അന്ന് 'ഭ്രാന്തന്‍ നായ'; യതീഷ് ചന്ദ്ര താരമാകുന്നത് ഇങ്ങനെ
Last Updated:
യതീഷ് ചന്ദ്ര, സംഘര്‍ഷ മുഖത്ത് നേരിട്ടിറങ്ങി അക്രമികളെ അടിച്ചൊതുക്കുന്ന യുവ ഐ.പി.എസുകാരന്‍. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ചിട്ടുള്ളതാണ് ഈ പൊലീസ് ഓഫീസറുടെ സ്‌റ്റൈല്‍. ഒരു കാലത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്ന അതേ യതീഷ് ചന്ദ്രയ്ക്കാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നിലയ്ക്കലെ സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നതും.
ബസ് തടഞ്ഞ് നിര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയില്‍ നിന്ന്, സന്നിധാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് വാങ്ങിയതും ഈ യുവ ഐ.പി.എസുകാരനാണ്. ശശികലയെ തടഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ഏല്‍പ്പിക്കുന്ന ചുമതലകള്‍ മുഖം നോക്കാതെ വെടിപ്പോടെ നടപ്പാക്കുകയെന്നതാണ് യതീഷ് ചന്ദ്രയുടെ രീതി. കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ബംഗലുരുവിലെ ബഹുരാഷ്ട്ര കമ്പനില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറുടെ ജോലി വേണ്ടെന്ന് വച്ചാണ് ഐ.പി.എസിലേക്ക് തിരിഞ്ഞത്. ഹൈദരബാദ് വല്ലഭായി പട്ടേല്‍ പൊലീസ് അക്കാദമിയിലെ പരിശീലന കാലയളവിലും യതീഷ് ചന്ദ്ര തന്റെ മികവ് തെളിയിച്ചിരുന്നു. യതീഷിന്റെ ബാച്ചാണ് അത്തവണത്തെ മികച്ച ടീമിനുള്ള അംഗീകാരം നേടിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. 2011 ലെ കേരള കേഡര്‍ ഐ.പി.എസ് ബാച്ചുകാരനാണ് 33 കാരനായ ഈ ഓഫീസര്‍.
advertisement
അങ്കമാലി സംഭവം
2015 ല്‍ ആലുവ റൂറല്‍ എസ്.പിയായിരിക്കെ ഇടതുപക്ഷം നടത്തിയ അങ്കമാലിയില്‍ നടത്തിയ ഉപരോധ സമരത്തിന് നേരെ നടപടിയെടുത്തതാണ് ഈ യുവ ഐ.പി.എസുകാരനെ വാര്‍ത്താ താരമാക്കിയത്. വഴിതടയല്‍ നിര്‍ത്തണമെന്നും യാത്രക്കാരെ കടത്തിവിടണമെന്നും യതീഷ് ആവശ്യപ്പെട്ടു. എന്നാല്‍ നേതാക്കളും അനുയായികളും ഇത് ചെവികൊണ്ടില്ല. അന്ന് പ്രായഭേദമില്ലാതെ യുവാക്കളും വയോധികരുമായ സി.പി.എം നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്തു. പാര്‍ട്ടി ഓഫീസിലും പൊലീസ് കയറി. യതീഷ് ചന്ദ്ര 'ഭ്രാന്തന്‍ നായയെപ്പോലെ' ആണെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനം.
advertisement

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇദ്ദേഹത്തെ കേരളത്തിന്റെ ഏതെങ്കിലും മൂലയിലേക്ക് തട്ടുമെന്നും കൊച്ചിയിലെ 'സഖാക്കള്‍' വീരവാദം മുഴക്കി. എന്നാല്‍, കൊച്ചി ഡി.സി.പി തസ്തികയിലായിരുന്നു നിയമനം. അന്താരാഷ്ട്ര ബന്ധമുള്ള ക്രിമിനലുകളെ ഒതുക്കാന്‍ യതീഷ് ചന്ദ്രയ്‌ക്കേ സാധിക്കൂവെന്ന പൊലീസ് ഉന്നതരുടെ തിരിച്ചറിവായിരുന്നു ഇതിനു പിന്നില്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രാഫിക് നിയമം തെറ്റിച്ചതിന് ഒരു യുവതി ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി നിയമം ഓര്‍മ്മപ്പെടുത്തിയ സംഭവവുമുണ്ടായി. ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ ലൈവായി നടന്ന ആ വിചാരണ അന്ന് അദ്ദേഹം സമചിത്തതയോടെയാണ് തരണം ചെയ്തത്.
advertisement
പുതുവൈപ്പിന്‍ സമരം
പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇടപെട്ടിരുന്നു. കമ്മീഷന്‍ വിസ്തരിക്കുന്നതിനിടെ കൂളായാണ് യതീഷ് ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്. എന്നാല്‍ അന്ന് യതീഷ് ചന്ദ്രയുടെ അധികരപരിധിയില്‍പ്പെട്ട സ്ഥലത്തല്ല ലാത്ത് ചാര്‍ജ് നടന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയായിരുന്നു. വിസ്താരത്തിനിടെ ഏഴുവയസുകാരനായ 'അലന്‍' തന്റെ അച്ഛനെ തല്ലിയത് ഈ പൊലീസാണെന്ന് യതീഷിന്റെ മുഖത്തു നോക്കി പറഞ്ഞതും വാര്‍ത്തയായി. എന്നാല്‍ അത് താന്‍ ആയിരുന്നില്ലെന്നും ആളു മാറിപ്പോയതാകാമെന്നും പറഞ്ഞ് ഏഴു വയസുകാരനെ യതീഷ് ചന്ദ്ര സമാധാനിപ്പിച്ചു.
advertisement

ഇപ്പോഴത്തെ ട്വിസ്റ്റ്
അങ്കമാലിലെ സഖാക്കളെ കൈകാര്യം ചെയ്തപ്പോള്‍ യതീഷ് ചന്ദ്രയെ സൂപ്പര്‍ ഹീറോ ആക്കിയത് സംഘികളായിരുന്നു. അതേ യതീഷ് തന്നെയാണ് ഇന്ന് നിലയ്ക്കലില്‍ സംഘപരിവാറുകാരെ കൈകാര്യം ചെയ്യുന്നതും. ഗ്യാലറിയില്‍ ഇരുന്ന് കൈയ്യടിക്കുന്നത് അങ്കമാലിയില്‍ അടികിട്ടിയവരാണെന്നു മാത്രം!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2018 8:19 PM IST



