പഴയിടം സദ്യമാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കും; നോൺവെജ് ചർച്ച ചെയ്യുന്നവർക്ക് 'ചെക്ക്'
- Published by:Rajesh V
- news18-malayalam
Last Updated:
പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെതിരെയാണ് പ്രമുഖർ അടക്കമുള്ളവര്‍ വിമർശനം ഉന്നയിച്ചത്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് കഴിക്കുന്ന സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയനായതിലെ രാഷ്ട്രീയമാണ് പലരും പലരീതിയിൽ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങൾ.
അതേസമയം, ഈ ചർച്ചയിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കലോത്സവ വേദിയിൽ സദ്യയാണെങ്കിൽ, സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപന്തലിൽ പലതവണ നോൺവെജ് ഭക്ഷണം പഴയിടത്തിന്റെ ടീം ഒരുക്കിയിട്ടുണ്ടെന്നും അത് കഴിച്ചിട്ടുള്ളവർക്ക് ആ രുചി അറിയാമെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.
advertisement
വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. വിവാദം അനാവശ്യമാണെന്നും ഗൂഢലക്ഷ്യങ്ങളോടെയാണെന്നുമാണ് ഇവർ വാദിക്കുന്നത്.
കലോത്സവ ഭക്ഷണ പന്തലിൽ ഭക്ഷണം വിളമ്പിത്തുടങ്ങിയാൽ പിന്നെ മണിക്കൂറുകളോളം അണമുറിയാത്ത പ്രവാഹമായിരിക്കും. ആയിരക്കണക്കിന് പേരാകും വരിനിന്ന് ഭക്ഷണം കഴിക്കാനെത്തുക. സദ്യയിലെ കറികൾ തീർന്നാൽ എളുപ്പത്തിൽ പകരം കറികൾ ഉണ്ടാക്കാം. എന്നാൽ നോൺവെജ് വിഭവങ്ങൾ തീർന്നാൽ പെട്ടെന്ന് അവ ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2023 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഴയിടം സദ്യമാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കും; നോൺവെജ് ചർച്ച ചെയ്യുന്നവർക്ക് 'ചെക്ക്'