നിയമസഭയിലേക്ക് മത്സരിച്ച സിനിമാക്കാർ ബിജെപിയോട് 'കട്ട്' പറയുന്നു; കുലുക്കമില്ലാതെ സംസ്ഥാന നേതൃത്വം

Last Updated:

2024 ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബിജെപി കേരള ഘടകത്തില്‍ നിന്ന് കലാകാരന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.

തമിഴ്നാട്ടിലും ആന്ധ്രയിലും സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ പോലെയായിരുന്ന കാലത്തും കേരളം സിനിമക്കാരായ രാഷ്ട്രീയക്കാരോട് അല്‍പ്പം അകലം പാലിച്ചു. കാലം ഒരുപാട് പിന്നീട്ടപ്പോള്‍ സിനിമാക്കാരായ രാഷ്ട്രീയക്കാരെ ജനപ്രതിനിധികളാക്കാന്‍ മലയാളികള്‍ തയ്യാറായി. കെ.ബി ഗണേഷ് കുമാറും, മുകേഷും ഇന്നസെന്‍റുമൊക്കെ രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും സിനിമാപ്രവര്‍ത്തകരായി തുടര്‍ന്നു. സിപിഎമ്മിലേക്കും കോണ്‍ഗ്രസിലേക്കും മാത്രമല്ല മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കേരളത്തില്‍ ബിജെപിയിലേക്കും ചേക്കാറാന്‍ സിനിമാക്കാരുണ്ടായി.
തെരഞ്ഞെടുപ്പ് കാലത്തെ താരപ്രചാരകരായും സ്ഥാനാര്‍ഥികളായും ഓടിനടന്ന് പ്രവര്‍ത്തിച്ചിരുന്ന ഇക്കൂട്ടരില്‍ ഓരോരുത്തരായി പാര്‍ട്ടി വിടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന ബിജെപിയില്‍ കാണുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലെത്തിയ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ (അലി അക്ബര്‍) എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥികളായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരുന്നു.  7 വര്‍ഷം മുന്‍പ് ബിജെപിയിലെത്തിയ മൂവരും ഇപ്പോള്‍ പാര്‍ട്ടി വിടുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
ബിജെപിയില്‍ നിന്നുകൊണ്ട് കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാരണം പറഞ്ഞ് ആദ്യം പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത് സംവിധായകന്‍ രാജസേനനാണ്. 2016ലെ നിയമസഭ തെരഞ്ഞെെടുപ്പില്‍ അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച രാജസേനന്‍ 20294 വോട്ടുകള്‍ നേടിയിരുന്നു. കൂടാതെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ അനുകൂല നിലപാടെടുത്ത രാജസേനന് പിന്നീട് ബിജെപിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ല.
രാജസേനന്‍റെ ചുവടുപിടിച്ച് ബിജെപി വിട്ട് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പിന്നാലെ നടന്‍ ഭീമന്‍ രഘുവുമെത്തി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമാക്കാര്‍ കൂട്ടത്തോടെ മത്സരരംഗത്തെത്തിയ പത്തനാപുരം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി കെ.ബി ഗണേഷ് കുമാറിനോടും യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിനോടും മത്സരിക്കാന്‍ ബിജെപി കളത്തിലിറക്കിയത് ഭീമന്‍ രഘുവിനെയായിരുന്നു. 11700 വോട്ടുകള്‍ മാത്രം നേടിയ രഘുവിന് തെരഞ്ഞെടുപ്പിലും പിന്നീട് പാര്‍ട്ടിയിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
advertisement
ഈ നിരയിലെ മൂന്നാം പേരുകാരനാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ എന്ന അലി അക്ബര്‍. സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പിന്തുണക്കുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തി ബിജെപി സൈബര്‍ സംഘത്തിന്‍റെ കണ്ണിലുണ്ണിയായി മാറിയ അലി അക്ബര്‍ 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിയായി. 11537 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നാലെ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് രാമസിംഹനെന്ന് പേരുമാറ്റിയെത്തിയ അലി അക്ബര്‍ മലബാര്‍ കലാപം പശ്ചാത്തലമാക്കി ‘പുഴമുതല്‍ പുഴവരെ’ എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ബിജെപി നേതാക്കളില്‍ നിന്നടക്കം കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ നിരാശനായ രാമസിംഹന്‍ ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
advertisement
2024 ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബിജെപി കേരള ഘടകത്തില്‍ നിന്ന് കലാകാരന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. കലാരംഗത്തുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല ബിജെപി എന്ന പ്രതീതി ഇതിനോടകം പരന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും തന്നെ ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലേക്ക് മത്സരിച്ച സിനിമാക്കാർ ബിജെപിയോട് 'കട്ട്' പറയുന്നു; കുലുക്കമില്ലാതെ സംസ്ഥാന നേതൃത്വം
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement