ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തു നിന്ന് ഡേവിഡ് വാര്‍ണര്‍ പുറത്താക്കപ്പെട്ട വാർത്ത. ശനിയാഴ്ചയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതായി അറിയിച്ചത്. പകരം സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിരുന്നു.
നായകസ്ഥാനത്തു നിന്നും നീക്കിയതായി അറിയിച്ചപ്പോള്‍ വാര്‍ണറുടെ പ്രതികരണം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ടോം മൂഡി.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതായി അറിയിച്ചപ്പോള്‍ വാര്‍ണര്‍ സ്തബ്ധനായെന്നും നിരാശ പ്രകടിപ്പിച്ചതായും മൂഡി വെളിപ്പെടുത്തി. വാര്‍ണര്‍ വളരെ മികച്ച താരമാണ്. അതുകൊണ്ടു തന്നെ നായകസ്ഥാനത്തു നിന്നു മാറ്റിയത് അദ്ദേഹത്തിനു ഞെട്ടലായിരുന്നു. ഏതൊരു താരവും സ്വന്തം ടീമിനായി കൂടുതൽ മല്‍സരങ്ങളില്‍ കളിക്കാനും കഴിവ് തെളിയിക്കാനുമായിരിക്കും ആഗ്രഹിക്കുക. ടീമിനു വേണ്ടി കഴിവിന്റെ പരമാവധി നല്‍കുന്നതിനെക്കുറിച്ചായിരിക്കും അവര്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നത്. വാര്‍ണറും അത്തരത്തിലുള്ള താരമാണെന്നും മൂഡി വിശദമാക്കി.
കൂടുതല്‍ മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് വാര്‍ണറെ നായകസ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നിലെ കാരണമെന്നും മൂഡി പറഞ്ഞു. ആറു മല്‍സരങ്ങളില്‍ നിന്നും 32.19 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ വാര്‍ണര്‍ക്ക് നേടാനായിരുന്നുള്ളൂ. ഇത് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതല്ലെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. ഐപിഎല്ലിൽ മികവ് തെളിയിച്ചിട്ടുള്ള താരമാണ് വാർണർ, അത്തരമൊരു താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല ഹൈദരാബാദ് ടീമിന് ഈ സീസണിൽ ലഭിക്കുന്നത്. താരത്തിൻ്റെ മെല്ലെപ്പോക്ക് ബാറ്റിംഗ് ടീമിന് വിനയാകുന്നു എന്നുള്ളത് പല മത്സരങ്ങളിലും കണ്ടു.
ക്യാപ്റ്റൻസി നഷ്ടമായതിന് പിന്നാലെ വാർണർക്ക് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും ടീമിലിടം കിട്ടിയില്ല. വാർണർക്കെന്നപോലെ ആരാധകർക്കും ഈ വാർത്ത ഞെട്ടിക്കുന്നതായിരുന്നു. ഈ ഒരു നീക്കം ശരിയായില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം ആരാധകർ ടീമിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജസ്ഥാനെതിരെ വാര്‍ണറെ ഒഴിവാക്കിയത് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുന്നതിനു വേണ്ടിയായിരുന്നെന്നും മൂഡി പറഞ്ഞു. ഈയൊരു ഘട്ടത്തില്‍ രണ്ടു വിദേശ ബാറ്റ്‌സ്മാന്‍മാര്‍, ഓള്‍റൗണ്ടര്‍, റാഷിദ് ഖാന്‍ എന്നതാണ് മികച്ച കോമ്പിനേഷനെന്നു ടീം മാനേജ്‌മെന്റ് കരുതുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ണര്‍ക്ക് പകരം മുഹമ്മദ് നബി ടീമിലെത്തിയതെന്നും മൂഡി വിശദീകരിച്ചു.
വില്ല്യംസണ്‍ നായകസ്ഥാനത്തേക്ക് വന്നത് കൂടാതെ താരം ഫോമിലുമാണ്. ഓപ്പണറായി ഇറങ്ങുന്ന ജോണി ബെയർസ്റ്റോ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും പ്രകടനത്തിൽ ടീം മാനേജ്‌മെൻ്റ് തൃപ്തരാണ്. കടുപ്പമേറിയ ഒരു തീരുമാനം ഞങ്ങള്‍ക്കു എടുത്തേ തീരൂ, ആരെങ്കിലും ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേ തീരൂ. നിര്‍ഭാഗ്യവശാല്‍ ഈ അവസരത്തില്‍ വാര്‍ണര്‍ക്കാണ് സ്ഥാനം നഷ്ടമായിരിക്കുന്നതെന്നും മൂഡി വ്യക്തമാക്കി.
ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് വാർണർ യോജിക്കുന്നുണ്ട്. ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത് ശരിയായ തീരുമാനമാണ്.
എസ്ആര്‍എച്ചിലെത്തിയതു മുതല്‍ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ വാര്‍ണറുണ്ടായിരുന്നു, വാർണറുടെ നേതൃത്വത്തിലാണ് 2016ൽ ആദ്യമായി അവർ ഐപിഎല്ലിൽ കിരീടം നേടിയത്. വാർണർ ടീമിന് വേണ്ടി ഒരുപാട് മികച്ച സംഭാവനകൾ നൽകിയ താരമാണെന്നും അദ്ദേഹത്തെ ടീമിന് വളരെയേറെ ആവശ്യമുണ്ടെന്നും മൂഡി കൂട്ടിച്ചേർത്തു.
Summary: Team manager Tom Moody reveals that David Warner got shocked and disappointed when removed from Sunrisers Hyderabad captaincy positionഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.