• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കവിത എഴുതാത്ത മലയാളം അധ്യാപകരെ പിരിച്ചുവിടാന്‍ സര്‍ക്കാരോ യുജിസിയോ നിര്‍ദ്ദേശം വെച്ചിരുന്നോ'

'കവിത എഴുതാത്ത മലയാളം അധ്യാപകരെ പിരിച്ചുവിടാന്‍ സര്‍ക്കാരോ യുജിസിയോ നിര്‍ദ്ദേശം വെച്ചിരുന്നോ'

 • Last Updated :
 • Share this:
  തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് കലേഷിന്റെ കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരൻ ബച്ചു മാഹീ. ഇന്ന് എല്ലാ ഫോക്കസും കേന്ദ്രീകരിക്കേണ്ട, കേരളത്തിലെ ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയം ഒരു സാഹിത്യചോരണം അല്ലെന്ന ബോധ്യത്തില്‍ത്തന്നെ കുറിക്കട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്കില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

  മലയാളത്തിലെ മുന്‍നിര പോര്‍ട്ടലുകളും പ്രമുഖപത്രങ്ങളും വിഷയത്തില്‍ മറുവാദമായി പ്രസിദ്ധീകരിച്ച കണ്ടത് ആരോ ട്രാപ് ചെയ്തെന്നാണെന്നും ആരോ മറ്റൊരാളിന്റെ കവിത പകര്‍ത്തിയെഴുതി തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നാണെന്നും പറയുന്ന ബച്ചു തന്റേതല്ലാത്ത സൃഷ്ടി സ്വന്തം പേര് വെച്ച് അച്ചടിക്കേണ്ട അത്യന്താപേക്ഷിത സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നാണ് പറയുന്നത്.

  'ഞങ്ങൾ ആ കവിയെ വിശ്വസിക്കുന്നു'; എകെപിസിടിഎ എഡിറ്റർ പറയുന്നു

  'കവിത എഴുതാത്ത മലയാളം അധ്യാപകരെ പിരിച്ചുവിടാന്‍ സര്‍ക്കാരോ യുജിസിയോ നിര്‍ദ്ദേശം വെച്ചിരുന്നോ?! അതോ ആരെഴുതിയാലും വേണ്ടില്ല, സ്വന്തംപേരില്‍ ഒരു കവിത അച്ചടിച്ച് വരണമെന്ന അടങ്ങാനാകാത്ത അഭിനിവേശമോ?' ബച്ചു ചോദിക്കുന്നു.

  പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

  'ഇന്ന് എല്ലാ ഫോക്കസും കേന്ദ്രീകരിക്കേണ്ട, കേരളത്തിലെ ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയം ഒരു സാഹിത്യചോരണം അല്ലെന്ന ബോധ്യത്തില്‍ത്തന്നെ കുറിക്കട്ടെ.

  (1) സംഘപരിവാര്‍ ഫാഷിസമെന്ന ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തിനെ പ്രതിരോധിക്കേണ്ടത് കുറെ ബലൂണുകള്‍ വീര്‍പ്പിച്ചല്ല. യാതൊരു രാഷ്ട്രീയപരതയോ പ്രത്യയശാസ്ത്രബോധമോ ഇല്ലാത്ത ഭൂലോകദുരന്തങ്ങളെ സിനിമാതാരങ്ങള്‍ എന്ന ഏകപരിഗണനയില്‍ ഇലക്ഷന് നിര്‍ത്തുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്, കൃത്രിമമായ താരപരിവേഷത്തോടെ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളെ ആവശ്യത്തിന് ഉപയോഗിക്കാനായി കരുതല്‍പ്പട്ടികയില്‍ സൂക്ഷിക്കുന്നത് മനസിലാക്കാം. എന്നാല്‍ അത്തരം കെട്ടുകാഴ്ചകള്‍ ഫാഷിസവിരുദ്ധതയുടെ വിഴുപ്പല്ല. സ്വന്തം നിലക്ക് അവരൊക്കെ ചെന്നുപെടുന്ന വീഴ്ചകളില്‍ കൈപിടിക്കാനോ കല്ലെറിയാനോ അതിനു ബാധ്യതയില്ല. ലോലമനസ്‌കരായ ആരാധകര്‍ക്ക് സ്വന്തം നിലക്ക് പ്രതിരോധം തീര്‍ക്കാവുന്നതാണ്.

  (2) മലയാളത്തിലെ മുന്‍നിര പോര്‍ട്ടലുകളും പ്രമുഖപത്രങ്ങളും ചാനലുകളും ഒക്കെ ഈ വിഷയത്തില്‍ മറുവാദമായി പ്രസിദ്ധീകരിച്ച് കണ്ടത് ആരോ ട്രാപ് ചെയ്തെന്നാണ്. ആരോ മറ്റൊരാളിന്റെ കവിത പകര്‍ത്തിയെഴുതി തന്റേത് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു എന്ന്. അപ്പോഴും, തന്റേതല്ലാത്ത സൃഷ്ടി സ്വന്തം പേര് വെച്ച് അച്ചടിക്കേണ്ട അത്യന്താപേക്ഷിത സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കവിത എഴുതാത്ത മലയാളം അധ്യാപകരെ പിരിച്ചുവിടാന്‍ സര്‍ക്കാരോ യുജിസിയോ നിര്‍ദ്ദേശം വെച്ചിരുന്നോ?! അതോ ആരെഴുതിയാലും വേണ്ടില്ല, സ്വന്തംപേരില്‍ ഒരു കവിത അച്ചടിച്ച് വരണമെന്ന അടങ്ങാനാകാത്ത അഭിനിവേശമോ? എന്തായാലും 'ഞാനായോ ഇപ്പം നിരപരാധി' എന്ന സിനിമാ ഡയലോഗ് പോലെ, അക്കാര്യം ഉന്നയിച്ചവരെ കുറ്റക്കാരാക്കുന്ന വിശദീകരണമാണ് ആരോപിത വ്യക്തിയുടെ വാളില്‍ കണ്ടത്.'

  First published: