കോഴിക്കോട്: ഇടുക്കിയിൽ (Idukki) എസ്എഫ്ഐ (SFI) പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ഇതാണ് സെമി കേഡർ എങ്കിൽ കേരളത്തിന്‍റെ അവസ്ഥയെന്താകുമെന്ന് കോടിയേരി ചോദിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസാണ് അക്രമം നടത്തിയത്. കലാലയങ്ങൾ സംഘർഷഭൂമിയാക്കി തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് നടക്കുന്നത്.
സുധാകരൻ വന്നതിന് ശേഷം അക്രമ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രകോപനം സൃഷ്ടിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ 21 പേരാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇനിയെങ്കിലും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണം. ക്രമസമാധാനം തകർത്തു എന്ന് വരുത്താനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുകൾ അക്രമത്തിലൂടെ പിടിച്ചെടുക്കാം എന്ന് കരുതണ്ട. ആ ശ്രമം ഉപേക്ഷിക്കണമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയുടെ പൂർണരൂപംഇടുക്കി പൈനാവിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കുത്തികൊലപ്പെടുത്തിയതിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശക്തമായി പ്രതിഷേധിച്ചു. ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി വന്നശേഷം കോൺഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്.
Also Read-
Campus Murder | SFI പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി നിഖിൽ പൈലി പിടിയിലെന്ന് പൊലീസ്കഴിഞ്ഞ ആറ് വർഷത്തിനിടെ 21 സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരണം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം.
യാതൊരു പ്രകോപനവുമില്ലാതെയാണ് പുറത്തുനിന്ന് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിവീഴ്‌ത്തിയത്. ദൃക്‌സാക്ഷികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുപ്പമുള്ളയാളാണ് നിഖിൽ പൈലി. ഇത്തരം കൊലയാളികളെ പോറ്റി വളർത്തുന്നത് കോൺഗ്രസ് നേതാക്കളാണ്. ഒരു ഭാഗത്ത് സമാധാനത്തെകുറിച്ച് പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത് രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ അണികളെ കൊല കത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം.
സംസ്ഥാനത്ത് 589 സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് നാല് പേരെയാണ് കോൺഗ്രസ് കൊലപ്പെടുത്തിയത്. കായംകുളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സിയാദിനെയും വെഞ്ഞാറാമുട്ടിൽ തിരുവോണ തലേന്ന് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെയും ഇപ്പോഴിതാ ഇടുക്കിയിൽ ധീരജിനെയും കൊലപ്പെടുത്തി. കൊലക്കത്തി താഴെ വെക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ കോൺഗ്രസ് നൽകുന്നത്. കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. കൊലയാളികളെയും അവരെ തീറ്റിപോറ്റുന്നവരെയും ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.