അധിക്ഷേപം അതിരുകടന്നു; മലപ്പുറം എസ് പിക്കെതിരായ പി.വി. അൻവർ എംഎൽഎയുടെ വിമർശന പ്രസംഗത്തിൽ സേനയ്ക്കുള്ളിൽ അമർഷം
- Published by:Rajesh V
- news18-malayalam
- Written by:Anumod
Last Updated:
ജില്ലയിലെ എല്ലാ പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ പി വി അൻവർ നടത്തിയ അധിക്ഷേപം സേനയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതായാണ് പലരും വിലയിരുത്തുന്നത്
സി.വി. അനുമോദ്
കേരള പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളന ഉദ്ഘാടനത്തിൽ പി വി അൻവർ എംഎൽഎ മലപ്പുറം എസ് പി ശശിധരൻ ഐ പി എസിനെതിരെ നടത്തിയ അധിക്ഷേപത്തിൽ പൊലീസ് സേനയിൽ വിമർശനം കടുക്കുന്നു. നയങ്ങൾക്കും നടപടികൾക്കും എതിരെ വിമർശനം ഉന്നയിക്കുന്നതിന് പുറമെ എസ് പി യെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പൊലീസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന സ്ഥലം മാറ്റവും, അതിനെ ന്യായീകരിച്ചുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങളും ക്വാട്ട തികക്കാൻ വേണ്ടി പെറ്റി കേസുകൾ എടുക്കുന്നതും ചെങ്കല്ല് വണ്ടികളും മണ്ണ് ലോറികളും പിടികൂടുന്നത് കർശനമാക്കിയതുമെല്ലാമാണ് പി വി അൻവർ പൊലീസിനെ വിമർശിക്കാൻ ഉപയോഗിച്ച പ്രധാന ആക്ഷേപങ്ങൾ.
advertisement
കല്ലും മണ്ണും പൊലീസ് വ്യാപകമായി പിടികൂടാൻ തുടങ്ങിയതോടെ ഇവയുടെ വില ഇരട്ടിയിൽ അധികമായി. ഇതെല്ലാം വീട് പണിയുന്ന സാധാരണക്കാരനെ പ്രതിസന്ധിയിൽ ആക്കി. ക്വാട്ട തികക്കാൻ പെറ്റി കേസുകളുടെ എണ്ണം പൊലീസ് കൂട്ടിയതിനെതിരെ മുൻപേ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം നയപരമായ കാര്യങ്ങൾ എന്ന നിലയ്ക്ക് വിമർശിച്ച എംഎൽഎ പക്ഷെ ഒരുപടി കൂടി കടന്ന് എസ് പിയേ വ്യക്തിപരമായി കൂടി അധിക്ഷേപിക്കുന്ന നിലയ്ക്ക് ആണ് പ്രസംഗിച്ചത്.
മനപ്പൂർവം കാത്ത് നിർത്തി എന്ന വിമർശനം അത് കൊണ്ട് തന്നെ പൊലീസ് സേന അധിക്ഷേപമായാണ് കാണുന്നത്. തന്റെ പാർക്കിലെ റോപ് വേയുടെ ലക്ഷങ്ങൾ മൂല്യമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ പൊലീസ് നടപടി ഇഴയുന്നതും എംഎൽഎയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ ആ വിമർശനം പറയുന്നതിന് ഒപ്പം ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി സിം കാർഡുകൾ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടിയതിനെ പരിഹസിക്കുകയാണ് എംഎൽഎ ചെയ്തത്. ഇതും പൊലീസിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.
advertisement
കേസ് ക്വാട്ട, സ്ഥലംമാറ്റം, ജോലി സമ്മർദ്ദം തുടങ്ങി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവത്തിൽ ഉന്നയിക്കുന്ന പല പ്രശ്നങ്ങളും എംഎൽഎ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നവർ തന്നെ പക്ഷെ എസ് പി ക്ക് എതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം അംഗീകരിക്കാൻ ആകില്ലെന്ന് തുറന്നു പറയുന്നു. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള, അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലും ജില്ലാ പൊലീസ് മേധാവി എന്ന നിലയിൽ കർശന നിലപാട് സ്വീകരിക്കുന്ന, ഇത് വരെ വിവാദങ്ങളിൽ ഉൾപ്പെടാത്ത എസ് ശശിധരനെതിരെ എംഎൽഎ നടത്തിയ അധിക്ഷേപം അത് കൊണ്ട് തന്നെ പൊലീസ് സേന വളരെ ഗൗരവത്തിൽ ആണ് എടുക്കുന്നത്.
advertisement
ജില്ലയിലെ എല്ലാ പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ പി വി അൻവർ നടത്തിയ അധിക്ഷേപം സേനയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതായാണ് പലരും വിലയിരുത്തുന്നത്. അധിക്ഷേപങ്ങൾക്ക് മറുപടി പറയാതെ ചടങ്ങിന് ആശംസകൾപ്പിച്ച് വേദി വിട്ട എസ് പിയുടെ നടപടി തികച്ചും അനുയോജ്യമായി എന്നാണ് വിലയിരുത്തൽ.
advertisement
ഇത് ആദ്യമായല്ല പിവി അൻവർ എംഎൽഎ സർവീസ് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി കൊമ്പ് കോർക്കുന്നത്. മുൻപ് മലപ്പുറം കലക്ടർ ആയിരുന്നു ജാഫർ മാലിക്കിന് എതിരെയും പിവി അൻവർ എംഎൽഎ ഇത്തരത്തിൽ അധിക്ഷേപങ്ങളും വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. വിവാദ പ്രസംഗത്തിനു ശേഷവും പി വി അൻവർ
സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല എന്ന നിലപാടിലാണ് എസ് പി എസ് ശശിധരൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
August 20, 2024 8:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധിക്ഷേപം അതിരുകടന്നു; മലപ്പുറം എസ് പിക്കെതിരായ പി.വി. അൻവർ എംഎൽഎയുടെ വിമർശന പ്രസംഗത്തിൽ സേനയ്ക്കുള്ളിൽ അമർഷം