പതിനാറാം തവണയും സ്കൂൾ കലോത്സവത്തിൽ ഊട്ടുപുരയൊരുക്കിയ പഴയിടത്തിന്റെ ജീവിതത്തിലെ രണ്ടാമൂഴം

Last Updated:

പാചകക്കാരനാകാൻ ആഗ്രഹിച്ച ഒരാളായിരുന്നില്ല പഴയിടം. യാദൃച്ഛികമായാണ് ഈ മേഖലയിലേക്കെത്തുന്നത്

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവ കലവറയിൽ രുചിവൈവിധ്യങ്ങൾ തീർക്കാനുള്ള അവസരം ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക്. ഇത് പതിനാറാം തവണയാണ് പഴയിടം യുവജനോത്സവ പാചകത്തിനെത്തുന്നത്. കോഴിക്കോട് മാത്രം ഇത് മൂന്നാം തവണയാണ്. അഞ്ച് ദിവസങ്ങളിലായി രണ്ടു ലക്ഷത്തോളം പേർ ഊട്ടുപുരയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ശാസ്ത്ര മേള, ഹയർ സെക്കന്ററി മേള, കേരളോത്സവം എന്നിങ്ങനെ അൻപതോളം മേളകൾക്ക് പാചകമൊരുക്കിയത് പഴയിടമാണ്.
എം ടി നൽകിയ രണ്ടാമൂഴം
പഴയിടത്തിന്റെ നാട് കോട്ടയം കുറിച്ചിത്താനമാണ്.  സ്കൂളിലും കോളജുകളിലും ആശുപത്രികളിലുമൊക്കെ ലാബുകളിലേക്ക് സാധനങ്ങൾ നൽകുന്ന കച്ചവടമായിരുന്നു അദ്ദേഹത്തിന്. അറിയാൻ പാടില്ലാത്ത കച്ചവടത്തിൽ തുടക്കം തന്നെ അപകടം പിണഞ്ഞു. 26ാം വയസിൽ ബിസിനസ് പൊളിഞ്ഞ് കടംകയറി, ആത്മഹത്യ എന്ന ചിന്തയിലേക്ക് വഴുതിവീണു. ഓരോ ദിവസവും എങ്ങനെ മരിക്കാമെന്നത് മാത്രമായിരുന്നു ആലോചന. ഒടുവിൽ ഇന്ന് മരിക്കണമെന്ന് ഉറപ്പിച്ച് വീടിന് സമീപത്തെ ജംഗ്ഷനിൽ നിന്ന് ബസിൽ കയറി. കുറവിലങ്ങാട് ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ കടയിൽ ഒരു മാസികയുടെ പുറംചട്ട ശ്രദ്ധയിൽപെട്ടു. എംടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ അറിയിപ്പായിരുന്നു അത്. എംടിയുടെ വലിയ അക്ഷരത്തിലുള്ള പേര് കണ്ട് പഴയിടം ബസിൽ നിന്ന് ചാടിയിറങ്ങി. അങ്ങനെ പഴയിടത്തിന് ജീവിതത്തിലേക്ക് ഒരു രണ്ടാമൂഴം തിരിച്ചുകൊടുത്തത് കടയിൽ തൂങ്ങിക്കിടന്ന ആ ‘എംടി’യായിരുന്നു. വായനയോട് ഉണ്ടായിരുന്ന കമ്പമായിരുന്നു ആത്മഹത്യ എന്ന ചിന്തയ്ക്ക് ഫുൾ‌സ്റ്റോപ്പിട്ടത്.
advertisement
1991ൽ തുടങ്ങിയ രുചി വൈവിധ്യം
നാടിന് രുചിയുള്ള ഭക്ഷണം നൽകണമെന്ന വലിയ കർമവുമായിട്ടായിരുന്നു രണ്ടാം ജന്മം കാത്തിരുന്നത്. ജില്ലാ സ്കൂൾ കലോ‍ത്സവങ്ങളിലൂടെയായിരുന്നു തുടക്കം. കോട്ടയം ജില്ലാ സ്കൂൾകലോത്സവത്തിലാണ് ആദ്യം പങ്കാളിയായത്. പിന്നീട് സംസ്ഥാന കലോത്സവങ്ങളടക്കം അമ്പതിലധികം കലോത്സവങ്ങൾക്കും രണ്ട് ദേശീയമീറ്റുകൾക്കും ഭക്ഷണമൊരുക്കിയിട്ടുണ്ട്. പാചകക്കാരനാകാൻ ആഗ്രഹിച്ച ഒരാളായിരുന്നില്ല പഴയിടം. യാദൃച്ഛികമായാണ് ഈ മേഖലയിലേക്കെത്തുന്നത്. കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇടയ്ക്ക് നാമജപമുണ്ടാകും. അപ്പോൾ ഭക്തർക്ക് ഭക്ഷണം തയാറാക്കാൻ ക്ഷേത്രത്തിലെ ശാന്തി നിർബന്ധിച്ചു. കറികളൊക്കെ ഉണ്ടാക്കിയപ്പോൾ നല്ല രുചിയെന്ന് നാട്ടുകാർ അഭിപ്രായം പറഞ്ഞു. അതായിരുന്നു പാചകത്തിലേക്കുള്ള തുടക്കം.
advertisement
ഇത്തവണ ചക്കരപ്പന്തൽ
പാൽപ്പായസം ഉണ്ടാക്കി വിളമ്പിയാണ് ഇത്തവണ കലവറ ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വീണാ ജോർജ്, വി ശിവൻ കുട്ടി, പി എ മുഹമ്മദ്‌ റിയാസ് എന്നിവർക്ക് പഴയിടം പായസം നൽകി. പുലർച്ചെ 3 മണിക്ക് കലവറ ഉണരും. സമാപന ദിവസമായ 7 വരെ പത്തുകൂട്ടം വിഭവങ്ങൾ ഉള്ള സദ്യ. ഇക്കുറി ചേന പായസവും കുമ്പളങ്ങ പായസവും ആണ് സ്പെഷ്യൽ. ജനുവരി മൂന്ന് മുതൽ എഴ് വരെ നടക്കുന്ന കലോത്സവത്തിൽ ഏകദേശം ഒന്നര ലക്ഷം ആളുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് സദ്യ വൈകുന്നേരം ചായയും പലഹാരവും രാത്രി അത്താഴവും ഉൾപ്പടെ 4 നേരമാണ് ഭക്ഷണം വിളമ്പുക. പഴയിടം കലവറ നയിക്കുന്ന പതിനേഴാമത്തെ കലോത്സവം ആണ് ഇത്തവണത്തേത്. ചക്കരപ്പന്തല്‍ എന്നാണ് ഊട്ടുപുരയ്ക്കിട്ടിരിക്കുന്ന പേര്‌. മലബാർ ക്രിസ്ത്യൻ കോളേജിലെ ഗ്രൗണ്ടിലാണ് ഭക്ഷണശാല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനാറാം തവണയും സ്കൂൾ കലോത്സവത്തിൽ ഊട്ടുപുരയൊരുക്കിയ പഴയിടത്തിന്റെ ജീവിതത്തിലെ രണ്ടാമൂഴം
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement