ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് ടീമിന്റെ അമരത്തുള്ളത് തന്നെയാണ് അതിന്റെ പ്രധാന കാരണവും. ചെന്നൈ ആരാധകര്‍ക്ക് ധോണി 'തല'യാണ്. ധോണി കഴിഞ്ഞാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ സുരേഷ് റെയ്നക്കാണ്. 'ചിന്നത്തല' എന്നാണ് അവര്‍ സ്നേഹത്തോടെ റെയ്നയെ വിളിക്കുന്നത്. കഴിഞ്ഞ സീസണിലൊഴികെ കളിച്ച എല്ലാ സീസണിലും ധോണിയും സംഘവും പ്ലേ ഓഫ് കടന്നിട്ടുണ്ട്. മൂന്ന് തവണ ചെന്നൈ ടീം ചാമ്പ്യന്മാരും ആയിട്ടുണ്ട്.
യു എ ഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ചെന്നൈക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ബോളിങ്ങിലും ബാറ്റിങ്ങിലും നല്ല പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ ടീമിന് കഴിയാതെ പോയിന്റ് ടേബിളില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇതിലൂടെ സമൂഹമാധ്യങ്ങളില്‍ ഒട്ടേറെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ചെന്നൈ ടീമും ആരാധകരും ഇരയായി. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ടീം മുന്നേറിക്കൊണ്ടിരുന്നത്. കോവിഡ് മൂലം ടൂര്‍ണമെന്റ് പതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ ടീം. ഇപ്പോള്‍ ടീമിന്റെ മുന്നേറ്റത്തിനു കാരണം വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്.
'ഇത്രയും ഗംഭീര തിരിച്ചുവരവ് സിഎസ്കെ നടത്തിയതില്‍ നായകന് എം എസ് ധോണിക്കു നിര്‍ണായക റോളുണ്ട്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ നമ്മള് കണ്ടതുപോലെയുള്ള പ്രകടനം അദ്ദേഹത്തിന് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഇത്തവണ ചെന്നൈ ടീമിലുള്‍പ്പെടുത്തിയത് വലിയ വ്യത്യാസമുണ്ടാക്കി. സുരേഷ് റെയ്നയുടെ തിരിച്ചുവരവും ടീമിന് ഗുണം ചെയ്തിട്ടുണ്ട്. എങ്കിലും പഴയതു പോലെയുള്ള പ്രകടനം അദ്ദേഹത്തിന് ആവര്‍ത്തിക്കാനായിട്ടില്ല. മുംബൈയിലെ വാങ്കഡെയിലെ ബാറ്റിങ് ട്രാക്കില്‍ തന്റെ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കു കഴിഞ്ഞു. അദ്ദേഹം തീര്‍ച്ചയായും ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. തന്റെ ടീമിനെ എങ്ങനെ മാനേജ് ചെയ്യുമെന്നത് ധോണിയെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമായിരുന്നു. അദ്ദേഹം അതു മികച്ച രീതിയില്‍ കൈകാര്യം ചെയ്തു'- ഇര്ഫാന് പറഞ്ഞു.
ടീം കോമ്പിനേഷനിലാകെ വലിയ ഇംപാക്ടുണ്ടാക്കിയത് മോയിന്‍ അലിയുടെ സാന്നിധ്യമാണെന്നു നിസംശയം പറയാന്‍ കഴിയുമെന്നും ഇര്ഫാന് പറഞ്ഞു. റെയ്ന കാലങ്ങളായി കൈവശം വച്ചു പോന്നിരുന്ന മൂന്നാം നമ്പര്‍ സ്ഥാനം പുതുതായി എത്തിയ മൊയീന്‍ അലിക്ക് വച്ചു നീട്ടിയത് തന്നെയായിരുന്നു ധോണി ഇത്തവണ വരുത്തിയ ഏറ്റവും പ്രധാന നീക്കം. കഴിഞ്ഞ സീസണില്‍ റെയ്ന കളിച്ചിരുന്നില്ലെങ്കിലും മൂന്നാം നമ്പറിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. എന്നാല്‍ മൊയീന്‍ അലി ഈ ദൗത്യം വളരെയധികം ഉത്തരവാദിത്വത്തോടെ തന്നെ ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ സംഭാവനയും എടുത്തുപറയേണ്ട ഒന്നാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീല്‍ഡിങ്ങിലും താരം അത്യുഗ്രന്‍ പ്രകടനമാണ് പുറത്തെടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.