തിരുവനന്തപുരം: ഇരുപത്തിയൊന്നു വയസ്സുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. ചുമതല ഏറ്റെടുക്കുന്നതോടെ മേയറാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂർവത കൂടിയാണ് ആര്യ സ്വന്തമാക്കുന്നത്. മുടവൻമുകൾ വാർഡിൽ നിന്നും വിജയിച്ച ആര്യ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്.
2019 ലെ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിലെ ജവഹർ നഗർ മുൻസിപ്പൽ കോർപറേഷനിൽ മേയർറായ മേഖല കാവ്യ ആയിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. ഇരുപത്തിയാറാം വയസിലാണ് കാവ്യ മേയർ പദവിയിലെത്തിയത്. കാവ്യയുടെ ഈ റെക്കോഡാണ് തിരുവനന്തപുരം മേയർ പദവിയിൽ എത്തുന്നതോടെ ആര്യ രാജേന്ദ്രൻ തകർക്കുന്നത്.
ആൾ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
തിരുവനന്തപുരത്ത് മുതിർന്ന സി.പി.എം പ്രതിനിധിയായ ജമീല ശ്രീധർ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്‌ക്കായിരുന്നു.
കോർപറേഷനിലെ യുവ നേതൃമുഖം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തൽ. നേരത്തെ യുവാക്കളുടെ പ്രതിനിധിയായി വി കെ പ്രശാന്തിനെ മേയറാക്കിയും സി.പി.എം മാതൃക കാട്ടിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.