കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി. സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പി സി ജോർജ് മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പൂഞ്ഞാറില്‍ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി. സി. ജോര്‍ജ് പറഞ്ഞു
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റും ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍, ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി. ജെ. പി വിജയിക്കൂവെന്നാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇത്തവണ ട്രെൻഡ്സ് പോർട്ടൽ സേവനം ഉണ്ടാകില്ല. ഇക്കുറി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ കേന്ദ്രീകൃത വെബ്സൈറ്റും മൊബൈല്‍ ആപ്പും വഴി മാത്രമേ തെരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കുകയുള്ളു. മുൻകാല തെരഞ്ഞെടുപ്പുകളിൽ അതത് സംസ്ഥാനത്തെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പ്രത്യേകം ലഭ്യമാക്കാന്‍ സജ്ജീകരിച്ചിരുന്ന സമഗ്ര വിവരങ്ങളടങ്ങിയ ട്രെന്‍ഡ്സ് പോര്‍ട്ടല്‍ ആണ് ഇത്തവണ കമ്മിഷന്‍ ഒഴിവാക്കിയത്. മാധ്യമങ്ങൾക്കു വിവരം ലഭ്യമാക്കുന്ന പ്രത്യേക ലിങ്കും ഇക്കുറി ഉണ്ടാകില്ല.
ഇത്തവണ 4,53,237 തപാല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന തപാല്‍ വോട്ടും പരിഗണിക്കേണ്ടി വരും. തപാല്‍ വോട്ട് എണ്ണുന്നതിന് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യം എണ്ണുന്നത് തപാല്‍ വോട്ടായതിനാല്‍ ആദ്യ ഫലസൂചന അറിയാന്‍ കഴിഞ്ഞ പ്രാവശ്യത്തേക്കള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
നിയസഭാ തെരഞ്ഞെടുപ്പ് ഫലം അറിയുന്നത് എങ്ങനെ?
കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ല്‍ വഴി ആയിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാനാകുക. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഈ വെബ്സൈറ്റിൽ ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൊബൈല്‍ ആപ്പിലും വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭിക്കും. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു ഫലം ഒറ്റ വെബ്‌സൈറ്റില്‍ മാത്രമായി ലഭ്യമാക്കുമ്പോൾ സെർവർ തകരാർ ഉൾപ്പടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Also Read-
'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശംഅതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. കോവിഡ് മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.
രാവിലെ എട്ടിന് തപാൽ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. ഒരു മണ്ഡലത്തില് ശരാശരി 4,100 തപാല്‍ വോട്ട്. ഇതിന് ഒരു ടേബിളായിരുന്നു മുമ്പ്. ഇക്കുറി ആയിരം മുതല്‍ 3000 വരെ എങ്കിലും തപാൽ വോട്ടുകൾ വര്ദ്ധിച്ചിട്ടുണ്ട്. അതിനാല് ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല് വോട്ടുകളുടെ ഫലമറിയാന് 9.30 ആകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.