പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്(K Surendran). പാലക്കാടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനമെന്ന് സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കിയിരിക്കുകയാണും എന്നും സുരേന്ദ്രന് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്ത് കൊണ്ട് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രന് ചോദിച്ചു.
'പാലക്കാട് ജില്ല മുഴുവനും പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ന് ആര് എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സ്ഥലം നേരത്തെ വര്‍ഗീയ സംഘര്‍ഷം ഉണ്ടായ സ്ഥലമാണ്. അവിടെ ഒരു പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്താനോ ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്താനോ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കേസിലും പ്രതിയല്ലാത്ത, നിരപരാധിയായ ആര് എസ് എസ് പ്രവര്‍ത്തകനാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്'' സുരേന്ദ്രന് പറഞ്ഞു.
അതേസമയം പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുന്‍ ആര്‍എസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ ജില്ലിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.