Chelakkara Bypolls: ചേലക്കര ചെങ്കോട്ട തന്നെ; യു.ആർ. പ്രദീപ് ജയിച്ചുകയറുന്നത് മന്ത്രിസഭയിലേക്ക് കൂടിയോ?
- Published by:Rajesh V
- news18-malayalam
Last Updated:
2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു ആർ പ്രദീപ് നേടിയത്
തൃശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.
12,201 വോട്ടിനാണ് യു ആർ പ്രദീപ് രണ്ടാംതവണ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകൾ രമ്യാ ഹരിദാസിന് ലഭിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 33,609 വോട്ട് നേടി. 9564 വോട്ടുകള്‍ ഇത്തവണ എൻഡിഎക്ക് അധികം ലഭിച്ചു. കോൺഗ്രസ് വോട്ടുകൾ 8611 വർധിച്ചു. എൽഡിഎഫിന് 2021നെ അപേക്ഷിച്ച് 18,488 വോട്ടുകൾ കുറഞ്ഞു.
advertisement
2016ലെ ഭൂരിപക്ഷം മറികടന്നുള്ള വിജയം
2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു ആർ പ്രദീപ് നേടിയത്. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ എ തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. എൻഡിഎയുടെ ഷാജുമോൻ 23,845 വോട്ടായിരുന്നു നേടിയത്. ചേലക്കരയിൽ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണൻ 81,885 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി സി സി ശ്രീകുമാർ 43,150 വോട്ട് മാത്രമാണ് നേടിയത്. എൻഡിഎയുടെ ഷാജുമോൻ വറ്റെക്കാട് 23,716 വോട്ടും നേടി.
advertisement
യു ആർ പ്രദീപ് മന്ത്രിയാകുമോ?
മന്ത്രിസഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ പ്രചാരണത്തിനിടെ ചേലക്കരയിൽ ചോദ്യമുന്നയിച്ചിരുന്നു. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടത്. ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇത് ചർച്ചയായിട്ടുണ്ടെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴൽനാടൻ ആരോപണമുന്നയിച്ചിരുന്നു. കെ രാധാകൃഷ്ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായെന്നും ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം.
advertisement
എന്നാൽ കെ രാധാകൃഷ്ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതാക്കിയെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിയിരുന്നു. എന്നാല്‍ മാത്യു കുഴൽനാടൻ ചോദ്യം രാഷ്ട്രീയ ആയുധമാക്കിയ ഇടതുപക്ഷം, ജയിച്ചാൽ പ്രദീപ് മന്ത്രിസഭയിലേക്കെത്തും എന്ന രീതിയിൽ തന്നെ പ്രചാരണം നടത്തി. മാത്യു കുഴൽനാടൻ ആരോപണം ഉന്നയിക്കുംമുൻപ് തന്നെ കുടുംബ യോഗങ്ങളിലും മറ്റും ഇടതു നേതാക്കൾ ഇക്കാര്യം പറഞ്ഞിരുന്നു. പ്രദീപിന്റെ വിജയത്തിനു ഇതും സഹായകമായി. പട്ടികവിഭാഗത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥ തുടരാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടാകില്ല. പ്രത്യേകിച്ച് 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ. മന്ത്രിസഭാ അഴിച്ചുപണിക്ക് എൽഡിഎഫ് തയാറാവുകയാണെങ്കിൽ യു ആർ പ്രദീപിനെ പരിഗണിച്ചേക്കും. നിയമസഭയിൽ രണ്ടാം തവണയെന്നുള്ളതും മികച്ച ജനപിന്തുണയും യു ആർ പ്രദീപിന് അനുകൂല ഘടകമാണ്.
advertisement
നിയമസഭാ സാമാജികനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനുമായിരുന്നു.
നിറംമങ്ങി അൻവറിന്റെ പാർട്ടി
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എംഎൽഎ പി വി അൻവറിനും ചേലക്കരയിലെ ഫലം തിരിച്ചടിയായി. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യുടെ സ്ഥാനാർത്ഥി എൻ കെ സുധീറിന് 3909 വോട്ടുകൾ മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പിൽ ശക്തിപ്രകടനം നടത്താമെന്ന അൻവറിന്റെ കണക്കുകൂട്ടലിനാണ് തിരിച്ചടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
November 23, 2024 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Chelakkara Bypolls: ചേലക്കര ചെങ്കോട്ട തന്നെ; യു.ആർ. പ്രദീപ് ജയിച്ചുകയറുന്നത് മന്ത്രിസഭയിലേക്ക് കൂടിയോ?