ആലപ്പുഴ: എസ്ഡിപിഐ(SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍(Car) കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ സംശയാസ്പദമായ നിലയില്‍ കാര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്.
ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരില്‍ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു.
അതേസമയം ഇന്ന് വൈകിട്ട് ചേരാനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് മൂന്നിനാണ് സര്‍വകക്ഷി യോഗം നടക്കുക.ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സര്‍വകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. പിന്നാലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പിന്മാറ്റം. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിയതായി കളക്ടര്‍ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Political murder, Sdpi