'ലക്ഷദ്വീപ് നിവാസികളെ അപരവൽക്കരിക്കുന്ന പ്രചരണങ്ങൾ ആരും നടത്തരുത്'; പ്രതികരിച്ച് സന്ദീപ് ജി വാര്യർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
അനാർക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെൽഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകൾ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കിൽ നന്നായേനെ.
ലക്ഷദ്വീപുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. വിഷയത്തിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ മിക്കതും അർഥശൂന്യമാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ദ്വീപിലുള്ളവരും ഇന്ത്യക്കാരാണ് അവർക്ക് പരാതികൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും പരിഹരിക്കാനും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഒരു മടിയും ഉണ്ടാവില്ല. ദ്വീപ് നിവാസികളെ പരിഭ്രാന്തരാക്കി മതധ്രുവീകരണം ഉണ്ടാക്കാനുള്ള ചില ഗൂഢ ശക്തികളുടെ സംഘടിത നീക്കത്തെ ജാഗ്രതയോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്.
ലക്ഷദ്വീപ് ശത്രുക്കളുടെ കണ്ണിലെ കരടാണ്. സ്ട്രാറ്റജിക് ലൊക്കേഷനാണ് . അവിടെ അസ്വസ്ഥത ഉണ്ടാകേണ്ടത് ശത്രുവിൻ്റെ ആവശ്യമാണ്. അതു കൊണ്ട് തന്നെ പ്രതികരണങ്ങളിൽ അവധാനത കാണിക്കുക എന്നറിയിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:
ലക്ഷദ്വീപ് വിഷയത്തിൽ , ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ മിക്കതും അർത്ഥശൂന്യമാണ് . എന്നാൽ ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂർണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികൾ മുന്നോട്ട് പോവുക . ദീപിലുള്ളവരും നമ്മളെപ്പോലെ തന്നെ ഇന്ത്യാക്കാരാണ് .ദ്വീപ് നിവാസികൾക്ക് പരാതികൾ ഉണ്ടെങ്കിൽ തീർച്ചയായും അത് ചർച്ച ചെയ്യാനും കഴിയാവുന്നത്ര പരിഹരിക്കാനും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഒരു മടിയും ഉണ്ടാവില്ല .ഉറച്ച ശക്തമായ പുതിയ ഇന്ത്യയുടെ നിർമ്മാണത്തിന് ഉറച്ച , ശക്തമായ പുതിയ ലക്ഷദ്വീപും വേണം . ദ്വീപ് നിവാസികളെ പരിഭ്രാന്തരാക്കി മതധ്രുവീകരണം ഉണ്ടാക്കാനുള്ള ചില ഗൂഢ ശക്തികളുടെ സംഘടിത നീക്കത്തെ ജാഗ്രതയോടെ കാണണം.
advertisement
മലയാളികളുടെ അഭിമാനമായിരുന്ന പദ്മവിഭൂഷൺ വർഗീസ് കുര്യൻ രൂപം നൽകിയ അമുൽ എന്ന മഹത്തായ സഹകരണ സ്ഥാപനത്തെ പോലും ബഹിഷ്കരിക്കാൻ ചില ക്ഷുദ്ര ശക്തികൾ ആഹ്വാനം നൽകിയിരിക്കുകയാണ് . എത്ര നികൃഷ്ടമായ കള്ളപ്രചരണമാണ് ഇക്കൂട്ടർ നടത്തുന്നത് ? ബേപ്പൂരിനെ ഒഴിവാക്കി പകരം മംഗലാപുരം പോർട്ട് എന്ന നുണപ്രചരണത്തിനെതിരെ ലക്ഷദ്വീപ് എംപി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പണം അനുവദിക്കാൻ തയ്യാറായിട്ടും കേരളം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്ന വസ്തുത മറച്ചു വച്ചുകൊണ്ടാണ് ഈ കള്ള പ്രചരണം .
advertisement
നിയമ നിർമ്മാണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തേടുന്നുണ്ട്.അഭിപ്രായ വ്യത്യാസമുളള കാര്യങ്ങളിൽ തുറന്ന ചർച്ചയും സമവായവും സാധ്യവുമാണ്. എന്നിട്ടും ഇതിനെ മതധ്രുവീകരണത്തിനുള്ള സാധ്യതയായി കോൺഗ്രസും സിപിഎമ്മും ലീഗും ഉപയോഗിക്കുകയാണ് .
ഉദ്യോഗസ്ഥ ഭരണത്തേക്കാൾ എന്തുകൊണ്ടും ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരിക്കേണ്ടത്. അതു കൊണ്ട് ലക്ഷദ്വീപിൽ ഒരു രാഷ്ട്രീയക്കാരൻ ഭരണത്തലവനായി വരുന്നതിനെ എതിർക്കേണ്ടതില്ല. എന്തായാലും വിവാദം കൊണ്ട് ഗുണമുണ്ടായി . കേരളത്തിലെ സകല മതേതര,അമാനവ , പുരോഗമന , സാഹിത്യ സാംസ്കാരിക കൂട്ടരുടെയും ഇരട്ടത്താപ്പ് പുറത്തായി.
advertisement
അനാർക്കലി ഷൂട്ട് ചെയ്ത കാലത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെൽഫ് ഗോളടിച്ച പ്രിഥ്വിരാജ് വസ്തുതകൾ മനസ്സിലാക്കി പ്രതികരിച്ചിരുന്നെങ്കിൽ നന്നായേനെ.
ദയവു ചെയ്ത് ലക്ഷദ്വീപ് നിവാസികളെ അപരവൽക്കരിക്കുന്ന പ്രചരണങ്ങൾ ആരും നടത്തരുത് . ലക്ഷദ്വീപും ഇന്ത്യയാണ്. ലക്ഷദ്വീപ് നിവാസികളും ഇന്ത്യക്കാരാണ്. ലക്ഷദ്വീപും ആൻഡമാനും ഇന്ത്യയുടെ മുക്കാൻ കഴിയാത്ത വീമാനവാഹിനികളാണ് .ചൈന ശ്രീലങ്കയിലും ജിബൂട്ടിയിലും ഗ്വാദറിലും കയറി ഇരിക്കുന്നുണ്ട്. ലക്ഷദ്വീപ് ശത്രുക്കളുടെ കണ്ണിലെ കരടാണ്. സ്ട്രാറ്റജിക് ലൊക്കേഷനാണ് . അവിടെ അസ്വസ്ഥത ഉണ്ടാകേണ്ടത് ശത്രുവിൻ്റെ ആവശ്യമാണ് .അതു കൊണ്ട് പ്രതികരണങ്ങളിൽ അവധാനത കാണിക്കുക , എല്ലാവരും .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലക്ഷദ്വീപ് നിവാസികളെ അപരവൽക്കരിക്കുന്ന പ്രചരണങ്ങൾ ആരും നടത്തരുത്'; പ്രതികരിച്ച് സന്ദീപ് ജി വാര്യർ