കൊച്ചി: ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്ന് സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന പാതിരാ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
പല ഭാഗത്തും അനൈക്യം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കം നടക്കുന്നതിനാല്‍ കുര്‍ബാന നടന്ന മൗണ്ട് സെന്റ് തോമസിലും കര്‍ദിനാളിനും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി പതിനൊന്നരയോടെയായിരുന്നു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പാതിരാ കുര്‍ബാന ആരംഭിച്ചത്. ഏകീകൃത കുര്‍ബാന രീതിയാണ് ആസ്ഥാന പള്ളിയില്‍ മാര്‍ ആലഞ്ചേരി പിന്തുടര്ന്നത്.
Also Read-തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്; ആഘോഷത്തോടെ വരവേറ്റ് ലോകം
ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.
തിരുവനന്തപുരത്തെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.