തിരുവനന്തപുരം: കഴിഞ്ഞ മാസം 29 ആം തീയതി ശ്രീക്കുട്ടി എന്ന ആനക്കുട്ടി ചരിഞ്ഞതോടെയാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ ഹെർപ്പിസ് വൈറസ് ബാധ ഭീതിയിൽ ആക്കിയത്. വൈകാതെ ഹെർപ്പിസ് എന്ന മാരക വൈറസ് അർജുൻ എന്ന ആനക്കുട്ടിയുട്യും ജീവനെടുത്തു.
സാധാരണഗതിയിൽ ഹെർപിസ് വൈറസ് ബാധിച്ചാൽ പരമാവധി 24 മണിക്കൂർ മാത്രമേ ആനകൾക്ക് ജീവൻ ഉണ്ടാകൂ. എന്നാൽ ശ്രീക്കുട്ടിയും അർജുനും 24 മണിക്കൂർ തികയും മുമ്പേ വൈറസിന് കീഴടങ്ങുകയായിരുന്നു. ചികിത്സ നൽകാനുള്ള സമയം പോലും മെഡിക്കൽ സംഘത്തിന് ലഭിച്ചിരുന്നില്ല.
ഇതിനുപിന്നാലെയാണ് അതിവേഗം പടരുന്ന വൈറസ് മറ്റ് ആന കുട്ടികളിലേക്കും പടർന്നത്. മൂന്ന് ആനക്കുട്ടികളിലാണ് രോഗബാധയുണ്ടായത്. വൈറസ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 3 ആനക്കുട്ടികളും രോഗമുക്തി കൈവരിച്ചു. കണ്ണനും പൊടിച്ചിയും ആമിനയും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ സുഖമായിരിക്കുന്നു.
ഇതിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണന്റെ തിരിച്ചുവരവാണ് പ്രത്യേക മെഡിക്കൽ സംഘത്തിന് കൂടുതൽ സന്തോഷമേകുന്നത്. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘം ആണ് ആനകളെ ചികിത്സിച്ചത്.
ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് ആനക്കുട്ടികളെ രക്ഷിക്കാനായത്. വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധിതരായ ആനകളെ പ്രത്യേക ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. മറ്റ് ആനകളുമായി സമ്പർക്കത്തിൽ വരാത്ത രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. വൈറസ് ബാധിതരായ ആനകളെ പ്രത്യേകമായി നിരീക്ഷിച്ചാണ് ചികിത്സ ഏർപ്പെടുത്തിയത്.
You may also like:യുവാവിനെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയതിന് ഞായറാഴ്ച കാൽ നൂറ്റാണ്ട്; ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ പുറത്തുനിന്നും കൃത്യമായി എത്തിച്ചു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലും വിദഗ്ധ ചികിത്സയും ആണ് ആനക്കുട്ടികളെ രക്ഷിച്ചെടുക്കാൻ സഹായിച്ചത്.
ആനക്കുട്ടികൾ രോഗമുക്തി നേടിയെങ്കിലും വൈറസിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആമിനയുടെയും പൊടിച്ചിയുടെയും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമല്ല. എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ നിന്നും തിരിച്ചെത്തിയ കണ്ണൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. അതിനാൽ ആരോഗ്യ പ്രശ്നങ്ങൾ അതീവ ഗുരുതരമാകാതിരികാനുള്ള പ്രവർത്തനങ്ങൾ മെഡിക്കൽ സംഘത്തിന്റെ ഭാഗത്തുനിന്ന് തുടരുകയാണ്.
You may also like:വണ്ടിപ്പെരിയാർ കൊലപാതകം: പെൺകുട്ടിയെ പീഡിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങിനൽകിയിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതംഅതേസമയം 2 ആനകളെ നിരീക്ഷണത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞമാസം കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ടാണ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വൈറസ് ബാധയെ പിടിച്ചുകെട്ടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രത്യേക മെഡിക്കൽ സംഘം.
എന്നാൽ വൈറസ് ബാധ മറ്റ് ആനകളിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മെഡിക്കൽ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. വൈറസിന് ശേഷമുള്ള ആനകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനാൽ വരും ദിവസങ്ങളിലും പ്രവർത്തനം തുടരാനാണ് പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.