറഞ്ഞു. ദിനേഷ് കാര്‍ത്തികും ആന്ദ്രെ റസ്സലും അങ്ങനെയൊരു മനോഭാവത്തോടെയാണ് ബാറ്റ് ചെയ്തതെന്നു എനിക്കു തോന്നുന്നില്ല. അവസാന ഓവറിലെ അവസാന ബോള്‍ വരെയെങ്കിലും കളിച്ച് ടീമിനെ വിജയിപ്പിക്കുകയെന്ന തരത്തിലായിരുന്നു രണ്ടു പേരുടെയും ബാറ്റിങ്. പക്ഷെ അതു സംഭവിച്ചില്ല. ഇവര്‍ക്കു മുന്നെ ബാറ്റ് ചെയ്ത ഷക്കീബ് അല്‍ ഹസന്‍, ഓയിന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഇവര്‍ കാണിച്ച പോസിറ്റീവ് മനോഭാവം ഇരുവരിലും കണ്ടില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഈ രണ്ടു പേരില്‍ ഒരാള്‍ അവസാനം വരെ ക്രീസില്‍ തുടരണമായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നേരത്തേ മുംബൈയുടെ ഇന്നിങ്സില്‍ എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മുന്നില്‍ ഒരു പാഠമായുണ്ടായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും 152 റണ്‍സ് മാത്രമേ മുംബൈയ്ക്കു നേടാനായുള്ളൂവെന്നും സേവാഗ് വിലയിരുത്തി.

153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15 ഓവറില്‍ നാലിന് 122 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അവസാനത്തെ അഞ്ചോവറില്‍ വെറും 20 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ. മൂന്നു വിക്കറ്റുകളും ഇതിനിടെ നഷ്ടമായി.

ഒരു ഘട്ടത്തില്‍ ജയിച്ച മല്‍സരമാണ് കൊല്‍ക്കത്ത കൈവിട്ടത്. റസല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ 27 പന്തില്‍ 30 റണ്‍സ് മാത്രമേ അവര്‍ക്കു വേണ്ടിയിരുന്നുള്ളൂ. കാര്‍ത്തിക് അവസാനം വരെ ബാറ്റ് ചെയ്തെങ്കിലും കളി ജയിപ്പിക്കാനായില്ല. ഇതു തീര്‍ച്ചയായും നാണക്കേടുണ്ടാക്കുന്ന പരാജയമാണെന്നും സെവാഗ് വിമര്‍ശിച്ചു.

153 റണ്‍സ് പിന്തുടരവെ അവസാന ആറോവറില്‍ ആറ്-ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 36-40 വരെ റണ്‍സ് മാത്രം മതിയാവുന്ന മല്‍സരങ്ങള്‍ നിങ്ങള്‍ക്കു വല്ലപ്പോഴും മാത്രം ലഭിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ടീമുകള്‍ എത്രയും പെട്ടെന്നു ചേസ് ചെയ്ത് ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക. പക്ഷെ കൊല്‍ക്കത്തക്ക് അതു സാധിച്ചില്ല. അവരുടെ നെറ്റ് റണ്‍റേറ്റിനെ അതു മോശമായി ബാധിക്കുകയും ചെയ്തതായും സെവാഗ് നിരീക്ഷിച്ചു.
Published by: Jayesh Krishnan
First published: April 14, 2021, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories