തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാം; അനുമതി കർശന ഉപാധികളോടെ

Last Updated:

'ഏകഛത്രാധിപതി' പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ സ്വദേശം ബീഹാറാണ്. മോട്ടിപ്രസാദ് എന്നായിരുന്നു പഴയ പേര്. കേരളത്തില്‍ എത്തിയതോടെ തലയെടുപ്പിനൊത്ത പേര് ഏറ്റവും ഉയരമമുള്ള ഈ ഗജരാജന് ചാര്‍ത്തിക്കൊടുകയായിരുന്നു

തൃശൂർ: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അധികൃതർ അനുമതി നല്‍കിയത്. എഴുന്നള്ളിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രമെ എഴുന്നള്ളിക്കാൻ പാടുള്ളു. നാലു പാപ്പാന്മാര്‍ കൂടെ വേണം എന്നിവയാണ് അനുമതി നൽകിയതിനൊപ്പം അധികൃതർ മുന്നോട്ടുവെച്ച് നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ.
ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണം എന്നിവയും ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച്‌ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്. ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കുമെന്നും കളക്ടർ നൽകിയ നിർദേശത്തിൽ പറയുന്നു.
കേരളത്തിലെ ആനപ്രേമികളുടെ ഹീറോയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 13 പേരെ കൊലപ്പെടുത്തിയെന്ന കുപ്രസിദ്ധിക്കിടയിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്. 2019 മെയ് മാസത്തിൽ തൃശൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയതോടെയാണ് ഈ ഗജരാജന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ പേരിലാണ്.
advertisement
'ഏകഛത്രാധിപതി' പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ സ്വദേശം ബീഹാറാണ്. മോട്ടിപ്രസാദ് എന്നായിരുന്നു പഴയ പേര്. കേരളത്തില്‍ എത്തിയതോടെ തലയെടുപ്പിനൊത്ത പേര് ഏറ്റവും ഉയരമമുള്ള ഈ ഗജരാജന് ചാര്‍ത്തിക്കൊടുകയായിരുന്നു. 1979 ല്‍ തൃശൂര്‍ സ്വദേശിയായ വെങ്കിടാചലാദ്രസ്വാമികളാണ് മോട്ടിപ്രസാദിനെ ബിഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കേരളത്തിലെത്തിച്ചത്. മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശന്‍ എന്ന പേരുമിട്ടു. 1984-ല്‍ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി.
advertisement
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെയാണ് രാമചന്ദ്രനെ ഗജരാജനാക്കിയത്. 2011 മുതല്‍ തൃശൂര്‍ പൂരത്തിലെ പ്രധാനചടങ്ങായ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്നതും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്.
തെച്ചിക്കോട്ടെത്തി അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ വകവരുത്തി. ഇതു കൂടാതെ നാല് സ്ത്രീകളും ഒരു വിദ്യാര്‍ഥിയും ആക്രണത്തില്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് 2019 മെയിൽ തൃശൂരില്‍ നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും കൊല്ലപ്പെട്ടത്. വലതുകണ്ണിന്‍റെ കാഴ്ചശക്തി പൂര്‍ണമായും ഇടതു കണ്ണിന്‍റേത് ഭാഗികമായും നഷ്ടമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
advertisement
2019 മെയിൽ തൃശൂരിലെ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിച്ചപ്പോഴാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വീണ്ടും ഇടഞ്ഞത്. എഴുന്നള്ളത്തിനിടെ പടക്കം പൊട്ടിച്ചതാണ് ആനയെ അക്രമാസക്തനാക്കിയത്. മുന്നില്‍ അകപ്പെട്ട നാരായണ പട്ടേരിയെ ചവിട്ടിയരച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഗംഗാധരന്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 2009 ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ക്ഷേത്രത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേവര്‍ഷം എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലും തെച്ചിക്കോട് ഇടഞ്ഞു. അന്നും ഒരു സ്ത്രീ മരിച്ചു. 2013-ല്‍ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ മൂന്നു സ്ത്രീകളാണ് രാമചന്ദ്രന്‍റെ കുത്തേറ്റ് മരിച്ചത്. ഈ കേസിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതി ജാമ്യം അനുവദിച്ചതും. പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. അങ്ങനെ കൊലക്കേസില്‍ ആദ്യമായി ജാമ്യത്തില്‍ ഇറങ്ങിയ ആനയെന്ന റെക്കോഡും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ സ്വന്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാം; അനുമതി കർശന ഉപാധികളോടെ
Next Article
advertisement
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
മോഹൻലാലിൻ്റെ പേരിലെ പരസ്യചിത്ര കേസ് ഹൈക്കോടതി റദ്ദാക്കി
  • മോഹൻലാലിനെതിരെ മണപ്പുറം ഫിനാൻസിന്‍റെ പലിശ വിവാദത്തിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

  • ബ്രാൻഡ് അംബാസഡർ മാത്രമായിരുന്ന മോഹൻലാലിന് ഉപഭോക്തൃ സേവന പോരായ്മയിൽ ബാധ്യതയില്ല.

  • പരസ്യത്തിൽ പറഞ്ഞ പലിശയേക്കാൾ കൂടുതലാണ് ഈടാക്കിയതെന്ന പരാതിയിൽ നടനെ കുറ്റവിമുക്തനാക്കി.

View All
advertisement