കൊച്ചി: വീട്ടമ്മയാണെന്ന കാരണത്താല്‍ വാഹനാപകട നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് നഷ്ടപരിഹാരത്തുക ഹൈക്കോടതി ഉയര്‍ത്തുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ അലക്ഷ്യമായി ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശിനി കാളുക്കുട്ടി (61) നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം രൂപയാക്കി കോടതി ഉയര്‍ത്തിയത്. 7.5% വാര്‍ഷികപലിശ സഹിതം നല്‍കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് ഉത്തരവ്. 2006 ഓഗസ്റ്റ് 24 നുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ് ഹര്‍ജിക്കാരി. ഇരിങ്ങാലക്കുട വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ 40,214 രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചത്.
ഈ തുക കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേകിച്ച് വരുമാനമില്ലാത്ത വീട്ടമ്മയായ ഹര്‍ജിക്കാരിക്ക് കുറഞ്ഞ തുക നിശ്ചയിച്ചതില്‍ അപാകമില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. എന്നാല്‍ ഈ വാദം അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ ചെയ്യുന്ന കടമകള്‍ മറ്റു ജോലികളോടു തുലനം ചെയ്യാന്‍ കഴിയില്ല. അവര്‍ ചെയ്യുന്ന കടമകളും രാഷ്ട്രനിര്‍മാണമായി കണക്കാക്കാവുന്നതാണ്. സാമ്പത്തിക മൂല്യമില്ലെന്ന പേരില്‍ ഇത് തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.