നടൻ രവി വള്ളത്തോൾ അന്തരിച്ചു; മറഞ്ഞത് സാംസ്കാരിക രംഗത്തെ സൗമ്യ സാന്നിദ്ധ്യമെന്ന് മന്ത്രി ബാലൻ

നൂറിലേറെ സീരിയലുകളിലും അമ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 25, 2020, 5:09 PM IST
നടൻ രവി വള്ളത്തോൾ അന്തരിച്ചു; മറഞ്ഞത് സാംസ്കാരിക രംഗത്തെ സൗമ്യ സാന്നിദ്ധ്യമെന്ന് മന്ത്രി ബാലൻ
നടൻ രവി വള്ളത്തോൾ അന്തരിച്ചു
  • Share this:
തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയൽ നടനും എഴത്തുകാരനുമായ രവി വള്ളത്തോൾ (67)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടേയും മകനാണ്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. ഭാര്യ ഗീതാലക്ഷ്മി പൊൻകുന്നം പുന്നാംപറമ്പിൽ കുടുംബാംഗമാണ്.

ദൂരദർശന്റെ പ്രതാപകാലത്ത് ശ്രദ്ധേയമായ നിരവധി സീരിയലുകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുണ്ട്. നൂറിലേറെ സീരിയലുകളിലും അമ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും നേടി. അസുഖ ബാധിതനായതിനാൽ ഏറെ നാളായി അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് സിനിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം, കമ്മീഷണര്‍, നാല് പെണ്ണുങ്ങൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ഇരുപത്തിയഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്.

1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്‌വരയില്‍ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ല്‍ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥയെഴുതിയത് രവി വള്ളത്തോളായിരുന്നു.

ഭാര്യയുമായി ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 'തണല്‍' എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തി വരികയായിരുന്നു.‌

 

മറഞ്ഞത് സാംസ്കാരിക രംഗത്തെ സൗമ്യ സാന്നിധ്യമെന്ന് മന്ത്രി ബാലൻ

സംസ്കാരിക രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു രവി വള്ളത്തോളെന്ന് മന്ത്രി എകെ ബാലൻ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. മഹത്തായ കലാ പാരമ്പര്യം ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു രവി വള്ളത്തോൾ. നിരവധി സാഹിത്യ സൃഷ്ടികളും അദ്ദേഹത്തിന്റേതായുണ്ട്. നമ്മുടെ സംസ്കാരിക രംഗത്തെ
സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും അനുശോചന കുറിപ്പിൽ മന്ത്രി.
First published: April 25, 2020, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading